ADVERTISEMENT

മലയാള ചലച്ചിത്ര മേഖലയിൽ ഹിറ്റുകളുടെ പേമാരി പെയ്യിച്ച സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ഓർമകളുണർത്തുന്ന വിഡിയോ പങ്കു വച്ച് എം.ജി.ശ്രീകുമാർ. വർഷങ്ങൾക്കു മുൻപ് എം.ജി.ശ്രീകുമാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആലാപനത്തെക്കുറിച്ചും രവീന്ദ്രൻ മാസ്റ്റർ പറഞ്ഞ വാക്കുകളാണ് ഗായകൻ ഫെയ്സ്ബുക്കിൽ പങ്കു വച്ചത്. ‘വിഷ്ണുലോകം’ എന്ന ചിത്രത്തിൽ രവീന്ദ്രൻ മാസ്റ്ററുടെ ഈണത്തിൽ പിറന്ന ‘മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ...’ എന്ന സൂപ്പർഹിറ്റ് ഗാനം എം.ജി.ശ്രീകുമാർ പാടുമ്പോഴുണ്ടായ അനുഭവങ്ങള്‍ രവീന്ദ്രൻ മാസ്റ്റർ അന്ന് ഓർത്തെടുത്തു. വിഡിയോ പങ്കു വച്ചുകൊണ്ട് ‘മൈ ഡിയർ രവി ചേട്ടൻ’ എന്ന്  എം.ജി.ശ്രീകുമാർ കുറിച്ചു. 

 

രവീന്ദ്രൻ മാസ്റ്ററുടെ വാക്കുകൾ ഇങ്ങനെ: 

 

‘എം.ജി.ശ്രീകുമാറിനെ ഞങ്ങൾ കുട്ടൻ എന്നാണ് വിളിക്കുന്നത്. ‘മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ’ എന്ന പാട്ട് ശ്രീക്കുട്ടൻ വളരെ നന്നായി നല്ല ഫീലോടു കൂടി  പാടി. ശ്രീക്കുട്ടന് ഒരു പ്രശ്നമുണ്ട്. ഏത് പാട്ടായാലും അത് എത്ര തവണ പാടിയാലും തൃപ്തിയാവില്ല. ചേട്ടാ ഒന്നും കൂടി പാടിക്കോട്ടെ  എന്ന് ആവർത്തിച്ചു ചോദിക്കും. അത് വളരെ നല്ല രീതി ആണ്. കാരണം പാട്ടിനോടുള്ള ആത്മാർഥത കൊണ്ടാണ് വീണ്ടും വീണ്ടും പാടി നോക്കാൻ തോന്നുന്നത്. വീണ്ടും പാടി അത് വീണ്ടും നന്നാക്കണം എന്ന രീതിയാണ് ശ്രീക്കുട്ടന്റേത്. ആ ഒരു ശീലം ഉള്ളതു കൊണ്ടാണ് ശ്രീക്കുട്ടൻ ഇപ്പോഴും സംഗീത മേഖലയിൽ മികച്ച ഗായകനായി തന്നെ നിലനിൽക്കുന്നത്. പാട്ട് നന്നാക്കാൻ വേണ്ടി എന്തും സഹിക്കാനും റിസ്കുകൾ ഏറ്റെടുക്കാനും തയ്യാറായിട്ടുള്ള ഒരു പാട്ടുകാരനാണ് ശ്രീക്കുട്ടൻ’. 

 

മലയാളികളുടെ മനസിനെ കോൾമയിർ കൊള്ളിക്കുന്ന അനവധി പാട്ടുകളാണ് രവീന്ദ്രൻ മാസ്റ്റർ–എം.ജി.ശ്രീകുമാർ കൂട്ടുകെട്ടിൽ പിറന്നത്. കണ്ടു ഞാൻ മിഴികളിൽ, സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ, കസ്തൂരി എന്റെ കസ്തൂരി, ദേവസഭാതലം തുടങ്ങിയവ അവയിൽ ചിലതു മാത്രം. വർഷങ്ങൾ കടന്നു പോയാലും രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിന് മരണമില്ല എന്ന് കാലം തെളിയിച്ചു. പകരക്കാരനില്ലാത്ത ആ സംഗീതജ്ഞനെ 2005 മാർച്ച് 3–ന് അപ്രതീക്ഷിതമായി മരണം കൂട്ടിക്കൊണ്ടു പോയപ്പോൾ സംഗീതലോകത്തുണ്ടായ ശൂന്യത ഇപ്പോഴും നികത്താനായിട്ടില്ല. പകർന്നു തന്ന ഈണങ്ങളിലൂടെ ഓരോ സംഗീതാസ്വാദകന്റെയും മനസിൽ ജീവിക്കുന്ന രവീന്ദ്രൻ മാസ്റ്ററുടെ ഓർമകൾ പങ്കുവച്ചതിന് എം.ജി.ശ്രീകുമാറിനോട് നന്ദി പറയുകയാണ് ആരാധകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com