ADVERTISEMENT

നാലാം ഘട്ട പരിശോധനയിലും കോവിഡ് ഫലം പോസിറ്റീവ് ആയതിനു പിന്നാലെ സമൂഹമാധ്യമത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് ഗായിക കനിക കപൂർ. തന്റെ സുഖവിവരത്തെക്കുറിച്ച് അറിയാൻ ആരാധകർ പ്രകടിപ്പിച്ച താത്പര്യത്തിനു ഗായിക നന്ദി പറഞ്ഞു. 

 

അടുത്ത പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് കനിക സമൂഹമാധ്യമത്തിൽ കുറിച്ചു. ‘സമയത്തിന്റെ മൂല്യവും അതെങ്ങനെ നന്നായി പ്രയോജനപ്പെടുത്തണമെന്നും ജീവിതം നമ്മെ പഠിപ്പിക്കുന്നു’ എന്ന ഒരു ഉദ്ധരണി പങ്കുവച്ചുകൊണ്ടാണ് ഗായികയുടെ പോസ്റ്റ്. 

 

‘നിങ്ങളെല്ലാവരും സുരക്ഷിതരായിരിക്കുക. എന്റെ സുഖവിവരം അറിയാൻ നിങ്ങൾ പ്രകടിപ്പിച്ച വ്യഗ്രതയ്ക്കു നന്ദി. ഞാൻ ഐ സി യുവിൽ അല്ല. ഇവിടെ സുഖമായിരിക്കുകയാണ്. അടുത്ത പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ മക്കളെയും കുടുംബാംഗങ്ങളെയും കാണാൻ വീട്ടിലേക്കു പോകാൻ കാത്തിരിക്കുകയാണ് ഞാൻ. എനിക്ക് അവരെ ഒരുപാട് മിസ് ചെയ്യുന്നു’.– കനിക സമൂഹമാധ്യമത്തിൽ കുറിച്ചു. 

 

അതേ സമയം കനിക കപൂറിന് നാലാം ഘട്ട പരിശോധനയിലും കോവിഡ് പോസിറ്റീവ് ആയതിൽ കുടുംബാംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ലോക്ഡൗൺ സമയമായതിനാൽ കനികയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരിടത്തേയ്ക്കു മാറ്റാൻ സാധിക്കില്ലെന്നും രോഗമുക്തിക്കു വേണ്ടി പ്രാർഥിക്കാൻ മാത്രമേ കഴിയൂ എന്നും ബന്ധുക്കൾ പറഞ്ഞു. 

 

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയിൽ കഴിയുന്നത്. കനികയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 20–നാണ് കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചത്. 

 

വിദേശ യാത്രയ്ക്കു ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ഗായിക രോഗവിവരം മറച്ചുവച്ച് ഉന്നതരുമായി പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. വിദേശയാത്രയ്ക്കു ശേഷം സമ്പർക്ക വിലക്ക് ലംഘിച്ചതിന് കനികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗായികയുടേത് നിരത്തരവാദപരമായ പെരുമാറ്റമാണെന്നു വിമർശിച്ച് പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തു വന്നിരുന്നു.   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com