പ്രണയവഴിയിലെ ഗായകർ....

singers-still
SHARE

സംഗീതമില്ലാത്ത പ്രണയവഴികളുണ്ടാവില്ല. ഒരു കാഴ്ചയിൽ.... ഒരു ഹൃദയമിടിപ്പിൽ... പ്രണയം തോന്നിത്തുടങ്ങുമ്പോൾ സ്വയമറിയാതെ ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവരായി ആരുമുണ്ടാകില്ല. ഉള്ളിൽ കിനിയുന്ന പ്രണയത്തെ അതിലും മനോഹരമായി അടയാളപ്പെടുത്താൻ സംഗീതമല്ലാതെ മറ്റേതു ജാലവിദ്യയാണുള്ളത്?! അതുകൊണ്ടാവണം, അത്രമേൽ പ്രണയഗാനങ്ങളുണ്ടായത്. പ്രണയത്തിന്റെ കാത്തിരിപ്പും വിരഹവും പുഞ്ചിരിയും പരിഭവവും കൈമാറുന്ന എത്രയെത്ര അനശ്വര ഗാനങ്ങൾ... മലയാളത്തിൽ അതിമനോഹരമായ പ്രണയഗാനങ്ങൾക്കു ശബ്ദം നൽകിയ യുവഗായകർ അവരുടെ അനുഭവങ്ങൾ ഈ വാലന്റൈൻ ദിനത്തിൽ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

മഞ്ജരി

പ്രണയഗാനങ്ങൾ പാടിക്കൊണ്ടാണ് ഞാൻ സംഗീത ജീവിതം ആരംഭിച്ചത്. പിന്നീട് ഒരുപാട് പ്രണയ ഗാനങ്ങൾ പാടാനുള്ള അവസരം ലഭിച്ചു. അത് വളരെ വലിയ ഭാഗ്യമാണെന്നു ഞാൻ വിചാരിക്കുന്നു. കാരണം പ്രണയമെന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വികാരമാണ്. അതില്ലാത്തവരായി ആരുമുണ്ടാവില്ല. പ്രായഭേദമില്ലാതെ എല്ലാവരുടെയും ഉള്ളിലുള്ള വികാരമാണ് പ്രണയം. ഏതു പ്രണയ ഗാനവും പ്രണയമുള്ള ഏതൊരാളെയും പ്രതിനിധീകരിക്കുന്നതായി തോന്നും. അതു കേൾക്കുന്നവർക്കൊരു പ്രണയമുണ്ടെങ്കിൽ, അത് ഗായകരുടെ ശബ്ദത്തിലൂടെ പകർത്തപ്പെടുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. വലന്റൈന്‍സ് ഡേ പ്രണയ ദിനമായി ആഘോഷിക്കുന്നുണ്ടെങ്കിലും പ്രണയം ഒരു ദിനത്തിലേക്കു മാത്രം ഒതുങ്ങുന്നതല്ല. എക്കാലവും പ്രണയം നിലനില്‍ക്കട്ടെയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് പ്രണയ ഗാനങ്ങൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്. വിരഹഗാനമാണെങ്കിലും അതിലും ഒരു പ്രണയമുണ്ട്. വിരഹത്തെക്കുറിച്ച് പാടുമ്പോഴും അതിൽ ഒരു പ്രണയമുണ്ട്. അത് പാടുന്നതിലൂടെ നാം വീണ്ടും ആ പ്രണയത്തെക്കുറിച്ച് ഓർക്കുകയാണ്. പ്രണയവും സംഗീതവും എക്കാലവും നിലനിൽക്കട്ടെ. 

രഞ്ജിനി ജോസ്

പ്രണയ ഗാനങ്ങൾ പാടുമ്പോൾ തീർച്ചയായും മനസ്സിൽ പ്രണയം ഉണ്ടായിരിക്കണം. ഒരു കമിതാവിനെ മുന്നിൽക്കണ്ടായിരിക്കും പ്രണയ ഗാനങ്ങൾ എഴുതിയിട്ടുണ്ടാവുക. ഇപ്പോഴത്തെ പാട്ടുകളിൽ വളരെയധികം പ്രണയമുള്ളതായി തോന്നിയിട്ടുണ്ട്. അതു കമിതാക്കൾ തമ്മിലാകണമെന്നില്ല. അവരവരോടുള്ള പ്രണയമാകാം, അല്ലെങ്കിൽ‌ കലകളോടാകാം. അത്തരത്തിൽ പ്രണയത്തിന് വ്യത്യസ്ത തലങ്ങളുണ്ട്. അതുകൊണ്ട് ചെറിയ ഒരു മാനദണ്ഡത്തിലൊതുക്കി നിർത്താൻ സാധിക്കാത്ത ഒരു വികാരമാണ് പ്രണയം. ഞാൻ സംഗീത പരിപാടികളിൽ ഏറ്റവും കൂടുതൽ പാടാറുള്ളത് മെലഡി ഗാനങ്ങളാണ്. ഇടക്കാലത്തുള്ള പ്രണയ ഗാനങ്ങളാണ് എനിക്ക് കൂടുതൽ ഇഷ്ടം. എനിക്ക് പ്രിയപ്പെട്ട ഒരുപാട് സംഗീതജ്ഞരുണ്ട്. ഇളയരാജ സാറിന്റെയും എ.ആർ.റഹ്മാൻ സാറിന്റെയും ബാബുരാജ് മാസ്റ്ററിന്റെയും സലീൽ ചൗധരിയുടെയും പ്രണയ ഗാനങ്ങളാണ് എനിക്ക് കൂടുതൽ ഇഷ്ടം.

നജീം അർഷാദ്

പ്രണയ ഗാനങ്ങളില്ലെങ്കിൽ ഞാനില്ല എന്നു പറയാം. ഞാൻ ഇതവരെ പാടിയതിൽ ഭൂരിഭാഗവും പ്രണയഗാനങ്ങളാണ്. അതുകൊണ്ടുതന്നെ അത്തരം പാട്ടുകൾ പാടാനും എനിക്ക് വളരെയധികം താത്പര്യമാണ്. അവ പാടുമ്പോൾ ഒരു പ്രത്യേക വികാരം ഉള്ളിൽനിന്നു വരും. പിന്നെ, എന്റെ ശബ്ദം ഇത്തരം പാട്ടുകൾ പാടാൻ യോജിച്ചതാണെന്ന് തോന്നാറുണ്ട്. ഫാസ്റ്റ് നമ്പറുകൾ പാടുന്നതിനേക്കാൾ ഫീല്‍ കൊടുത്തു വേണം പ്രണയ ഗാനങ്ങൾ പാടാൻ. ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഇത്തരം പാട്ടുകളിലാണ്. ഓരോ സംഗീത സംവിധായകർക്കും ഓരോ ശൈലിയാണ്. അപ്പോൾ അവരുടെ ആവശ്യത്തിനനുസരിച്ച് പാടും. എനിക്ക് പ്രണയ ഗാനങ്ങൾ പാടാനും കേൾക്കാനും ഇഷ്ടമാണ്.

സയനോര

വിരഹ ഗാനങ്ങളും പ്രണയ ഗാനങ്ങളും പാടിയിട്ടുണ്ട്. ശ്രോതാവ് എന്ന നിലയിൽ എനിക്ക് പ്രണയ ഗാനങ്ങൾ കേൾക്കാൻ ഇഷ്ടമാണ്. അത്തരം പാട്ടുകൾക്ക് എന്റെ ജീവിതവുമായി ബന്ധവുമുണ്ട്. ഇത്തരം പാട്ടുകൾ മനസ്സിൽ ഒരാളെ ഓർത്തു പാടിയാൽ ആ വികാരം ഉൾക്കൊള്ളാൻ സാധിക്കും. ഞാൻ അങ്ങനെയാണ് പാടാറുള്ളത്. ഏതൊരു കലാകാരനും പ്രണയം എന്ന വികാരത്തിലൂടെ സഞ്ചരിച്ചാൽ‌ മാത്രമേ അത് ഉൾക്കൊണ്ടു പാടാൻ സാധിക്കൂ. എല്ലാവർക്കും അത്തരമൊരു അനുഭവമുള്ളത് നല്ലതാണെന്ന് എനിക്കു തോന്നുന്നു. ഇലക്ട്ര എന്ന ചിത്രത്തിൽ ഞാൻ വളരെ ദുഃഖകരമായ ഒരു പാട്ട് പാടിയിട്ടുണ്ട്. ശ്യാമപ്രസാദ് സാർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഞാൻ അത് പാടുന്ന സമയത്ത് അദ്ദേഹം എന്നോട്, എനിക്ക് ഏറ്റവും കൂടുതൽ സങ്കടം തോന്നിയ ഒരു സാഹചര്യം സങ്കൽപ്പിച്ച് ആ വികാരം ഉൾക്കൊണ്ട് പാടാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ ഞാൻ എന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയ ശേഷമാണ് ആ പാട്ട് പാടിയത്. അപ്പോൾ ആ വികാരം അതിൽ പ്രതിഫലിച്ചു. ഓരോ പാട്ടും എന്റെ ജീവിതവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന് ഞാൻ ചിന്തിക്കും. അതനുസരിച്ചാണ് പാടുന്നത്. 

നിത്യ മാമ്മൻ

പൊതുവേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭാഗമാണ് പ്രണയ ഗാനങ്ങൾ. മലയാളത്തിലെ ഭൂരിഭാഗം ഗാനങ്ങളിലും പ്രണയമുണ്ട്. ഞാൻ ചലച്ചിത്ര സംഗീത രംഗത്തേയ്ക്കു കടന്നു വന്നതു തന്നെ കഴിഞ്ഞ വർഷം എടക്കാട് ബെറ്റാലിയൻ 06 എന്ന ചിത്രത്തിലെ പ്രണയ ഗാനം പാടിക്കൊണ്ടാണ്. അതിന്റെ ഈണവും വരികളും അതിമനോഹരമായിരുന്നു. രണ്ടാമത്തെ പാട്ടും ഒരു മെലഡി ആയിരുന്നു. അതിൽ പ്രണയം മാത്രമായിരുന്നില്ല ഉൾപ്പെടുത്തിയത്. ചലച്ചിത്ര മേഖലയിലേക്കെത്തുന്നതിനു മുൻപ് ഞാൻ കവർ ഗാനങ്ങളും ആൽബങ്ങളും ചെയ്തിട്ടുണ്ട്. അതിൽ മലയാളം മാത്രമല്ല ഹിന്ദി ഗാനങ്ങളും ഉൾപ്പെടുന്നു. അവയിലും പ്രണയം എന്ന വികാരമായിരുന്നു കൂടുതൽ. പ്രണയം എല്ലാവരുടെയും മനസ്സിലുള്ള വികാരം ആയതിനാൽ അത്തരം പാട്ടുകൾ പാടുമ്പോഴും മനസ്സിൽ പ്രണയം ഉണ്ടായിരിക്കണം. പ്രണയം മനസ്സിൽ ഉൾക്കൊണ്ട് പാടുമ്പോൾ ആ വികാരം ആലാപനത്തിൽ കൊണ്ടുവരാൻ സാധിക്കും. 

രാജലക്ഷ്മി

പ്രണയ ഗാനം പാടുമ്പോൾ ഞാൻ യഥാർഥത്തിൽ കണ്ണടച്ച് ആ കഥാപാത്രമായി മാറും. പിന്നെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറില്ല. ആ കഥാപാത്രമായി മാറിയെങ്കിൽ മാത്രമേ ആ ഫീൽ ഉൾക്കൊണ്ട് പാടാൻ സാധിക്കൂ. പല തരം പ്രണയ ഗാനങ്ങളുണ്ട്. അതിൽ ചിലപ്പോൾ വിരഹമായിരിക്കാം. ആ വികാരം പാട്ടിൽ കൊണ്ടു വരണമെങ്കിൽ ആ കഥാപാത്രമായി സ്വയം മാറണം. സിനിമയിലാണെങ്കിലും സ്റ്റേജ് പരിപാടിയിലാണെങ്കിലും പാട്ടു പാടുന്ന ആ കുറച്ചു സമയത്തേക്ക് ഞാൻ ആ കഥാപാത്രമായി മാറും. എന്റെ പാട്ടിൽ ആ വികാരം കൊണ്ടുവരണമെങ്കിൽ അങ്ങനെ ചിന്തിച്ചേ മതിയാകൂ. അത്തരം പാട്ടുകൾ പാടുമ്പോൾ കുറച്ചു നേരത്തേക്കെങ്കിലും പ്രണയിക്കാമല്ലോ എന്ന് ഞാൻ തമാശ പറയാറുണ്ട്. അങ്ങനെ ചിന്തിച്ചു പാടുമ്പോൾ അതിന്റേതായ നല്ല റിസൽട്ടും എനിക്കു ലഭിക്കാറുണ്ട്. 

ഒറ്റ വാക്കിൽ പറഞ്ഞാൽ പ്രണയ ഗാനങ്ങള്‍ പാടണമെങ്കിൽ പ്രണയിക്കുക തന്നെ വേണം. സീനിയർ ഗായകരും പ്രണയ ഗാനങ്ങൾ പാടിയതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. പ്രണയിച്ചാൽ മാത്രമേ അത്തരമൊരു ഫീൽ കൊടുത്ത് പാടാൻ സാധിക്കൂ എന്നാണ് അവർ പറയാറുള്ളത്. അവർ ചെയ്ത അതേ കാര്യം തന്നെയാണ് ഞങ്ങളും പിന്തുടരുന്നത്. പ്രണയ ഗാനങ്ങൾ എവിടെ എപ്പോൾ പാടിയാലും ആസ്വാദകരിൽ നിന്നു വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. അത്തരം പാട്ടുകൾ പാടാൻ മാത്രമല്ല കേൾക്കാനും വളരെ ഇഷ്ടമാണ്. ഒരു പക്ഷേ എല്ലാ ഗായകർക്കും അങ്ങനെ ആയിരിക്കാം. ഇഷ്ടപ്പെട്ട ഗാനങ്ങൾ ഏതാണെന്നു പറയുക ശ്രമകരമാണ്. എങ്കിലും ചില പാട്ടുകൾ ആവർത്തിച്ചു കേൾക്കാറുണ്ട്. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ, ഏതോ ജൻമ കൽപനയിൽ, വാസന്ത പ‍‍ഞ്ചമി നാളിൽ, രാജീവ നയനേ നീയുറങ്ങൂ, ഇലഞ്ഞിപ്പൂ മണം ഒഴുകിവരുന്നു, എത്രയോ ജന്മമായ്, ശരദിന്ദു മലർ ദീപനാളം എന്നിവ അതിൽ ചിലതുമാത്രം.

സിത്താര കൃഷ്ണകുമാർ

എല്ലാ പാട്ടുകളെയും ഒരേ രീതിയിൽ ആണ് ഞാൻ സമീപിക്കാറുള്ളത്. പ്രണയ ഗാനങ്ങൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്. നമ്മുടെ വികാരങ്ങളെ പാട്ടുമായി ബന്ധിപ്പിക്കുക എന്നത് വളരെ അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. ചില പാട്ടുകൾ പാടുമ്പോൾ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതായി തോന്നിയേക്കാം. പക്ഷേ പാടുന്ന സമയത്ത് അത്തരമൊരു ബന്ധം തോന്നുക എന്നത് വളരെ അപൂർവമാണ്. പിന്നെ എല്ലാ ഗായകർക്കും പാടുന്നതിന്റെ ഓരോ ശൈലിയുണ്ടാകും. ചില പാട്ടുകൾക്ക് നമ്മുടെ ജീവിതതവുമായി ബന്ധമുണ്ടാകും. അപ്പോൾ ആ ഒരു ഫീൽ ഉൾക്കൊണ്ട് പാടും. അതൊക്കെ പക്ഷേ വളരെ അപൂർവമായി മാത്രമേ സംഭവിക്കൂ.

സംഗീത ശ്രീകാന്ത്

ഞാൻ പാടിയതിൽ ഭൂരിഭാഗവും പ്രണയ ഗാനങ്ങളാണ്. അത്തരം പാട്ടുകൾക്ക് ചേരുന്ന ഒരു ശബ്ദമാണ് എന്റേതെന്ന് എനിക്കു തോന്നാറുണ്ട്. കൂടുതൽ അവസരങ്ങൾ ലഭിച്ചതും അത്തരം പാട്ടുകൾ പാടാനാണ്. പ്രണയ ഗാനങ്ങൾ പാടാനും കേൾക്കാനും ഒരുപോലെ ഇഷ്ടമാണ്. എല്ലാവരും പ്രണയമെന്ന വികാരം മനസ്സിൽ കൊണ്ടു നടക്കുന്നവരാണല്ലോ. അപ്പോൾ സ്വഭാവികമായും ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിക്കുന്നതും പ്രണയ ഗാനങ്ങൾ തന്നെയാണ്. ഞാൻ പാടുന്ന പാട്ടുകളിൽ എന്റെ ജീവിതവുമായി പലപ്പോഴും ബന്ധം തോന്നാറുണ്ട്. പ്രണയ ഗാനങ്ങൾ എന്ന വിഭാഗം വളരെ ജനകീയമാണ്. കാരണം, ഏത് പ്രായത്തിലുള്ള ആളുകൾക്കും അത്തരം പാട്ടുകൾ ആസ്വദിക്കാൻ സാധിക്കും. മറ്റു വിഭാഗത്തിലുൾപ്പെട്ട പാട്ടുകൾ ചിലപ്പോൾ ചില പ്രായത്തിൽ ഉള്ളവർ മാത്രമേ ആസ്വദിക്കൂ. ദുഃഖ ഗാനങ്ങൾ ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രമേ കേൾക്കാൻ തോന്നുകയുള്ളു എന്നാൽ പ്രണയ ഗാനങ്ങൾ അങ്ങനെയല്ല. അവ നിത്യഹരിതമാണ്. അറുപത് വയസ്സുള്ള ആളുകളുടെ മനസിലും പ്രണയമുണ്ട്. അവർക്കും പ്രിയപ്പെട്ട ഒരുപാട് പ്രണയ ഗാനങ്ങളുണ്ടായിരിക്കും. 

സൗമ്യ രാമകൃഷ്ണൻ

പ്രണയ ഗാനങ്ങൾ ഒരുപാട് പാടിയിട്ടുണ്ട്. പാടാൻ ചെല്ലുമ്പോൾ അവർ ഈണം പറഞ്ഞു തരും. അത് കേട്ട് പാടും. അല്ലാതെ അധികം ഭാവം കൊടുത്ത് പാടേണ്ടി വന്നിട്ടില്ല. ഈണം നന്നായി പഠിപ്പിച്ച ശേഷം വരികൾ ഉൾക്കൊണ്ട് പാടും. സിനിമയിൽ പാട്ട് ഉൾപ്പെടുത്തുന്ന സാഹചര്യം ഏതാണെന്നു പോലും ചിലപ്പോൾ മനസ്സിലാവില്ല. വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ‘മഴ നിലാക്കുളിരുമായ്’ എന്ന ഗാനം ഞാൻ പാടിയപ്പോൾ ഗാനരംഗത്തിൽ ദുൽഖർ സൽമാനും നമിത പ്രമോദും ആണെന്നു പോലും എനിക്കറിയില്ലായിരുന്നു. ആദ്യം നജീം ആണ് പാടിയത്. അതിനു ശേഷമാണ് ഞാൻ എന്റെ ഭാഗം പാടിയത്. വരികൾ പഠിച്ച് ഈണം മനസ്സിലാക്കി പാടണം. പാടിക്കൊണ്ടിരിക്കുമ്പോൾ അതിന്റേതായ ഒരു ഭാവം കൊണ്ടുവരേണ്ടിവരും. എനിക്ക് എല്ലാത്തരം പാട്ടുകളും കേൾ‌ക്കാൻ ഇഷ്ടമാണ്. 

അനൂപ് ശങ്കർ

ഒരുപാട് പ്രണയ ഗാനങ്ങൾ പാടാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഓരോ സംഗീത സംവിധായകർക്കും ഓരോ ശൈലിയുണ്ട്. അവരുടെയൊക്കെ പാട്ടുകൾ പാടുമ്പോൾ വ്യത്യസ്തമായ അനുഭവങ്ങളാണ് ലഭിക്കുക. ഔസേപ്പച്ചൻ സാറിന്റെ പാട്ടുകളിൽ അദ്ദേഹം പ്രണയം എന്ന വികാരം വളരെയധികം ഉൾക്കൊള്ളിക്കാറുണ്ട്. അത് ഉൾക്കാണ്ടു വേണം പാടാൻ. ഇപ്പോഴത്തെ തലമുറയിലെ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോള്‍ മറ്റൊരു അനുഭവമാണ്. പാടുമ്പോൾ മനസ്സിൽ ഒരു സങ്കൽപം ഉണ്ടാകും. അത് പാട്ടിൽ പ്രതിഫലിക്കും. മറ്റൊരാളുടെ പ്രണയത്തെ നമ്മൾ പാടി മനോഹരമാക്കുന്നു എന്നറിയുമ്പോൾ വളരെയധികം സന്തോഷം തോന്നാറുണ്ട്. പ്രണയ ഗാനങ്ങൾ കേൾക്കാനും ഒരുപാട് ഇഷ്ടമാണ്. സംഗീത പരിപാടികളിലൊക്കെ കൂടുതലായും പാടുന്നതും അത്തരം ഗാനങ്ങളാണ്. പിന്നെ പാട്ടെഴുത്തുകാർക്ക് ഓരോരുത്തർക്കും ഓരോ ശൈലിയാണ്. ഒരേ അർഥം വെളിപ്പെടുത്തുന്ന പല പാട്ടുകളുണ്ടെങ്കിലും അവയെല്ലാം വൈവിധ്യമാർന്ന അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. അത് ഈണം കൊണ്ടും വരികൾ കൊണ്ടും വ്യത്യസ്തമാകുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA