ADVERTISEMENT

ജയസൂര്യ നായകനായെത്തുന്ന കത്തനാർ എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകം നിരവധി പേർ കണ്ട ടീസർ യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തി. എന്നാൽ ടീസറിലെ പശ്ചാത്തല ശബ്ദശകലങ്ങള്‍ ഹാരി പോട്ടർ സിനിമാ പരമ്പരയിലെ പശ്ചാത്തല സംഗീതത്തിന്റെ പകർപ്പ് ആണെന്ന് പല വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. എന്നാൽ ഹാരി പോട്ടറുമായി ഈ ശബ്ദശകലങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും വിമർശനങ്ങളെ പോസിറ്റീവ് ആയി മാത്രമേ സ്വീകരിക്കുന്നുള്ളു എന്നും സംഗീതസംവിധായകൻ രാഹുൽ സുബ്രഹ്മണ്യൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. രാഹുലിന്റെ വാക്കുകൾ:

 

‘കത്തനാർ എന്ന അമാനുഷികനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം. മറ്റൊരു റഫറൻസും വയ്ക്കരുതെന്ന് നേരത്തേതന്നെ തീരുമാനിച്ചിരുന്നു. കാരണം, കത്തനാർ എന്ന സീരിയൽ വിവിധ ചാനലുകളിൽ പ്രക്ഷേപണം ചെയ്യുകയും അതിനു വലിയ പ്രേക്ഷകസ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. അതിലെ പാട്ട് വലിയ തരംഗമായിരുന്നു. അത്രയും ഹിറ്റ് ആയ പാട്ടിൽ നിന്നു വ്യത്യസ്തമായി ചെയ്യാനാണ് ശ്രമിച്ചത്. ആ പാട്ട് ആളുകൾ ഏറ്റെടുത്തതു കൊണ്ടുതന്നെ അതിനെ മറികടക്കുക എന്നുള്ള വലിയ കടമ്പയായിരുന്നു മുന്നിലുണ്ടായിരുന്നത്. ആ പാട്ടിൽ നിന്നു വ്യത്യസ്തമായി നമ്മുടെ പാട്ടിനെ പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിക്കാം എന്നു മാത്രമാണ് ചിന്തിച്ചത്. വളരെ ലളിതമായ പശ്ചാത്തല സംഗീതം വേണമെന്നും തീരുമാനിച്ചിരുന്നു. 

 

പാട്ടുകൾക്കെല്ലാം പ്രത്യേക നോട്സ് ഉണ്ട്. അതുകൊണ്ടുതന്നെ ചിലപ്പോൾ ട്യൂൺ കേൾക്കുമ്പോൾ ഹാരി പോട്ടറുമായി ചില സാമ്യങ്ങൾ തോന്നിയേക്കാം. കാരണം ഒരേ സംഗീതോപകരണങ്ങളാണല്ലോ ഉപയോഗിക്കുന്നത്. പക്ഷേ ഒരിക്കലും ഹാരി പോട്ടറിനെ അടിസ്ഥാനമാക്കിയല്ല ഇത് ചെയ്തിരിക്കുന്നത്. ഓരോ സിനിമയും ഓരോ കഥ പറയുമ്പോൾ അത് ആളുകളിലേക്ക് എത്തിക്കാനായി ഒരോ രീതിയുണ്ട്. കോമഡി ചിത്രങ്ങളും ഹൊറർ ചിത്രങ്ങളും ഉൾപ്പെടെ ഓരോ വിഭാഗത്തിലുള്ള സിനിമയും ഓരോ വ്യത്യസ്ത ശൈലിയാണ് പിൻതുടരുന്നത്. 

 

ഒരേ രീതിയിലുള്ള ചിത്രങ്ങളെടുക്കുമ്പോൾ സംഗീതത്തിൽ ചെറിയ ചില സാമ്യങ്ങൾ തോന്നിയേക്കാം. അതൊരിക്കലും കോപ്പിയടി ആണെന്നു പറയരുത്. കോപ്പി അടിച്ചതാണെങ്കിൽ അത് യൂട്യൂബ് ആദ്യം തന്നെ തള്ളിക്കളയും. കത്തനാർ വളരെ ആത്മാർഥമായി ചെയ്ത വർക്ക് ആണ്. അതിനെ കോപ്പിയടി എന്നൊക്കെ ചിലർ പറയുമ്പോൾ ഞാൻ അത് പോസിറ്റീവ് ആയി മാത്രമേ എടുക്കാറുള്ളു. കാരണം ഹാരി പോട്ടറുമായാണല്ലോ എന്റെ സംഗീതത്തെ താരതമ്യം ചെയ്തത്. ഹാരി പോട്ടർ മൂഡിലേക്ക് എന്റെ സംഗീതത്തെ കൊണ്ടുവരാൻ സാധിച്ചല്ലോ എന്നോർക്കുമ്പോൾ അത് വലിയ നേട്ടമായി ഞാൻ കാണുന്നു. 

 

ഹാരി പോട്ടറൊക്കെ വലിയ സൗകര്യങ്ങളുപയോഗിച്ച് കുറേ പണം മുടക്കി ചെയ്തതാണ്. നമ്മുടെ നാട്ടിലെ പരിമിത സൗകര്യങ്ങള്‍ കൊണ്ട് ചെയ്ത സംഗീതത്തിന് ഹാരി പോട്ടറുമായി സാമ്യം തോന്നുന്നു എന്നു കേട്ടതില്‍ വളരെയധികം സന്തോഷം. പിന്നെ കോപ്പി അല്ലാത്തതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങളോടു പ്രതികരിക്കേണ്ടതില്ലല്ലോ. എങ്കിലും അങ്ങനെ പറയുന്നതു കേൾക്കുമ്പോൾ ചെറിയ വിഷമം തോന്നുന്നു. മൂന്നര മാസത്തോളം കഷ്ടപ്പെട്ടിട്ടാണ് ഈ വർക്ക് ചെയ്തത്. ആദ്യമോക്കെ ഉദ്ദേശിച്ചതു പോലെ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ വലിയ നിരാശ തോന്നിയിരുന്നു. അതിനെയൊക്കെ തരണം ചെയ്താണ് ഇവിടെ വരെയെത്തിയത്. ടീസറിന് വളരെ മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഇപ്പോഴും ട്രെൻഡിങ്ങിൽ തന്നെ തുടരുകയാണ്. അതിൽ ഒരുപാട് സന്തോഷം’. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com