ADVERTISEMENT

ഒരുപാട് ഹൃദയനൈർമല്യമുള്ള ആളായിരുന്നു അർജുനൻ മാഷ്. ഇത്ര ലാളിത്യമുള്ളൊരാളെ ഇൗ മേഖലയിൽ കാണാൻ പ്രയാസമാണ്. എല്ലാ ദിവസവും അർജുനൻ മാഷിന്റെ പാട്ടുകൾ കേൾക്കുന്നയാളാണ് ഞാൻ. പൊൻകിനാവിൻ പുഷ്പരഥം എന്ന പാട്ടാണ് ഞാൻ എന്നും കേൾക്കുന്ന അദ്ദേഹത്തിന്റെ ഒരു ഗാനം. ഒരിക്കൽ എറണാകുളം ഗസ്റ്റ് ഹൗസിലെ ലിഫ്റ്റിൽ വച്ച് അർജുനൻ മാഷിനെ കാണാനിടയായി. ഞാൻ എല്ലാ ദിവസവും അദ്ദേഹത്തിന്റെ പാട്ടു കേൾക്കുന്ന കാര്യം അപ്പോൾ അദ്ദേഹത്തോടു പറഞ്ഞു. അതേയോ അതേതു പാട്ടാണെന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു. ഇൗ പാട്ടാണെന്നു പറഞ്ഞപ്പോൾ എന്റെ കയ്യിൽ പിടിച്ച് ഗസ്റ്റ് ഹൗസിന്റെ വരാന്തയിലേക്ക് മാറ്റി നിർത്തിയിട്ട് അദ്ദേഹം ഇൗ പാട്ട് എനിക്കായി പാടി കേൾപ്പിച്ചു. 

 

ഭയാനകത്തിന്റെ റിക്കോർഡിങ് സമയത്തൊക്കെ ഞാനും ജയരാജും ഒാരോ അഭിപ്രായങ്ങൾ പറയുമ്പോൾ ഒരു നിസ്സാരനെ പോലെ ഇരുന്ന് അതൊക്കെ കേട്ട് മനസ്സിലാക്കുന്ന അദ്ദേഹത്തെ ഇപ്പോഴും ഒാർക്കുന്നു. സംഗീതം സർവസിരകളിലും പ്രവഹിക്കുന്ന ഒരു പ്രതിഭയാണ് അദ്ദേഹം. എന്നിട്ടും ഞങ്ങളുടെ അഭിപ്രായങ്ങളെ അദ്ദേഹം വില വച്ചു. ഭയാനകത്തിന് മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ച ശേഷം അതുമായി ബന്ധപ്പെട്ടു നടന്ന ഒരു ചടങ്ങിൽ അദ്ദേഹവുമായി സംസാരിച്ചപ്പോൾ ഇത്രയും കാലം അവാർഡുകൾ കിട്ടാതെ പോയത് എന്തു കൊണ്ടാണ് എന്നു ഞാൻ ചോദിച്ചു. ‘ഞാൻ ചെയ്ത സിനിമകൾ പലതും അവാർഡുകളുടെ പരിധിയിൽ വരുന്നതായിരുന്നില്ല. പലതും സമ്പൂർണ കച്ചവട സ്വഭാവമുള്ള സിനിമകളായിരുന്നു. അത്തരം സിനിമകൾ സാധാരണ ആരും അന്നൊക്കെ അവാർഡിന് അയക്കാറില്ല. ജനങ്ങൾക്കിഷ്ടപ്പെട്ട പല ഗാനങ്ങളും ചെയ്യാൻ സാധിച്ചതിൽ സന്തോഷം’ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. 

 

അതാതു കാലങ്ങളിൽ അവാർഡ് കമ്മറ്റികളുടെ പരിഗണനയിൽ  വരുന്ന സിനിമകളിലായിരുന്നില്ല എന്നുള്ളതു കൊണ്ട് ലഭിക്കാമായിരുന്ന ഒരുപാട് പുരസ്കാരങ്ങൾ അദ്ദേഹത്തിനു നഷ്ടപെട്ടു. പക്ഷേ ഒന്നിനോടും പരിഭവമില്ലാതിരുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ആ ഹൃദയനൈർമല്യം അദ്ദേഹം അവസാനം വരെ കാത്തു സൂക്ഷിച്ചു. കഴിഞ്ഞ പിറന്നാൾ ദിനത്തിലും അദ്ദേഹവുമായി ഞാൻ സംസാരിച്ചിരുന്നു. അന്ന് വലിയ അവശതയുണ്ടായിരുന്നു. കാണണമെന്നു പറഞ്ഞു. പക്ഷേ കാണാൻ സാധിച്ചില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷവും നമുക്കു ചുറ്റുമുള്ള പ്രത്യേക സാഹചര്യങ്ങളാൽ ആ കാൽ തൊട്ടു വന്ദിക്കാൻ‌ സാധിക്കാതെ പോയി. സത്യത്തിൽ വലിയ സങ്കടമുള്ള ഒരു വേർപാടാണ് മാഷിന്റേത്. ഇത്രയും ആരാധനയോടെ നാം അദ്ദേഹത്തെ നോക്കി കാണുമ്പോഴും നമ്മളെക്കാൾ മണ്ണിൽ തൊട്ടു നിൽക്കുന്നയാൾ എന്നൊരു ബോധം ഉണ്ടാക്കാൻ മാഷിന്റെ ഒാരോ പെരുമാറ്റത്തിനും കഴിഞ്ഞിരുന്നു എന്നുള്ളതാണ് സത്യം. മാഷിന്റെ സമീപനങ്ങളിൽ എല്ലാം അതു നിഴലിച്ചിരുന്നു. 

 

 

ദുഃഖമെന്ന 

നദിയിൽ മുങ്ങുമ്പൊഴും, 

ഭഗ്നമാം പ്രണയത്തെ 

മീട്ടുമ്പൊഴും, 

നിസ്തുല രാഗ– 

ഭംഗിയിൽ നീ തീർത്ത– 

തെത്രയെത്ര 

വിധുര ഗീതങ്ങൾ... 

തൊട്ടതെല്ലാം 

മധുരം; വിരഹവും 

സ്വപ്നവും വിലാ– 

പങ്ങളും നീറ്റിയ 

സ്വർഗജാതമാം 

നിന്റെ സംഗീതം, 

നിർഭരം, 

നിലയ്ക്കാതെയീ മണ്ണിൽ 

നിത്യമിങ്ങനെ 

സ്പന്ദിച്ചു നിൽക്കയാൽ 

എത്രദൂരെ 

മറഞ്ഞു നീയെങ്കിലും, 

ഒപ്പമില്ലിനി 

നീയെന്നിരിക്കിലും 

എത്രമേൽ 

ഋതുക്കൾ വന്നുപോകിലും, 

ഒപ്പമുണ്ട് നിൻ 

പാട്ടിന്റെ സാന്ത്വനം 

ഒപ്പമുണ്ട് നിൻ 

പാട്ടിലെ നൊമ്പരം. 

 

രൺജി പണിക്കർ

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com