‘ദൈവമകളെ’ കേൾക്കുമ്പോൾ അഭിമന്യുവിനെയും അമ്മയെയും ഓർമ വരും; വേദനയോടെ സുരേഷ് ഗോപി

suresh-gopi
SHARE

പൃഥ്വിരാജും ബിജു മേനോനും ഒരുമിച്ച ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ അട്ടപ്പാടി സ്വദേശി നഞ്ചമ്മ ആലപിച്ച ‘ദൈവമകളേ...’ എന്ന ഗാനം കേൾക്കുമ്പോൾ തനിക്ക് അഭിമന്യുവിന്റെ അമ്മയുടെ മുഖമാണ് ഓർമ വരുന്നതെന്ന് സുരേഷ് ഗോപി. 2018–ൽ എറണാകുളം മഹാരാജാസ് കോളജിൽ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ‘നാൻ പെറ്റ മകനേ’ എന്നു ഹൃദയം നൊന്തു കരഞ്ഞ ആ അമ്മയ‌െ കേരളക്കര മറക്കാനിടയില്ല.

അഭിമന്യുവിന്റെ അമ്മയ്ക്കും കുടുംബത്തിനും ഓരായിരം പ്രാർഥനകൾ നേരുന്നതായും സുരേഷ് ഗോപി വേദിയിൽ വച്ചു പറഞ്ഞു. മഴവിൽ മനോരമയിൽ സുരേഷ് ഗോപി അവതാരകനായെത്തുന്ന ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ പരിപാടിയിൽ അതിഥിയായെത്തിയ നഞ്ചമ്മ ‘ദൈവമകളേ...’ എന്നു തുടങ്ങുന്ന പാട്ട് വേദിയിൽ പാടിയപ്പോഴാണ് താരം ഏറെ നൊമ്പരത്തോടെ ഇക്കാര്യം തുറന്നു പറഞ്ഞത്. 

ആ പാട്ട് പാടുമ്പോൾ തനിക്ക് എപ്പോഴും സങ്കടമാണെന്നു പറഞ്ഞാണ് നഞ്ചമ്മ പാട്ടു പാടാൻ ആരംഭിച്ചത്. ഗായിക വേദനയോടെ പാടിത്തുടങ്ങിയപ്പോള്‍ മുതൽ സുരേഷ് ഗോപിയുടെയും ചുറ്റുമുള്ളവരുടെയും മുഖത്ത് ദു:ഖഭാവമായിരുന്നു. വിതുമ്പലോടെയാണ് നഞ്ചമ്മ പാട്ട് അവസാനിപ്പിച്ചത്. 

പാടിക്കഴിഞ്ഞപ്പോൾ സുരേഷ് ഗോപി നഞ്ചമ്മയുടെ കാൽ തൊട്ട് വന്ദിച്ചു. പരിപാടിയിലെത്തുന്ന അതിഥികൾക്കായി ഒരുക്കിയ പ്രത്യേക ഇരിപ്പിടത്തിൽ നഞ്ചമ്മയെ ഇരുത്തി. എന്റെ സ്വന്തം നഞ്ചമ്മ എന്നാണ് താരം നഞ്ചമ്മയെ അഭിസംബോധന ചെയ്തത്. 

മലയാള ചലച്ചിത്ര ഗാനലോകത്ത് ഇതിനോടകം തരംഗമായി മാറിയിരിക്കുകയാണ് നഞ്ചമ്മ. പൃഥ്വിരാജും ബിജു മേനോനും ഒരുമിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചമ്മ പാടിയ പാട്ട് വൈറലായതോടെ ഗായികയ്ക്ക് നിരവധി ആരാധകരെയും നേടാനായി. പൃഥ്വിരാജിനെയും ബിജു മേനോനെയും അറിയാത്ത നഞ്ചമ്മയെ കാണാൻ ഇരു താരങ്ങളും ഒരുമിച്ചെത്തിയതിന്റെ വിഡിയോ സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ