ഇങ്ങനെ പാടുന്നവരെ നിങ്ങൾ കണ്ടിരിക്കില്ല; 'ഇത് ഡബ്സ്മാഷിന്റെ ഹെഡ്മാഷ്'

dubsmash-viral
SHARE

ഗാനങ്ങൾക്ക് ഡബ്സ്മാഷ് ചെയ്യുക എന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഗാനമേളയ്ക്കായാലോ? കേൾക്കുന്നവർക്ക് അൽപം അമ്പരപ്പ് തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. ഒരു ഗാനമേള നടക്കുന്നതിനിടയിൽ ലൈവായി ചെയ്ത ഡബ്സ്മാഷ് വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗാനമേളയുടെ ആസ്വാദകരായെത്തിയവരാണ് വേദിയിൽ പാടുന്നവരെ അനുകരിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സ്ഥലം ഏതാണെന്നോ ആഘോഷത്തിന്റെ പശ്ചാത്തലം എന്താണെന്നോ വ്യക്തമല്ല. കഴിഞ്ഞ നവംബറിലാണ് വിഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടത്. 

ക്ഷണക്കത്ത് എന്ന ചിത്രത്തിലെ ‘ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ...’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് വേദിയിൽ പാടുന്നത്.  ഗാനമേളസംഘാംഗങ്ങൾ പാടുമ്പോൾ കാണികൾക്കിടയിൽ നിൽക്കുന്ന രണ്ടുപേർ അവരെ അനുകരിക്കുകയായിരുന്നു. അസാധ്യമായ ഭാവപ്രകടനങ്ങളോടെയാണ് ഇരുവരുടെയും അവതരണം. ചുണ്ടുകൾ ചലിപ്പിക്കുന്നതു പോലും കിറുകൃത്യമായി. മൈക്കിനു പകരം കയ്യിൽ കിട്ടിയ കമ്പ് പിടിച്ചാണ് രസകരമായ ഈ പ്രകടനം. ഇടയ്ക്ക് മൈക്ക് ആയി ഉപയോഗിക്കുന്ന കമ്പ് ഓടക്കുഴലാകും. ‘ഡബ്ബ് മാഷ് ഡബ്ബ് മാഷ് എന്നൊക്കെ കേട്ട്ക്ക്! അയിന്റെ ഹെഡ്മാഷെ വേണേ കണ്ടോളീ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കപ്പെടുന്നത്. 

ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ വളരെ ആസ്വദിച്ചാണ് ഇരുവരുടെയും പ്രകടനം. യുവാക്കളുടെ അസാധാരണമായ പ്രകടനം കണ്ട് ഗാനമേള കാണാനെത്തിയ പലരുടെയും ശ്രദ്ധ അവരിലേക്കു തിരിഞ്ഞു. മണിക്കൂറുകൾക്കകം വൈറലായ വിഡിയോയിലെ യുവാക്കൾ ആരാണെന്ന് അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം. ഒരുപക്ഷേ, വേദിയിൽ പാടിയവർ പോലും ഈ പാട്ട് ഇത്രയധികം ആസ്വദിച്ചിട്ടുണ്ടാകില്ലെന്നാണ് ആസ്വാദകരുടെ കമന്റ്. ഗാനമേളയിൽ ആ പാട്ട് പാടിയ ഗായകരുടെ ആലാപനത്തെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തി. വളരെ മികച്ച രീതിയിലാണ് ഗായകർ ആ പാട്ട് അവതരിപ്പിച്ചിരിക്കുന്നതെന്നും ആസ്വാദകർ അഭിപ്രായപ്പെട്ടു. 

1990-ൽ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രത്തിൽ ശരത് ഈണം പകർന്ന ഗാനമാണ് ‘ആകാശ ദീപമെന്നും ഉണരുമിടമായോ'. കെ.ജെ.യേശുദാസും കെ.എസ് ചിത്രയും ചേർന്ന് ആലപിച്ച ഈ ഗാനം ദശാബ്ദങ്ങൾക്കിപ്പുറവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് വരികൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA