ADVERTISEMENT

ബീറ്റ് ബോക്സർ ആർദ്ര സാജനൊപ്പം ‘ബേങ്കി ബേങ്കി ബൂം...’ പാടി സയനോര. സംഗീത പ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ച ഈ കണ്ണൂർ ഗാനം ആർദ്രയുടെ ബീറ്റ് ബോക്സിങ്ങിനൊപ്പം പാടുന്നതിന്റെ വിഡിയോ സയനോര തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ബീറ്റ് ബോക്സിങ് വണ്ടർ ഗേളിനൊപ്പം ബേങ്കി ബൂം’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ദ്രജിത്ത് നായകനായെത്തുന്ന ‘ആഹാ’ എന്ന ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത് സയനോരയാണ്. ചിത്രത്തിലെ ഒരു പാട്ടിൽ ബീറ്റ് ബോക്സിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ റെക്കോർഡിങ്ങിനു വേണ്ടി സ്റ്റുഡിയോയിൽ എത്തിയപ്പോൾ അത്തരമൊരു വിഡിയോ ചെയ്തതാണെന്ന് സയനോര മനോരമ ഓൺലൈനിനോടു പറഞ്ഞു. വളരെ അവിചാരിതമായാണ് താൻ ആർദ്രയെ പരിചയപ്പെട്ടതെന്നും സയനോര പറയുന്നു.

 

സയനോരയുടെ വാക്കുകൾ: 

 

‘ആഹാ’ എന്ന സിനിമയുടെ വർക്കിലാണ് ഞാൻ ഇപ്പോൾ. ചിത്രത്തിൽ ഞാൻ പാടുന്ന ഒരു ഗാനത്തിന്റെ ആദ്യഭാഗത്താണ് ബീറ്റ് ബോക്സിങ് ഉൾപ്പെടുത്തുന്നത്. അതിന്റെ റെക്കോർഡിങ്ങിനു വേണ്ടി റിതു വൈശാഖിന്റെ തിരുവനന്തപുരത്തുള്ള സ്റ്റുഡിയോയിൽ എത്തിയതായിരുന്നു ആർദ്ര. റെക്കോർഡിങ്ങിനു മുൻപ് ബേങ്കി ബൂം പാട്ടിനൊപ്പം ഞങ്ങൾ വെറുതെ ചെയ്ത വിഡിയോ ആണ് അത്. ബേങ്കി ബൂമിനൊപ്പം ബീറ്റ് ബോക്സിങ് കൂടി ചേർന്നപ്പോൾ വളരെ വെറൈറ്റി ആയിട്ട് തോന്നി. ആ വിഡിയോയ്ക്ക് വളരെയധികം കമന്റുകളും ലഭിക്കുന്നുണ്ട്. ബേങ്കി ബൂം പാട്ടിന്റെ മറ്റൊരു പതിപ്പാണെന്ന് പലരും അഭിപ്രായപ്പെട്ടു. 

 

ദുബായിൽ ഒരു പുരസ്കാര വേദിയിൽ വച്ച് വളരെ അവിചാരിതമായാണ് ഞാൻ ആർദ്രയെ പരിചയപ്പെട്ടത്. വേദിയെ അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു അവളുടെ പ്രകടനം. അത്രയ്ക്ക് ടാലന്റഡ് ആണ് ആർദ്ര. അന്ന് ഞാൻ അവളുടെ ഫോണ്‍ നമ്പർ വാങ്ങി. പിന്നെ ഈ ചിത്രത്തിലെ പാട്ടിൽ ബീറ്റ് ബോക്സിങ്ങിന്റെ ആവശ്യം വന്നപ്പോൾ പെട്ടെന്ന് ആർദ്രയുടെ കാര്യം ഓർമ വന്നു. അങ്ങനെയാണ് എന്റെ പാട്ടിനു വേണ്ടി ഞാൻ അവളെ വിളിച്ചത്. ആര്‍ദ്രയ്ക്കൊപ്പം വളരെ നല്ല അനുഭവമാണ് എനിക്കു ലഭിച്ചത്. അവളുടെ പ്രകടനം കണ്ടാൽ ഒരു പെൺകുട്ടിയുടെ വായിൽ നിന്നും വരുന്ന ശബ്ദമാണ് അതെന്ന് ആർക്കും വിശ്വസിക്കാനാകില്ല. ആഹായുടെ വർക്കിനു ശേഷം ആർദ്രയ്ക്കൊപ്പം പാട്ടുകൾ ചെയ്യണമെന്ന് ഞാൻ ഇപ്പോൾ പ്ലാൻ ചെയ്യുന്നുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com