sections
MORE

ഗ്രാമികൾ വാരിക്കൂട്ടി അനിയത്തിക്കുട്ടിയും ചേട്ടനും

billie-and-finneas
SHARE

ലൊസാഞ്ചലസ് (യുഎസ്)∙ സ്വപ്നങ്ങളിലും വിരസതയിലും മുങ്ങിനിവർന്ന വെള്ളാരംകല്ലുപോലെയുള്ള കണ്ണുകൾ. വിഷാദം പൊഴിഞ്ഞുവീഴുന്ന, തെളിമയുള്ള മധുരശബ്ദം. തിളങ്ങുന്ന പച്ചനിറം പൂശിയ മുടിയിഴകൾ. ചാക്കുപോലുള്ള ഉടുപ്പ്. പാട്ടിന്റെ പുരസ്കാരമായ ഗ്രാമിയിൽ മികച്ച ആൽബം ജേതാവിന്റെ പേരു പ്രഖ്യാപിക്കുന്നതു കേൾക്കാൻ എല്ലാവരും കാതുകൂർപ്പിച്ചിരിക്കെ, ‘ഞാൻ ആകരുതേ’ എന്ന് ആ പെൺകുട്ടി മന്ത്രിച്ചുകൊണ്ടേയിരുന്നു. തൊട്ടുപിന്നാലെ, ബില്ലി ഐലിഷ് എന്ന പേരും കയ്യടിയും മുഴങ്ങിയപ്പോൾ അവൾ ‘നോ’ എന്ന് അലറിവിളിച്ചു. പിന്നെ അടുത്തുനിന്ന മൂത്തസഹോദരൻ ഫിനിയസ് ഒകോണലിന്റെ ചുമലിലേക്കു ചാഞ്ഞു; ഒരു വിധം വേദിയിലെത്തി.  

നിലാമഴ പോലെ പാട്ട് നിന്നു പെയ്യുന്ന വീട്ടിലെ ആ കുട്ടി – അമേരിക്കൻ ഗായിക ബില്ലി ഐലിഷ്– ഗ്രാമി ചരിത്രത്തിൽ മികച്ച ആൽബത്തിനുളള പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ.

 വീട്ടിലെ പാട്ട് 

‘വെൻ വി ഓൾ ഫോൾ അസ്ലീപ്, വേർ ഡു വി ഗോ’ എന്ന കന്നി ആൽബം ലൊസാഞ്ചലസിലെ വീട്ടിലെ കിടപ്പുമുറിയിൽ ചിത്രീകരിച്ചതാണ്. ഇതിൽ സഹകരിച്ച ചേട്ടൻ ഫിനിയാസിനാണു മികച്ച പ്രൊഡ്യൂസർക്കുള്ള ഗ്രാമി. മികച്ച ആൽബം കൂടാതെ മികച്ച പാട്ട്, റെക്കോർഡ്, പുതുമുഖം എന്നീ 4 മുൻനിര ഗ്രാമികളും ബില്ലിക്കാണ്. ഒരേ വർഷം ഇതു നാലും സ്വന്തമാക്കുന്ന രണ്ടാമത്തെയാളും ആദ്യത്തെ വനിതയും ഈ പെൺകുട്ടി തന്നെ.

അടുത്ത ജെയിംസ് ബോണ്ട് സിനിമയായ നോ ടൈം ടു ഡൈയുടെ തീം സോങ് എഴുതിയും അവതരിപ്പിക്കുന്നതും ബില്ലിയാണ്. 

  

മിഷേലിനും ഗ്രാമി

ഓർമക്കുറിപ്പുകളുടെ ഒഡിയോ പതിപ്പിന് യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമയ്ക്കു ഗ്രാമി. ബികമിങ് ഓഡിയോ രൂപത്തിനാണു ‘സ്പോക്കൺ വേ‍ർഡ് ആൽബം’ വിഭാഗത്തിൽ അംഗീകാരം. യുഎസ് മുൻ പ്രസിഡന്റായ ഭർത്താവ് ബറാക് ഒബാമയ്ക്ക് മുൻപു 2 തവണ ഗ്രാമി ലഭിച്ചിട്ടുണ്ട്. ലിൽ നാസ് എക്സും ബില്ലി റേ സൈറസും ചേർന്നൊരുക്കിയ മ്യൂസിക് വിഡിയോ ഓൾഡ് ടൗൺ റോഡ്, ബിയോൺസിന്റെ മ്യൂസിക് ഫിലിം ഹോം കമിങ്, ‘എ സ്റ്റാർ ഇസ് ബോൺ’ എന്ന ചിത്രത്തിലെ പ്രകടനത്തിനു ലേഡി ഗാഗ   എന്നിവരും ഗ്രാമി നേടി. 

മികച്ച ആൽബം

‘വെൻ വി ഓൾ ഫോൾ അസ്ലീപ്, വേർ ഡു വി ഗോ’  (ബില്ലി ഐലിഷ്)

മികച്ച പാട്ട് 

ബാഡ് ഗൈ 

(ബില്ലി ഐലിഷ്)

മികച്ച റെക്കോർഡ് 

ബാഡ് ഗൈ 

(ബില്ലി ഐലിഷ്)

മികച്ച പുതുമുഖം  

ബില്ലി ഐലിഷ്

മികച്ച പോപ് വോക്കൽ ആൽബം 

‘വെൻ വി ഓൾ ഫോൾ അസ്ലീപ്, 

വേർ ഡു വി ഗോ’  (ബില്ലി ഐലിഷ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA