ADVERTISEMENT

'ഞാനാണ് പൃഥ്വിരാജ്... ഇത് ബിജു മേനോൻ... ഞങ്ങളുടെ സിനിമയ്ക്കു വേണ്ടിയാണ് അമ്മ ആ പാട്ടു പാടിയത്'– അയ്യപ്പനും കോശിയും എന്ന സിനിമയിലെ പാട്ടിലൂടെ ശ്രദ്ധേയയായ നഞ്ചിയമ്മയെ കാണാനെത്തിയ പൃഥ്വിരാജ് സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. സൂപ്പർതാരങ്ങളെ നേരിൽ കണ്ടപ്പോൾ അമ്പരന്നു പോയ നഞ്ചിയമ്മയെ പൃഥ്വിരാജും ബിജു മേനോനും സ്നേഹപൂർവം ആലിംഗനം ചെയ്തു.

 

അമ്പരപ്പിന്റെ ആദ്യനിമിഷങ്ങൾക്കു ശേഷം നഞ്ചിയമ്മയുടെ നിഷ്കളങ്കമായ മറുപടി എത്തി– 'ഇപ്പോൾ എനിക്ക് അറിയും. ഇതിനു മുൻപ് അറിയില്ലായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.' താരങ്ങൾ നഞ്ചിയമ്മയെ കാണാനെത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. 

 

നഞ്ചിയമ്മയുടെ 'കലക്കാത്ത' എന്നു തുടങ്ങുന്ന പാട്ട് ചിത്രത്തിന്റെ റിലീസിനു മുൻപെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പാട്ടിന്റെ അവസാനം ചിത്രത്തിലെ നായകന്മാരായ പൃഥ്വിരാജിനെയും ബിജു മേനോനെയും അറിയുമോ എന്നുള്ള ചോദ്യത്തിന്, നിഷ്കളങ്കമായി 'അറിയില്ല' എന്നായിരുന്നു നഞ്ചിയമ്മയുടെ മറുപടി. പാട്ടിനൊപ്പം നഞ്ചിയമ്മയുടെ ഈ മറുപടിയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. അതിനു പിന്നാലെയാണ് ഗായികയെ കാണാൻ താരങ്ങളെത്തിയത്. 

 

അയ്യപ്പനും കോശിയും എന്ന സിനിമയുടെ ആത്മാവ് നഞ്ചിയമ്മയുടെ പാട്ടാണെന്ന് പൃഥ്വിരാജ് പറഞ്ഞു. നഞ്ചിയമ്മ എഴുതി ഈണമിട്ട രണ്ടു പാട്ടുകളാണ് സിനിമയിലുള്ളത്. നഞ്ചിയമ്മയുടെ 'ദൈവമകളെ' എന്ന പാട്ടു കേട്ട് സംവിധായകൻ സച്ചിയുടെ കണ്ണു നിറഞ്ഞ സംഭവം ബിജു മേനോൻ പൃഥ്വിരാജുമായി പങ്കു വച്ചു. 'ആ പാട്ടു പാടിയാൽ എനിക്കേ കരച്ചിൽ വരും,' എന്നായി നഞ്ചിയമ്മ. ആ പാട്ട് താരങ്ങൾക്കായി നഞ്ചിയമ്മ പാടുകയും ചെയ്തു. ചിത്രത്തിൽ ബിജു മേനോന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ അമ്മയുടെ റോളിൽ നഞ്ചിയമ്മ അഭിനയിച്ചിട്ടുമുണ്ട്. ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു നഞ്ചിയമ്മയുടെതെന്ന് ബിജു മേനോൻ പറഞ്ഞു. 

 

സിനിമയ്ക്കു വേണ്ടി സ്വന്തം പാട്ടുകൾ നൽകിയ നഞ്ചിയമ്മയോടുള്ള സ്നേഹവും നന്ദിയും താരങ്ങൾ പങ്കുവച്ചു. നഞ്ചിയമ്മയുടെ പാട്ടും അട്ടപ്പാടിയുടെ സംഗീതവും ലോകം മുഴുവൻ അറിയട്ടെ എന്നു സ്നേഹപൂർവം ആശംസിച്ചുകൊണ്ടാണ് താരങ്ങൾ യാത്ര പറഞ്ഞത്. 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com