‘ജയചന്ദ്രനെ ‌പാടാൻ വിളിച്ചോ, ഇല്ലെങ്കിൽ ചെപ്പക്കുറ്റിയിൽ അടി’ – മകനോട് സത്യൻ

jayachandran-anoop-sathyan
SHARE

മകന്റെ സിനിമയിൽ എന്തു കൊണ്ടാണ് പ‌ാടിക്കാത്തതെന്ന് ചോദിച്ച ഗായകൻ പി. ജയചന്ദ്രന് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ രസകരമായ മറുപടി. ജയചന്ദ്രന്റെ ജന്മദിനത്തോട് അനുബന്ധിച്ച് മലയാള മനോരമ ഒരുക്കിയ ‘ഭാവചന്ദ്രിക’യുടെ വേദിയിലായിരുന്നു നർമം നിറഞ്ഞ ഈ സംഭാഷണങ്ങൾ. 

മകൻ അനൂപ് സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിൽ ഏഴു പാട്ടുണ്ടെന്നു സത്യൻ അന്തിക്കാട് വേദിയിൽ പറഞ്ഞപ്പോൾ ‘എന്നെ എന്താടോ പാടിക്കാത്തത്’ എന്ന് സത്യനോടു വേദിയിൽ വച്ചു തന്നെ ജയചന്ദ്രൻ ചോദിക്കുകയായിരുന്നു. ‘‘നീ ജയചന്ദ്രനെ അടുത്ത സിനിമയ്ക്കു പാടാൻ വിളിച്ചോ. അല്ലെങ്കിൽ നിന്റെ  ചെപ്പക്കുറ്റിക്ക് അടിക്കണമെന്നു ജയചന്ദ്രൻ പറയും.’’ – സത്യൻ അന്തിക്കാട് ഉടൻ അനൂപിനോട് പറഞ്ഞ ഈ മുന്നറിയിപ്പാണ് ചിരി പടർത്തിയത്.

സത്യൻ അന്തിക്കാട് ഇങ്ങനെ പറഞ്ഞതിനു പിന്നിൽ ഒരു കാരണമുണ്ട്. ഇടക്കാലത്തു ജയചന്ദ്രനെ സത്യൻ അന്തിക്കാട് തന്റെ സിനിമകളിൽ പാടാൻ വിളിക്കാറില്ലായിരുന്നു. ഒരിക്കൽ ചെന്നൈ പോണ്ടി ബസാറിൽ വച്ചു സത്യൻ അന്തിക്കാടിനെ കണ്ടപ്പോൾ ജയചന്ദ്രൻ പറഞ്ഞു, ‘‘സത്യാ, നീ ആ ചെക്കനോടു പറയണം. എന്നെ വിളിച്ചില്ലെങ്കിൽ അവന്റെ ചെപ്പക്കുറ്റിക്ക് ഞാൻ അടിക്കുമെന്ന്.’’ സംഗീത സംവിധായകൻ ജോൺസണായിരുന്നു അന്നത്തെ ആ ‘ചെക്കൻ’.

സത്യന്റെ അടുത്ത സിനിമയായ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ മുതൽ ‘എന്നും എപ്പോഴും’ വരെയുള്ള സിനിമകളിൽ വരെ ജയചന്ദ്രൻ പാടി. സദസ്സിന്റെ വലിയ ഹർഷാരവത്തിനിടയിലാണു വേദിയിൽ വച്ചു തന്നെ സത്യൻ അന്തിക്കാട് മകനെ ഈ പഴയ കാര്യം ഓർമ്മിപ്പിച്ചത്. സദസ്സിന്റെ മുൻനിരയിലുണ്ടായിരുന്ന അനൂപിന്റെ മറുപടിയും ഉടൻ വന്നു. – ‘‘ഞാൻ പാടിച്ചോളാം’’. സംഗീത പരിപാടിക്കു ശേഷം ജയചന്ദ്രനോടൊപ്പം സെൽഫിയെടുക്കാൻ അനൂപ് ഓടിയെത്തി. വേദിയിൽവച്ചു അനൂപ് സെൽഫിയെടുത്തു. പാടാൻ വരണമെന്നു അപേക്ഷിക്കുകയും ചെയ്തു. ‘‘അതൊക്കെ പിന്നെയല്ലടോ.’’ എന്നായിരുന്നു ജയചന്ദ്രന്റെ മറുപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA