ADVERTISEMENT

ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളിയുടെ ചുംബനം ഏറ്റു വാങ്ങാൻ മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ എം. കെ. അർജുനൻ യാത്രയായ വാർത്ത കേട്ടപ്പോൾ മനസ്സ് നാല് വർഷം പിറകിലേക്കോടി. കൃത്യമായി പറഞ്ഞാൽ 2016 ഏപ്രിൽ 23. അന്ന് മലയാളത്തിന്റെ രണ്ടു പ്രതിഭകൾ കല്ലായിക്കടവത്ത് ഒത്തുകൂടിയ ദിനമായിരുന്നു. എം. കെ. അർജുനനും മറ്റൊരു സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായിരുന്നു ആ രണ്ടു പേർ. ഇവർക്കൊപ്പം ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലും അർജുനൻ മാഷിന്റെ മകൻ അശോകനുമുണ്ടായിരുന്നു. 

 

mk-arjunan-master-mj-4
കോഴിക്കോട്ട് കല്ലായി പുഴയോരത്ത് മനോരമ ലേഖകൻ ലെനിൻ ചന്ദ്രൻ , അശോകൻ അർജ്ജുനൻ , സംഗീത സംവിധായകരായ എം.കെ.അർജ്ജുനൻ , എം.ജയചന്ദ്രൻ , ഗാന രചയിതാവ് പൂച്ചാക്കൽ ഷാഹുൽ എന്നിവർ. (ഫയൽ ചിത്രം ) . ചിത്രം : റസൽ ഷാഹുൽ

കല്ലായിക്കടവത്ത്... എന്നു തുടങ്ങുന്ന പാട്ടിന് ഈണം പകർന്ന ജയചന്ദ്രന്റെ ഏറെ നാളത്തെ മോഹമായിരുന്നു കല്ലായിപ്പുഴയുടെ കടവത്ത് കാറ്റേറ്റ് ഇത്തിരിനേരം ഇരിക്കണമെന്നത്. അർജുനൻ മാഷ് കോഴിക്കോട് എത്തിയതറിഞ്ഞ് അദ്ദേഹത്തെയും ഒപ്പം കൂട്ടുകയായിരുന്നു. മലയാള മനോരമയുടെ കോഴിക്കോട് ബ്യൂറോയിൽ റിപ്പോർട്ടറായിരുന്ന ഞാനും പൂച്ചാക്കൽ ഷാഹുലിന്റെ മകനും ഫൊട്ടോഗ്രഫറുമായ റസ്സൽ ഷാഹുലും വിവരമറിഞ്ഞ് കല്ലായിയിലെത്തി. ആ കൂടിക്കാഴ്ചയ്ക്കായി ഞങ്ങൾ കാത്തിരുന്നു. 

 

mk-arjunan-master-mj-2
കോഴിക്കോട്ട് എത്തിയ സംഗീത സംഗീത സംവിധായകൻ എം.കെ.അർജ്ജുനനൊപ്പം ഗാന രചയിതാവ് പൂച്ചാക്കൽ ഷാഹുൽ , പത്രപ്രവർത്തകൻ ജമാൽ കൊച്ചങ്ങാടി , അശോകൻ അർജ്ജുനൻ , സംഗീത സംവിധായകൻ എം.ജയചന്ദ്രൻ എന്നിവർ. (ഫയൽ ചിത്രങ്ങൾ ) : റസൽ ഷാഹുൽ

സന്ധ്യ ചുവപ്പ് ചാലിച്ച നേരത്ത് മകന്റെ കൈപിടിച്ചെത്തിയ മാഷിനെ രണ്ടു വരി പാട്ട് മൂളിയായിരുന്നു ജയചന്ദ്രൻ വരവേറ്റത്. പാട്ടുപുഴയുടെ ഓരത്തു നിന്നും ഇരുന്നും അവർ പലതും പറഞ്ഞു. ആത്മാവിൽ മുട്ടിവിളിച്ച സംഗീതപ്രതിഭയുടെ ക്ലാസിൽ രണ്ടു ഘട്ടങ്ങളിൽ പഠിച്ചവരാണിവർ. എം.കെ. അർജുനന് ജയചന്ദ്രൻ കുട്ടനാണ്. ഇത്തിരി കൂടി സ്നേഹം കൂട്ടി എന്റെ കുട്ടൻ എന്നേ പറയൂ. കുട്ടന് അർജുനൻ, മാഷും. ഇവരുടെ സ്കൂൾ, പാട്ടിന്റെ നിശാഗന്ധിപൂക്കൾ വിരിയിച്ച ജി. ദേവരാജനും. ദേവരാജന്റെ പ്രഥമ ശിഷ്യനാണ് എം.കെ.അർജുനനെങ്കിൽ അവസാനകാല ശിഷ്യനായിരുന്നു എം.ജയചന്ദ്രൻ‍. 

 

കല്ലായിക്കടവത്തിരുന്നപ്പോൾ എം.ജയചന്ദ്രൻ ഈണമിട്ട കല്ലായിക്കടവത്ത് കാറ്റൊന്നും മിണ്ടീല്ല... എന്ന പാട്ടാണ് ഇരുവരുടെയും ചുണ്ടുകളിൽ തത്തിയത്. ഇളംകാറ്റിൽ രണ്ടുപേരുടെ ചുണ്ടിലും പല്ലവി മുറുകി. ‘മാനത്തെ മൈനയൊന്നും ചൊല്ലിയില്ല...’ പാട്ടിന്റെ തേൻകണം നുകർന്നശേഷം എട്ടു പതിറ്റാണ്ടിന്റെ ജീവിതവും ആറു പതിറ്റാണ്ടിന്റെ പാട്ടനുഭവവും ഉള്ള എം.കെ. അർജുനനു മുന്നിൽ ചോദ്യങ്ങളുടെ അനുപല്ലവിയുമായി ജയചന്ദ്രൻ ഇരുന്നു. എം.കെ.അർജുനന്റെ ആത്മകഥ 2016 ഏപ്രിൽ ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ആത്മകഥ കോറിയിട്ടതിൽ കൂടുതലായി എന്തുണ്ട് എന്ന പരതലായിരുന്നു ജയചന്ദ്രന്റെ ചോദ്യങ്ങളിൽ നിറഞ്ഞത്.

 

അന്ന് അവർ നടത്തിയ ഹൃദയഭാഷണൾ ഇതാ: 

mk-arjunan-master-mj-3
കോഴിക്കോട്ട് എത്തിയ സംഗീത സംഗീത സംവിധായകൻ എം.കെ.അർജ്ജുനനൊപ്പം സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ഗാന രചയിതാവ് പൂച്ചാക്കൽ ഷാഹുൽ , മനോരമ ലേഖകൻ ലെനിൻ ചന്ദ്രൻ , അശോകൻ അർജ്ജുനൻ , എന്നിവർ. (ഫയൽ ചിത്രം ) . ചിത്രം : റസൽ ഷാഹുൽ

 

∙ എം.ജയചന്ദ്രൻ – ദേവരാജൻ മാഷുമായുള്ള ആത്മബന്ധം എങ്ങനെ?

 

mk-arjunan-master-mj-5
കോഴിക്കോട്ട് നടന്ന സംഗീത പരിപാടിയിൽ ഗായിക മാരായ വാണി ജയറാമിനും പി. സുശീലയ്ക്കുമൊപ്പം എം.കെ.അർജ്ജുനൻ. (ഫയൽ ചിത്രം ) . ചിത്രം : റസൽ ഷാഹുൽ

∙ എം.കെ. അർജുനൻ– ഞാൻ 1960 കാലഘട്ടത്തിൽ കാളിദാസ കലാകേന്ദ്രത്തിൽ പ്രവർത്തിക്കുകയാണ്. എന്റെ സുഹൃത്തുക്കളായ നടൻ മണവാളൻ ജോസഫ്, രാജപ്പൻ എന്നിവരും അവിടെയുണ്ട്. അവർ വഴിയാണ് ഞാൻ ദേവരാജന്റെ അടുത്തെത്തുന്നത്. മൂന്നു രാഗങ്ങളിലായി ദേവരാജൻ ചിട്ടപ്പെടുത്തിയ തുഞ്ചൻ പറമ്പിലെ തത്തേ... എന്ന ഗാനം കേട്ടപ്പോൾ മുതൽ ദേവരാജൻ എന്ന സംഗീത മാന്ത്രികനെ കാണാനുള്ള മോഹം ഉള്ളിൽ കൂടിയതാണ്. അദ്ദേഹം വിളിപ്പിച്ചപ്പോൾ ഹർമോണിസ്റ്റായി അദ്ദേഹത്തിന്റെ അടുത്തെത്താൻ കഴിയുമല്ലോ എന്ന സന്തോഷത്തിലായിരുന്നു. ക്ഷണം അനുസരിച്ചെത്തി മാഷിന്റെ മുറിയിലേക്കു കയറാൻ തുടങ്ങുമ്പോൾ ആ ശബ്ദം പുറത്തേക്കു കേട്ടു. ‘അർജുനനായാലും ആരായാലും ശരി വായിക്കുന്നതു കൊള്ളില്ലെങ്കിൽ പറഞ്ഞയയ്ക്കും.’ മഹാമേരുവിന്റെ ശബ്ദം. ഞാൻ ഹർമോണിയം വായിച്ചു. പറഞ്ഞയച്ചില്ല. അന്നു തുടങ്ങിയ ബന്ധത്തിന്റെ ഇഴയടുപ്പം വിവരിക്കാനാവില്ല. ദേവരാജൻ മാഷിനെ പരിചയപ്പെട്ടതിൽ നിന്നുണ്ടായ ഏറ്റവും വലിയ ഗുണമെന്താണെന്നു ചോദിച്ചാൽ കുടുംബ ജീവിതം എന്താണെന്നും കലാകാരൻ എങ്ങനെ ജീവിക്കണമെന്നും സ്വഭാവം എങ്ങനെയായിരിക്കണമെന്നും പഠിച്ചു.

 

ദേവരാജ സംഗീതത്തിന്റെ ഓർമകളിൽ നിറഞ്ഞ് അർജുനൻ അൽപനേരം നിശബ്ദനായപ്പോൾ ജയചന്ദ്രൻ രസമുള്ള മറ്റൊരു അനുഭവം ഓർമിച്ചെടുത്തു. ഒരു ദിവസത്തേക്ക് തന്റെ േപര് ദേവരാജൻ‍ മാറ്റിയ സംഭവമായിരുന്നു അത്.

 

∙ എം.ജയചന്ദ്രൻ – മാഷിന്റെ ഗാനമേളയിൽ ഞാൻ പാടാനൊരുങ്ങുകയാണ്. നാദബ്രഹ്മത്തിൻ‍ സാഗരം നീന്തി വരും...എന്ന ഗാനം പാടാനാണ് അദ്ദേഹം നിർദേശിച്ചത്. എനിക്കാണെങ്കിൽ ഈ പാട്ട് പാടാൻ പേടിയായി. അതിലെ രാഗങ്ങളും രാഗമാലികയും അതിൽ കൂടിയുള്ള സംഗതികളും നോക്കിയപ്പോഴാണ് ഈ പേടി കടന്നുകൂടിയത്. അതിനാൽ വേറെചില പാട്ടുകൾ പാടാമെന്നു പറഞ്ഞു. നിനക്കിതു പാടാൻ കഴിയില്ലെങ്കിൽ‍ ഇഷ്ടമുള്ളതു പാടിക്കോളൂ എന്നും മാഷ് പറഞ്ഞു. തുടർന്നൊരു ചോദ്യമായിരുന്നു. നിന്റെ അച്ഛന്റെ പേരെന്താണ്? ‘മധുസൂദനൻ‍ നായർ’. അപ്പൂപ്പന്റെ പേരോ? ‘ഗോപാലപിള്ള.’ ഇതെന്തിനാണ് ചോദിച്ചതെന്നു മനസ്സിലായില്ല. രണ്ടുദിനം കഴിഞ്ഞപ്പോഴേക്കും വീണ്ടും ഒരു ചോദ്യം കൂടി. നീ എന്തിനാണ് അവന്റെ പേര് (ഗായകൻ പി.ജയചന്ദ്രൻ) നിനക്കിട്ടതെന്നായിരുന്നു ചോദ്യം. ഇത് അച്ഛനും അമ്മയും ഇട്ടതല്ലേ മാഷേ, ഞാനിട്ടതല്ലല്ലോ എന്നു മറുപടി നൽകി. അതങ്ങനെ വിട്ടു. പരിപാടി ദിവസം വന്നെത്തി. ദേവരാജൻ മാഷാണ് അനൗൺസ് ചെയ്യുന്നത്. അടുത്തതായി പാടാൻ പോകുന്നത് തിരുവനന്തപുരം ഗോപാലചന്ദ്രൻ. ഗാനം: അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തി പൂവേ... ഇതാരെയാണ് വിളിക്കുന്നതെന്ന് മനസ്സിലായില്ല. ആരെയാണ് വിളിച്ചതെന്നറിയാനുള്ള ആകാംക്ഷയോടെ മാഷിന്റെ മുഖത്തേക്കു നോക്കുമ്പോൾ നിന്നെത്തന്നെയാണ് വിളിച്ചത് പോയി പാടൂ എന്നൊരു ആജ്ഞയായിരുന്നു.

 

∙ ജയചന്ദ്രൻ – അർജുനൻ മാഷിന്റെ പാട്ടുകളിൽ ചെമ്പകത്തൈകൾ പൂത്ത മാനത്തെ പൊന്നമ്പിളി... എന്ന ഗാനമാണ് എനിക്ക് ഏറെയിഷ്ടം. ഓമനയായ പാട്ട്. ആത്മാവിൽ സൂക്ഷിക്കുന്ന പാട്ട്. എങ്ങനെയാണ് ഗസലിന്റെ മണവും നിർമലതയുമുള്ള ഈ പാട്ട് ചിട്ടപ്പെടുത്തിയത്?

 

∙ എം.കെ. അർജുനൻ– ഗസൽ ശൈലിയിൽ ആയിരുന്നില്ല ശ്രീകുമാരൻ തമ്പി ഈ പാട്ട് എഴുതിയത്. ഗസൽ ശൈലി വേണമെന്നു നിർമാതാവ് എന്നോട് ആവശ്യപ്പെട്ടു. ഗസൽ അറിയില്ലെന്നു പറഞ്ഞു. ഡിസ്കിൽ ഗസൽഗാനം കേൾപ്പിച്ചു. പിന്നീട് ശ്രീകുമാരൻ തമ്പിയുടെ ഗാനം വായിച്ചു നോക്കി. ഈണം ചിട്ടപ്പെടുത്തി. അതാണ് യേശുദാസ് സിനിമയിൽ പാടിയത്. കവിതയുമായി സംഗീതം ലയിച്ചതാണ് ആ പാട്ടിന്റെ ജയം.

 

∙ ജയചന്ദ്രൻ – ആർ.കെ.ശേഖർ, ജോൺസൺ എന്നിവരുമായുള്ള ബന്ധം. അവർ എങ്ങനെയാണ് മാഷിന്റെ സംഗീതം ഉൾക്കൊണ്ടത്?

 

∙ എം.കെ. അർജുനൻ– ദേവരാജൻ മാഷാണ് ആർ.കെ.ശേഖറെ പരിചയപ്പെടുത്തുന്നത്. എന്റെ പാട്ടുകളെ ഏറെ സഹായിച്ചയാളാണ് ആർ.കെ.ശേഖർ. തിരക്കു കൂടിയപ്പോൾ ആർ‍.കെ.ശേഖറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസം. എല്ലാവരുടെയും ജോലി കഴിഞ്ഞേ ശേഖർ തന്റെ അടുത്തു വരുമായിരുന്നുള്ളു. ഇടയ്ക്ക് ശേഖർ രോഗിയായി. ആ ബന്ധമാണ് അദ്ദേഹത്തിന്റെ മകനായ എ.ആർ.റഹ്മാനിലേക്കെത്തിയത്. 1980 കാലഘട്ടത്തിലാണ് ജോൺസൺ എന്റെ അരികിൽ വരുന്നത്.

 

∙ ജയചന്ദ്രൻ – എ.ആർ.റഹ്മാന് ഓസ്കർ ലഭിച്ചുവെന്നറിഞ്ഞപ്പോൾ മനസ്സിലേക്കോടിയെത്തിയതെന്താണ്?

 

∙ എം.കെ. അർജുനൻ– എന്റെ കൈപിടിച്ചു നടന്ന ആ പഴയ ബാലന്റെ മുഖമാണ് മനസ്സിലേക്കോടിയെത്തിയത്. അക്കാലത്ത് കമ്പോസിങ് ശേഖറിന്റെ വീട്ടിലാവും. റഹ്മാൻ രാത്രിയായാലും ഉറങ്ങില്ല. ഞങ്ങൾ കമ്പോസിങ്ങിനു ചെല്ലുന്നതും കാത്തിരിക്കും. എല്ലാം കണ്ടു മനസ്സിലാക്കും. ഞങ്ങളുടെ ശ്രദ്ധ മാറുമ്പോൾ ഓരോ സംഗീതോപകരണവും കയ്യിലെടുക്കും. ഞാൻ ഒരിക്കൽ റഹ്മാന്റെ വീട്ടുകാരോടു പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കുട്ടിയാണവൻ. അവനെ വിഷമിപ്പിക്കരുത്. അവന്റെ താൽപര്യത്തിന് അനുസരിച്ചു വിടുക. റഹ്മാനെ സ്റ്റുഡിയോ പ്രവർത്തനങ്ങൾ കാട്ടിക്കൊടുക്കുമോ എന്ന് അവന്റെ അമ്മ ചോദിച്ചു. റഹ്മാനെ സ്റ്റുഡിയോയിൽ കൊണ്ടുവരുന്നതിനെ ജോൺസൺ, ദേവരാജൻ, രാഘവൻ തുടങ്ങിയവരൊക്കെ എതിർത്തിട്ടുണ്ട്. സ്കൂളിൽ പോയി പഠിക്കേണ്ട കുട്ടിയെ സ്റ്റുഡിയോയിൽ കൊണ്ടുവരുന്നതിനെയാണ് അവർ എതിർത്തിരുന്നത്. ഞാൻ ചെന്നൈ വിടുന്നതുവരെ എന്റെ പാട്ടുണ്ടെങ്കിൽ റഹ്മാൻ വരുമായിരുന്നു. പിന്നീട് എല്ലാവരും വിളിക്കാൻ‍ തുടങ്ങി. എന്നെ വഴക്കു പറഞ്ഞവരും വിളിക്കാൻ തുടങ്ങി. 

 

ഓർമയിൽ ഈ കൗതുകങ്ങൾ

 

∙ ഗായകൻ യേശുദാസിനെ യേശു എന്നു വിളിക്കുന്ന അപൂർവം ആൾക്കാരിലൊരാളായിരിക്കും എം.കെ.അർജുനൻ

 

∙ യേശുദാസിന്റെ ശബ്ദം ആദ്യമായി റിക്കോർഡ് ചെയ്ത ബഹുമതിയും അർജുനനാണ്. കുട്ടിക്കാലത്ത് ടേപ്പ് റെക്കോർഡറിലാണ് ആ ശബ്ദം രേഖപ്പെടുത്തിയത്.

 

∙ വാണിജയറാമിനെ മലയാളിക്കു പരിചയപ്പെടുത്തിയതും അർജുനനാണ്. അർജുനനു വാണിയെ പരിചയപ്പെടുത്തിക്കൊടുത്തതു യേശുദാസും.

 

∙ പാട്ടു ചിട്ടപ്പെടുത്തുമ്പോഴും അതു സിനിമയിൽ വരുമ്പോഴുമുള്ള വ്യത്യാസം എം.കെ.അർജുനന്റെ അനുഭവത്തിൽ ഇങ്ങനെയും സംഭവിച്ചിട്ടുണ്ട്: നിലാവുള്ള രാത്രിയിൽ സാരിയുടുത്തു മുല്ലപ്പൂ ചൂടി പുതുമണവാട്ടി വരുന്ന സീനാണ് ഗാനരംഗത്തിൽ വരുന്നതെന്നാവും പറയുക. ഇതനുസരിച്ചു പാട്ട് ചിട്ടപ്പെടുത്തും. റിക്കോർഡിങ് കഴിഞ്ഞു പടം തിയറ്ററിൽ എത്തുമ്പോഴായിരിക്കും കഥയറിയുക. കാൽമുട്ടുവരെയുള്ള ഉടുപ്പുമിട്ട് പാട്ടും പാടി ദാ നായിക വരുന്നു. പാട്ടും പശ്ചാത്തലവും തമ്മിൽ യാതൊരു ബന്ധവുമുണ്ടാകില്ല.

 

∙ എം.ജയചന്ദ്രനെ ജീവിതത്തിൽ ആദ്യമായി ‘സർ’ എന്നു വിളിച്ചത് കൊച്ചുകക്ഷിയൊന്നുമല്ല, സാക്ഷാൽ കെ.ജെ.യേശുദാസ്. അക്കഥയിങ്ങനെ: എന്റെ പൊന്നു തമ്പുരാൻ എന്ന സിനിമയിൽ അസിസ്റ്റന്റ് കൺടക്ടർ ആകാൻ ജി.ദേവരാജൻ അപ്രതീക്ഷിതമായി നിയോഗിച്ചു.സുഭഗേ...സുഭഗേ എന്ന വയലാർ രാമവർമയുടെ ഗാനമാണ് റിക്കോർഡ് ചെയ്യുന്നത്. പകപ്പോടെ ജോലി ആരംഭിച്ചു. ഹെഡ് ഫോണിൽ ഒരു ശബ്ദം. ‘റെഡിയാണോ സർ’ എന്നായിരുന്നു ആ ശബ്ദം. പരിചിതമായ ശബ്ദം. ഇതാരാണെന്നറിയാൻ പകപ്പോടെ നോക്കിയപ്പോൾ ആ ശബ്ദത്തിനുടമയെ കണ്ടു. സാക്ഷാൽ യേശുദാസ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com