ADVERTISEMENT

കോവിഡ് 19 രോഗബാധിതരുടെ ചികിത്സയ്ക്കായി രക്തത്തിലെ പ്ലാസ്മ ദാനം ചെയ്യാൻ ഗായിക കനിക കപൂർ സന്നദ്ധത അറിയിച്ചതായി ലഖ്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി (കെജിഎംയു) അധികൃതർ. കനികയുടെ രക്ത സാമ്പിളുകൾ ആശുപത്രിയിൽ പരിശോധനയ്ക്കായ് നൽകിയിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

 

ലഖ്നൗ ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ കോവിഡ് രോഗികളിൽ പ്ലാസ്മ ചികിത്സ പരീക്ഷിക്കാൻ ആരംഭിച്ചിട്ടുണ്ട്. കോവിഡ് ഭേദപ്പെട്ടവരുടെ രക്തത്തിൽ നിന്നും ആന്റിബോഡി ഉപയോഗപ്പെടുത്തിയാണ് പ്ലാസ്മ ചികിത്സ. ഇതിനായി പ്ലാസ്മ ശേഖരിക്കും. കനിക കപൂറിന്റെ രക്ത പരിശോധനാഫലം അനുകൂലമായാൽ കോവിഡ് ചികിത്സയ്ക്കായ് കനികയുടെ പ്ലാസ്മ സ്വീകരിക്കുമെന്ന് കെജിഎംയു മെഡിക്കൽ കോളജിലെ രക്തകൈമാറ്റ വിഭാഗം മേധാവി തൂലിക ചന്ദ്ര അറിയിച്ചു. 

 

‘പ്ലാസ്മ നൽകുന്നതിന് കെജിഎംയു ഡോക്ടർമാരോട് കനിക തിങ്കളാഴ്ച താത്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അവരെ വിളിക്കുകയും പരിശോധനയ്ക്കായ് രക്ത സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. രക്തപരിശോധനാഫലത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ അവരെ പ്ലാസ്മ ശേഖരിക്കാനായി ആശുപത്രിയിലേക്കു വിളിപ്പിക്കും’.– തൂലിക ചന്ദ്ര പറഞ്ഞു.

 

കോവിഡ് ബാധിച്ച കനിക, ലഖ്നൗ സഞ്ജയ്ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ചികിത്സയിൽ കഴിഞ്ഞത്. വിദേശത്തു നിന്നും മടങ്ങിയെത്തിയ ഗായിക, കോവിഡ് പോസ്റ്റീവ് ആയതോടെ രണ്ടാഴ്ചയിലധികം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറാം ഘട്ട പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. ആശുപത്രി വിട്ടെങ്കിലും 21 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് ആശുപത്രി അധികൃതർ നൽകിയിരിക്കുന്ന കർശന നിർദ്ദേശം. ലഖ്നൗവിലെ വീട്ടിൽ ഇപ്പോൾ മാതാപിതാക്കൾക്കൊപ്പം കഴിയുകയാണ് കനിക.

 

വിദേശത്തു നിന്നും മടങ്ങിയെത്തിയതിനു ശേഷം ക്വാറന്റീനിൽ കഴിയേണ്ടതിനു പകരം വിരുന്നുകളിലും മറ്റും പങ്കെടുത്തതിനു കനികയ്ക്കെതിരെ കേസെടുത്തിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com