ADVERTISEMENT

അഭയാർഥികളുടെ ദുരിതത്തെക്കുറിച്ച് ഗായകൻ ഷഹബാസ് അമൻ പങ്കുവച്ച പാട്ടും കുറിപ്പും വൈറലാകുന്നു. 1967–ല്‍ പുറത്തിറങ്ങിയ ‘ഉപ്കാർ’ എന്ന ചിത്രത്തിനു വേണ്ടി മന്നാ ഡേ ആലപിച്ച ഗാനമാണ് ഷഹബാസ് അമൻ പാടിയത്. സച്ചിൻ ബാലുവാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. അഭയാർഥികൾ പലായനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഉൾപ്പെടുത്തിയാണ് പാട്ടിന്റെവിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

 

രോഹിൻഗ്യകൾ പട്ടിണി കിടന്നു മരിച്ചതിനെക്കുറിച്ചു പ്രതിപാദിച്ചുകൊണ്ടാണ് ഗായകന്റെ കുറിപ്പ് ആരംഭിക്കുന്നത്. പാവങ്ങൾ ആരൊക്കെയാണെന്നും പ്രബലർ ആരൊക്കെയാണെന്നും അവർ ഏതൊക്കെ തട്ടുകളിലാണെന്നും കോവിഡ് കാലം നമുക്ക് മനസിലാക്കി തന്നു. ഗതിക്കെന്ന പോലെ ഗതികേടിനും പല തട്ടുകളുണ്ട്. തനിക്കു താഴെ ഒരാളെയെങ്കിലും കാണാനായാൽ ഉള്ള സുരക്ഷയിൽ കൃതജ്ഞത പ്രകടിപ്പിക്കണം എന്നും ഗായകൻ കുറിച്ചു. 

 

ഷഹബാസ് അമന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

 

‘നടുക്കടലില്‍ രണ്ട് മാസം; 32 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ പട്ടിണി കിടന്ന് മരിച്ചു. ധാരാവിയിലെയും സ്ഥിതിയൊക്കെ കഷ്ടമാണ്. അങ്ങനെ ഏതെല്ലാം ഇടങ്ങളിൽ എത്ര പേർ? കൃത്യ കണക്കൊക്കെ നമുക്ക്‌ വല്ലതും അറിയാമോ? കടൽ ആരുടേതാണ്? കര ആരുടേതാണ്? അതിർത്തികൾ ആരുടേതാണ്? ബന്ധങ്ങൾ.. പ്രതിജ്ഞ.. സ്നേഹം.. എന്നൊക്കെ പറയുന്നത്‌ കേവലം വാക്കുകൾ മാത്രമാണ്. വാക്കുകൾ കൊണ്ടെന്തു കാര്യം.

 

"പച്ചപ്പാവങ്ങൾ" ആരൊക്കെയാണെന്നും ശരിക്കും ആരൊക്കെ ഏതൊക്കെ തട്ടുകളിൽ ആണു പ്രിവിലജ്ഡ്‌ ആയിട്ടുള്ളതെന്നും അല്ലാത്തതെന്നും ഈ കോവിഡ്‌ കാലത്ത്‌ നമ്മൾ കണ്ടു. ‘സ്റ്റേ അറ്റ്‌ 'ഹോം’ എന്ന വാക്കിനോട്‌ പ്രതികരിച്ച്‌ പണിസ്ഥലങ്ങളിൽ നിന്നും സമരപ്പന്തലുകളിൽ നിന്നും വിനോദാലയങ്ങളിൽനിന്നും ആരാധനാലയങ്ങളിൽ നിന്നുമൊക്കെ എണീറ്റ്‌ പോകാൻ 'വീടുകൾ' (വാടകയെങ്കിൽ വാടക) ഉള്ളവരാണു നമ്മളിൽ മിക്കവരും എന്ന് പരസ്പരം മനസ്സിലായിക്കാണണം എല്ലാവർക്കും. 

 

ഒന്നു പേടിച്ചാൽ വേണ്ടെന്ന് വെക്കാവുന്ന കാര്യങ്ങളാണു നമ്മുടെയൊക്കെ (എല്ലാവരുടെയുമല്ല) കയ്യിലിരിക്കുന്നതിൽ അധികവും. ഇനി അത്ര അത്യാവശ്യക്കാർക്ക്‌‌ മാത്രമേ പണിയുടെ പരിവട്ടം‌ പറയാൻ അവകാശമുള്ളു. ശരിക്കും 'ഗതികെട്ടവർ' ആരൊക്കെ എന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ എല്ലാവർക്കും‌ കാണാം. ഗതിക്കെന്ന പോലെ ഗതികേടിനും പല തട്ടുകളുണ്ടെന്നറിയണം. സ്വയം അതിൽ ഏത്‌ തട്ടിലാണെന്ന് നെഞ്ചത്ത്‌ കൈ വെച്ച്‌ സ്വയം ഒന്ന് ചോദിക്കണം. തനിക്കു താഴെ ഒരാളെയെങ്കിലും കാണാനായാൽ ഉള്ള സുരക്ഷയിൽ അൽപ്പമെങ്കിലും കൃതജ്ഞരാവാനും കുറച്ച്‌ ക്ഷമയുള്ളവരാകാനും നമ്മൾ മറക്കാതിരിക്കണം’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com