ബോംബെ നഗരം എന്നെ കാണിച്ചത് അർജുനൻ മാഷ്; ആ നഷ്ടം നികത്താനാവാത്തത്: ഔസേപ്പച്ചൻ

ouseppachan-arjunan-master
SHARE

അരനൂറ്റാണ്ടിലേറെ മലയാള സിനിമാസംഗീതരംഗത്ത് നിറസാന്നിധ്യമായിരുന്ന അർജുനൻ മാസ്റ്ററുടെ ഓർമകളിൽ സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ജീവിതത്തിലായാലും, സംഗീതത്തിലായാലും സ്വന്തം കാഴ്ചപ്പാടുകൾക്കു വേണ്ടി അടിയുറച്ചു നിന്നിരുന്ന കലാകാരനായിരുന്നു അർജുനൻ മാഷെന്ന് ഔസേപ്പച്ചൻ അനുസ്മരിച്ചു. അർജുനൻ മാഷുടെ ഗാനമേളകൾക്ക് വയലിൻ വായിക്കാൻ പോയിരുന്ന കൗമാരക്കാലം മുതലുള്ള ഓർമകൾ അദ്ദേഹം മനോരമ ന്യൂസുമായി പങ്കുവച്ചു. 

"എഴുപതിന്റെ തുടക്കത്തിലാണ് അർജുനൻ മാഷുമായുള്ള എന്റെ ഓർമകൾ ആരംഭിക്കുന്നത്. ഗാനമേളകൾക്കും കംപോസിങ്ങിനുമായി മാഷ് തൃശൂർ വരും. അന്നെനിക്ക് പതിനാറോ പതിനേഴോ വയസു മാത്രം. മാഷുടെ കുറെ പാട്ടുകൾ റെക്കോർ‍ഡിങ്ങിനു മുൻപ് വായിക്കാൻ പറ്റിയിട്ടുണ്ട്. അദ്ദേഹം അത് മനോഹരമായി ഹാർമോണിയത്തിൽ വായിക്കുമായിരുന്നു. ഞാൻ ആദ്യമായി ബോബെ നഗരം കാണുന്നത് അർജുനൻ മാഷിന്റെ കൂടെ പോയിട്ടാണ്. അദ്ദേഹത്തിന്റെ ഗാനമേളയ്ക്കു വായിക്കാൻ പോയതായിരുന്നു. ഷൺമുഖാനന്ദ ഹാളിൽ! അന്ന് അതൊക്കെ വലിയ സംഭവമായിരുന്നു. ഞാനും ജോൺസണുമൊക്കെ അങ്ങനെ അദ്ദേഹത്തിന് വായിക്കാൻ പോയിട്ടുണ്ട്. പിന്നീട് ദേവരാജൻ മാഷാണ് ഞങ്ങളെ മദ്രാസിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത്. അവിടെ വച്ച് കണ്ടപ്പോൾ അദ്ദേഹം എന്നെയും ജോൺസണെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം നൽകിയ സ്നേഹവും പിന്തുണയും മറക്കാൻ കഴിയില്ല," ഔസേപ്പച്ചൻ പറഞ്ഞു.  

"ഏറ്റവും എളിമയോടെ ജീവിച്ച ഒരു കലാകാരനായിരുന്നു അദ്ദേഹം. ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം ചെയ്ത നിരവധി ഗംഭീര പാട്ടുകളുണ്ട്. ത്രിമൂർത്തികളായി ദേവരാജൻ മാഷ്, ബാബുക്ക പിന്നെ ദക്ഷിണാമൂർത്തി സ്വാമികൾ...ഈ മൂന്നുപേരെക്കുറിച്ചും സിനിമാക്കാർ പറയും. പക്ഷേ, അർജുനൻ മാഷ് ഒട്ടും പുറകിലല്ല. അത്രയും അറിവ് മാഷിനുണ്ട്. സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ല മാഷ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുണ്ട്. അതിനുവേണ്ടി അടുയുറച്ചു നിൽക്കും. ജീവിതത്തിലായാലും, സംഗീതത്തിലായാലും! ബാക്കി ബന്ധങ്ങളൊക്കെ വേറെ. മാഷുടെ പാട്ടുകൾ അന്നും ഇന്നും ഇനിയുള്ള കാലങ്ങളിലും നമ്മെ സ്വാധീനിച്ചുകൊണ്ടേയിരിക്കും. അത്രയും കാമ്പുള്ള ഒരുപാടു പാട്ടുകൾ മാഷ് ചെയ്തിട്ടുണ്ട്. മാഷിന്റെ വേർപാട് വല്ലാത്തൊരു നഷ്ടം തന്നെയാണ്," ഔസേപ്പച്ചൻ അഭിപ്രായപ്പെട്ടു.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA