ADVERTISEMENT

ലണ്ടനിൽ നിന്നു തിരിച്ചെത്തിയ ശേഷം ആർക്കു വേണ്ടിയും പാർട്ടി നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് ഗായിക കനിക കപൂർ. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലാണ് വിവിധ പരിപാടികളിൽ പങ്കെടുത്തതെന്നും കനിക കപൂർ പറഞ്ഞു. കോവിഡ് രോഗവിമുക്ത ആയതിനു ശേഷം വീട്ടിലെത്തിയ കനിക കപൂർ ഇതാദ്യമായാണ് തനിക്കെതിരെ പ്രചരിച്ച ആരോപണങ്ങൾക്കു മറുപടി പറയുന്നത്. കോവിഡ് വ്യാപനത്തിന് മനഃപൂർവം വഴിയൊരുക്കിയെന്ന വിമർശനത്തെ ഗായിക തള്ളി. 

 

ആളുകൾ അവർക്കിഷ്ടമുള്ള രീതിയിലാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും തെറ്റായ ധാരണകള്‍ക്കു മുൻപിൽ മനഃപൂർവം മൗനം പാലിച്ചതാണെന്നും ഗായിക വെളിപ്പെടുത്തി. ലണ്ടനിലും മുംബൈയിലും ലഖ്നൗവിലും വച്ച് സമ്പർക്കം പുലർത്തിയ ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ആരോപണങ്ങൾ ഒരിക്കലും സത്യത്തെ മാറ്റി നിർത്തില്ലെന്നും കനിക സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിന്ന എല്ലാവരോടും ഗായിക നന്ദി പറഞ്ഞു. 

 

View this post on Instagram

Stay Home Stay Safe 🙏🏼

A post shared by Kanika Kapoor (@kanik4kapoor) on

കനിക കപൂറിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ്:

 

‘ഇത്രയും നാൾ ഞാൻ നിശബ്ദയായിരുന്നത് എന്റെ ഭാഗത്ത് തെറ്റ് ഉള്ളതു കൊണ്ടല്ല. മറ്റുള്ളവർ അവർക്കിഷ്ടമുള്ള രീതിയിലാണ് കാര്യങ്ങളെ കാണുന്നത്. അങ്ങനെയാണ് എന്നെ സംബന്ധിച്ച് ചില തെറ്റായ ധാരണകൾ പുറത്തു വന്നത്. ഈ പരീക്ഷണ ഘട്ടങ്ങളിൽ എല്ലാ വിധ പിന്തുണയും നൽകി എനിക്കൊപ്പം നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദി പറയുന്നു. ഞാൻ ഇപ്പോൾ ലഖ്നൗവിൽ എന്റെ മാതാപിതാക്കൾക്കൊപ്പം കഴിയുകയാണ്. ഈ അവസരത്തിൽ യാഥാർഥ്യത്തെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്തണമെന്നു തോന്നി. അതുകൊണ്ടാണ് ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. 

 

ലണ്ടനിലും മുംബൈയിലും ലഖ്നൗവിലും വച്ച് ഞാൻ സമ്പർക്കം പുലർത്തിയ ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്. അവർക്കാർക്കും രോഗലക്ഷണങ്ങൾ പോലുമില്ല. ബ്രിട്ടനിൽ നിന്ന് മാർച്ച് 10–നാണ് ഞാൻ മുംബൈയിൽ തിരിച്ചെത്തിയത്. വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയയായിരുന്നു. (ആ സമയത്ത് യാത്രാ ഉപദേശകസമിതി നിലവിൽ വന്നിരുന്നില്ല) അടുത്ത ദിവസം തന്നെ ഞാന്‍ എന്റെ കുടുംബാംഗങ്ങളെ കാണാൻ വേണ്ടി ലഖ്നൗവിെലത്തി. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് ക്വാറന്റീനിൽ കഴിയാതിരുന്നത്. മാർച്ച് 13, 14 തിയതികളിൽ സുഹൃത്തിന്റെ വിരുന്നിൽ പങ്കെടുത്തു. ഉച്ചയ്ക്കും രാത്രിയിലും അവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്. ഞാൻ ആർക്കു വേണ്ടിയും പാർട്ടി നടത്തിയിട്ടില്ല. 

 

പരിപാടികളിൽ പങ്കെടുക്കുമ്പോൾ എനിക്ക് യാതൊരു രോഗ ലക്ഷണവും ഇല്ലായിരുന്നു. പൂർണ ആരോഗ്യവതിയായിരുന്നു ഞാൻ. മാർച്ച് 17–നാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. പിറ്റേ ദിവസം കോവിഡ് പരിശോധനയ്ക്കു വിധേയയായി. ഇരുപതാം തിയതി പരിശോധനാഫലം പോസിറ്റീവ് ആയി. അങ്ങനെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. മൂന്ന് തവണ പരിശോധിച്ചപ്പോഴും നെഗറ്റീവ് ഫലം കണ്ടതിനു ശേഷമാണ് ഞാൻ ആശുപത്രി വിട്ടത്. ഇപ്പോൾ ഇരുപത്തിയൊന്ന് ദിവസത്തെ ക്വാറന്റീനിൽ ആണ് ഞാൻ.

 

ഈ അവസരത്തിൽ ആരോഗ്യ പ്രവർത്തകരോടു പ്രത്യേകമായി നന്ദി അറിയിക്കുകയാണ്. വളരെ വൈകാരികമായ സമയത്ത് അവർ മികച്ച രീതിയിലാണ് എന്നെ പരിചരിച്ചത്. സത്യസന്ധത കൊണ്ടും അവബോധം കൊണ്ടും ഇത്തരം പരീക്ഷണ ഘട്ടങ്ങളെ അതിജീവിക്കാൻ എല്ലാവർക്കും സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലവാരും സുരക്ഷിതരായിരിക്കാൻ വേണ്ടി ഞാൻ പ്രാർഥിക്കുന്നു. ഒരു വ്യക്തിക്കു നേരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഒരിക്കലും യാഥാർഥ്യത്തെ മാറ്റിയെഴുതില്ല എന്ന് ഓർമിക്കുന്നു’.  

 

കോവിഡ് ബാധിച്ച് രണ്ടാഴ്ചയിലധികം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കനികയ്ക്ക് ആറാം ഘട്ട പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. വിദേശത്തു നിന്നും മടങ്ങിയെത്തിയതിനു ശേഷം ക്വാറന്റീനിൽ കഴിയേണ്ടതിനു പകരം വിരുന്നുകളിലും മറ്റും പങ്കെടുത്തതിനു കനികയ്ക്കെതിരെ കേസെടുത്തിരുന്നു. ആശുപത്രി വിട്ടെങ്കിലും 21 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് ആശുപത്രി അധികൃതർ നൽകിയിരിക്കുന്ന കർശന നിർദ്ദേശം. ലഖ്നൗവിലെ വീട്ടിൽ ഇപ്പോൾ മാതാപിതാക്കൾക്കൊപ്പം കഴിയുകയാണ് കനിക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com