ADVERTISEMENT

മലയാളത്തിൽ 150–ലേറെ സിനിമകൾക്കായി 650–ൽ അധികം ഗാനങ്ങൾക്കു ഈണമിട്ട സംഗിതപ്രതിഭയാണ് എം കെ അർജുനൻ എന്ന അർജുനൻ മാസ്റ്റർ. പാടിയും പുതുക്കിയും കാലത്തെ അതിജീവിക്കുന്നു അർജുനൻ മാസ്റ്ററുടെ പുതുമ ചോരാത്ത ഈണങ്ങൾ.

 

നൂറിലേറെ മലയാള ചിത്രങ്ങൾക്കു ഈണം പകർന്ന സംഗീത  സംവിധായകരുടെ സിനിമകളുടെയും അവയിലെ ഗാനങ്ങളുടെയും നിര ദേവരാജന്‍ മാസ്റ്റർ (343/1731), ദക്ഷിണാമൂർത്തി സ്വാമി (141/1007), രവീന്ദ്രൻ (168/756), മോഹന്‍ സിതാര (173/750), ജോൺസണ്‍ (210/707),  എ ടി ഉമ്മര്‍ (189/676), എം കെ അർജുനൻ (153/652), എസ് പി വെങ്കിടേഷ് (159/577), എം ജയചന്ദ്രന്‍ (144/565), ഔസേപ്പച്ചൻ (129/607) ഇങ്ങനെയാണ്. ആ നിരയിൽ സിനിമകളുടെയും പാട്ടുകളുടെയും എണ്ണത്തിൽ മാസ്റ്റർ ഏഴാമതാണ്.

 

പൊള്ളുന്ന ജീവിതാനുഭവങ്ങളെ ആധാരശ്രുതിയാക്കി വിഷമങ്ങളെയും  വേദനകളെയും ഇമ്പമുള്ള ഇണങ്ങളാക്കിയ സംഗീത സംവിധായകനായിരുന്നു അർജുനൻ മാസ്റ്റർ. പ്രണയവിരഹങ്ങളിലും, ദുഃഖസാന്ത്വനങ്ങളിലും മലയാളി മനസ്സോടുചേർത്ത 1970 കളിലെ പാട്ടീണങ്ങളിൽ ഏറെയും മാസ്റ്ററുടെതായിരുന്നു. ആലാപനത്തിലും പശ്ചാത്തല സംഗീതത്തിലും സ്വാഭാവികമായ സിനിമാറ്റിക് ശൈലി പുലർത്തുന്ന അർജുന ഈണങ്ങളുടെ ആ പാട്ടുകാലത്തെ പ്രണയം തുളുമ്പുന്ന സംഗീത വസന്തമെന്നാണ് സംഗീത ചരിത്രകാരനായ രമേശ് ഗോപാലകൃഷ്ണൻ വിളിക്കുന്നത്.

 

 ദേവരാജന്‍ മാസ്റ്റര്‍ വെട്ടിത്തുറന്ന ശാസ്ത്രീയ സംഗീതത്തിന്റെ ജനകീയ വഴിയിൽ അർജുനന്‍ മാസ്റ്റർ തനതു ശൈലിയിൽ ഏറെ മുന്നോട്ടുപോയി. ആ മെലഡികൾ മലയാളത്തിൽ മല്ലികപ്പൂവിന്റെ മധുരഗന്ധം പരത്തി. എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി..., പോലുള്ള ഗാനങ്ങളിൽ മാത്രമല്ല ദു:ഖമേ നിനക്ക് പുലർകാല വന്ദനം..., പോലുള്ള  തത്വചിന്താപരമായ ഗാനങ്ങളിലും അർജുനൻ മാഷിന്റെ പ്രത്യേക ഈണമുദ്രയുണ്ട്. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..., എന്ന യുഗ്മഗാനം അക്കാലംവരെ മലയാളി അനുഭവിക്കാത്ത മെലഡിയുടെ സംഗീത പുതുവഴിയായിരുന്നു. ചെമ്പകതൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി..., അനുവാദമില്ലാതെ അകത്തു വന്നു…,  പോലുള്ള ഗാനങ്ങൾ മലയാളത്തിനായി മാസ്റ്റർ തീർത്ത മികച്ച ഗസലുകൾ. 1974 ൽ മാസ്റ്റർ ഈണമിട്ട  കസ്തൂരി മണക്കുന്നല്ലോ... എന്ന പാട്ട് നാലര പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും പുതിയ സിനിമയിലെത്തുന്നതും പുതുതലമുറ കൊട്ടിപ്പാടി തിമിർക്കുന്നതും അർജ്ജുന ഈണങ്ങളുടെ കാലാതീത സ്വീകാര്യതയുടെ തെളിവാണ്.

 

നായിക  (2011), വസന്തത്തിന്റെ കനല്‍ വഴികളിൽ (2014),  വീരം (2017)  ഭയാനകം (2018) ഇവ മാസ്റ്ററുടെ മികച്ച  ഗാനങ്ങളുമായി വന്ന അവസാനകാല  ചിത്രങ്ങളാണ്. നായികയിലെ ആദ്യരാഗ..., എന്ന ഗാനം ജോഗ്‌ രാഗത്തിൾ. ജയചന്ദ്രൻ സോളോ ആയും സുജാതയുമായി ചേർന്നും പാടിയ നനയും നിന്‍ മിഴിയോരം..., ശുദ്ധധന്യാസിയിൽ. കെ എസ് ചിത്ര പാടിയ നിലാവു പോലൊരമ്മ..., ദേശ്‌ രാഗത്തിൽ. യേശുദാസ് പാടിയ പഴയൊരു രജനിതന്‍... എന്ന ഗാനം ചെഞ്ചുരുട്ടി രാഗത്തിൽ. വീരം (2017) എന്ന സിനിമയിലെ വിദ്യാധരൻ മാസ്റ്ററും വൈക്കം വിജയലക്ഷ്മിയും ചേർന്നുപാടിയ മേലെ മാണിക്യകല്ലോലി ചാർത്തും... എന്ന പാട്ടിന്റെ സംഗീതവും മാഷായിരുന്നു. ഏറ്റവും ഒടുവിൽ 2018 ൽ ഭയാനകം സിനിമയിലെ ശ്രീകുമാരൻ തമ്പിയുടെ മൂന്ന് ഭാവഗാനങ്ങളെ ഉടയാട അണിയിച്ച ഈണങ്ങളും.

 

1970–കളിൽ മലയാളി പാടിയ പ്രണയഗാനങ്ങൾ ഏറെയും അർജുനൻ മാസ്റ്ററുടെ ഈണത്തിൽ പിറന്ന ശ്രീകുമാരൻ തമ്പി ഭാവനകളായിരുന്നു.  മാസ്റ്റർ പാടിയ പ്രണയത്തിൻറെ പുതിയ ഈണമായിരുന്നു ആ ഗാനങ്ങളിൽ കേട്ടത്. പുതുമയും ലാളിത്യവുമായിരുന്നു അതിന്റെ ആകർഷണീയത. പ്രണയത്തിന്റെ പരിചിത ബിംബങ്ങളാലും  ഈണം പകർന്നുനൽകിയ പുത്തൻ പ്രണയാനുഭൂതികളാലും ആ ഗാനങ്ങൾ ആഘോഷപൂത്തിരികളായി മാറി.

 

മാസ്റ്ററുടെ ഹിറ്റുകളിലേറെയും യേശുദാസിന്റെ ആലാപനമികവിൽ പിറന്നതു തന്നെയാണ്‌. ജയചന്ദ്രന്റെ അനന്യമായ റൊമാൻറിക് ശബ്ദത്തിനിണങ്ങുന്ന ഈണങ്ങൾ പിറന്നതും വാണി ജയറാമിന്റെ ആലാപന സവിശേഷതകൾ അനുഭവിച്ചതും ഈ പള്ളുരുത്തിക്കാരന്റെ പാട്ടിലാണ്‌. രാമേശ് ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നപോലെ, വാണി ജയറാമിന്റെയും ജയചന്ദ്രന്റെയും  നവോന്മേഷമുള്ളതും നിത്യഹരിതവുമായ ആലാപന സൗന്ദര്യത്തിലാണ് അർജുനൻ മാഷിന്റെ സംഗീതത്തിലെ പ്രണയാതുരഭാവം ഏറ്റവും പ്രകാശിതമായത്‌.

 

2018–ലായിരുന്നു സംസ്‌ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ആദ്യമായി അർജ്ജുനൻ മാസ്റ്റർക്കു ലഭിക്കുന്നത്. ജയരാജിന്റെ ഭയാനകം എന്ന ചിത്രത്തിലെ ഗാനങ്ങളുടെ  സംഗീതത്തിന്. 1968 മാർച്ച് 29 നാണ് എം കെ അർജുനൻ ഈണം പകർന്ന ആദ്യചിത്രമായ കറുത്ത പൗർണമി പുറത്തുവന്നത്. ആദ്യചലച്ചിത്രത്തിന്റെ അമ്പതാം വാർഷികവേളയിലെ  ഈ പുരസ്കാരത്തിലൂടെ ചരിത്രം വലിയൊരു പിഴവു തിരുത്തുകയായിരുന്നു.

 

ആ സംഗീതവും ജീവിതവും വിനോദ് കൃഷ്ണയുടെ പാടാത്ത വീണയും പാടും എന്ന പുസ്തകത്തിലുണ്ട്. സിനിമാഗാനങ്ങളുടെ ഗൃഹാതുരമായ സുവർണ്ണ കാലങ്ങളിലേക്കുള്ള സഞ്ചാരമാണ് ഈ ഗ്രന്ഥം.

 

അർജുനൻ മാസ്റ്ററുടെ ഞാൻ ഏറ്റം ഇഷ്ടപ്പെടുന്ന 40 ഗാനങ്ങളുടെ പട്ടിക ഇവിടെ ചേർക്കുന്നു.

 

 എം കെ അർജുനൻ ഈണമിട്ട 40 ഇഷ്ടഗാനങ്ങൾ

 

1968, കറുത്ത പൗർണ്ണമി, പൊൻ കിനാവിൻ…,  പി ഭാസ്കരൻ, യേശുദാസ്,

 

1968, കറുത്ത പൗർണ്ണമി, ഹൃദയമുരുകി നീ..., പി ഭാസ്കരൻ, യേശുദാസ്

 

1969, റസ്റ്റ്‌ ഹൗസ്‌, പാടാത്തവീണയും... ശ്രീകുമാരൻതമ്പി, യേശുദാസ്

 

1969, റസ്റ്റ്‌ ഹൗസ്‌, പൗർണ്ണമിച്ചന്ദ്രിക ..., ശ്രീകുമാരൻതമ്പി, യേശുദാസ്

 

1969, റസ്റ്റ്‌ ഹൗസ്‌, യമുനേ യദുകുല രതിദേവനെവിടെ..., ശ്രീകുമാരൻ തമ്പി, ജയചന്ദ്രൻ, എസ് ജാനകി

 

1970, രക്തപുഷ്പം, നീലക്കുട നിവർത്തി വാനം...,ശ്രീകുമാരൻ തമ്പി, യേശുദാസ്

 

1970, രക്തപുഷ്പം, സിന്ദൂരപ്പൊട്ടുതൊട്ട്..., ശ്രീകുമാരൻ തമ്പി, യേശുദാസ്

 

1971, CID നസീര്‍, നിൻ മണിയറയിലെ..., ശ്രീകുമാരൻ തമ്പി,  ജയചന്ദ്രൻ

 

1971, CID നസീര്‍, നീല നിശീഥിനി..., ശ്രീകുമാരൻ തമ്പി, ബ്രഹ്മാനന്ദൻ

 

1972, ആദ്യത്തെ കഥ, ശുക്രാചാര്യരുടെ സുരഭീവനത്തിൽ..., വയലാര്‍, പി സുശീല

 

1972, ആദ്യത്തെ കഥ, ഓട്ടുവളയെടുക്കാൻ..., വയലാര്‍, പി സുശീല

 

1972, അന്വേഷണം, ചന്ദ്രരശ്മി തന്‍..., ശ്രീകുമാരൻ തമ്പി, പി സുശീല

 

1972, പുഷ്‌പാഞ്‌ജലി, നക്ഷത്ര കിന്നരന്മാർ, ശ്രീകുമാരൻ തമ്പി, പി സുശീല

 

1972, പുഷ്‌പാഞ്‌ജലി, ദുഃഖമേ നിനക്കു..., ശ്രീകുമാരൻ തമ്പി, യേശുദാസ്

 

1973, അജ്ഞാതവാസം, മുത്തുകിലുങ്ങി മണി മുത്തുകിലുങ്ങി..., ശ്രീകുമാരൻ തമ്പി, ജയചന്ദ്രൻ

 

1973, ഇതു മനുഷ്യനോ, സുഖമൊരു ബിന്ദു... ശ്രീകുമാരൻ തമ്പി, യേശുദാസ്, ബി വസന്ത

 

1973, പഞ്ചവടി,നക്ഷത്രമണ്ഡല...,  ശ്രീകുമാരൻ തമ്പി,  ജയചന്ദ്രൻ

 

1973, പത്‌മവ്യൂഹം, കുയിലിന്റെ മണിനാദം കേട്ടൂ..., ശ്രീകുമാരൻ തമ്പി, യേശുദാസ്

 

1973, പത്‌മവ്യൂഹം, പാലരുവിക്കരയിൽ, ശ്രീകുമാരൻ തമ്പി, യേശുദാസ്

 

1973, യാമിനി, രത്നരാഗമുണർന്ന..., കാനം ഇ ജെ, യേശുദാസ്

 

1973, പൂന്തേനരുവി, നന്ത്യാർവട്ട പൂ ചിരിച്ചു,   ശ്രീകുമാരൻ തമ്പി, ജയചന്ദ്രൻ

 

1974, ഹണിമൂണ്‍, മല്ലികപ്പൂവിന്‍ മധുരഗന്ധം ..., ശ്രീകുമാരൻതമ്പി, പി ജയചന്ദ്രൻ

 

 

1975, ചട്ടമ്പിക്കല്യാണി, സിന്ദൂരം തുടിക്കുന്ന...,  ശ്രീകുമാരൻതമ്പി, യേശുദാസ്

 

1975, ചട്ടമ്പിക്കല്യാണി, ജയിക്കാനായ് ജനിച്ചവൻ ഞാൻ..., ശ്രീകുമാരൻതമ്പി, ജോളി അബ്രഹാം

 

1975, പിക് നിക്, കസ്തൂരിമണക്കുന്നല്ലോ ...,   ശ്രീകുമാരൻ തമ്പി,  യേശുദാസ്

 

1975, പിക്‌നിക്, വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി ...,ശ്രീകുമാരൻ തമ്പി,  യേശുദാസ്, വാണി ജയറാം

 

1975, സിന്ധു, ചെട്ടികുളങ്ങര ഭരണി നാളിൽ, ശ്രീകുമാരൻ തമ്പി,  യേശുദാസ്, ജയചന്ദ്രൻ ,പി സുശീല, വാണി ജയറാം 

 

1975, തിരുവോണം, തിരുവോണപ്പുലരിതൻ ..., ശ്രീകുമാരൻ തമ്പി, വാണി ജയറാം

 

1975, ചീനവല, തളിർവലയോ..., വയലാർ, യേശുദാസ്

 

1975, തിരുവോണപ്പുലരിതൻ..., തിരുവോണം,ശ്രീകുമാരൻ തമ്പി, വാണി ജയറാം

 

1975, ഉറങ്ങാന്‍ കിടന്നാല്‍..., പത്മരാഗം, ശ്രീകുമാരൻ തമ്പി,  യേശുദാസ്,

 

1975, സിന്ധു,ചന്ദ്രോദയം കണ്ടു ..., ശ്രീകുമാരൻ തമ്പി,  ജയചന്ദ്രൻ ,പി സുശീല

 

1975, ദ്വാരകേ..., ഹലോ ഡാർലിംഗ്‌, വയലാര്‍, പി സുശീല

 

1976, കന്യാദാനം, രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി, ശ്രീകുമാരൻ തമ്പി,  യേശുദാസ്

 

1977, ശംഖുപുഷ്പം, ആയിരം അജന്താ..., ശ്രീകുമാരൻ തമ്പി, യേശുദാസ്, എസ് ജാനകി

1979, പുഴ, അനുവാദമില്ലാതെ അകത്തു വന്നു..., പി ഭാസ്കരന്‍, യേശുദാസ്

 

1979, എല്ലാ ദുഃഖവും എനിക്കു ..., ലൗലി, ടി വി ഗോപാലകൃഷ്ണൻ, യേശുദാസ്

 

2014, വസന്തത്തിന്റെ കനൽ വഴികളിൽ, തെന്നലേ..., കൈതപ്രം, യേശുദാസ്, ചിത്ര

 

2011, നായിക, നനയും നിന്‍ മിഴിയോരം..., ജയചന്ദ്രൻ, സുജാത

 

2018, ഭയാനകം, കുട്ടനാടൻ കാറ്റ് ചോദിക്കുന്നു…, ശ്രീകുമാരൻ തമ്പി, യേശുദാസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com