ADVERTISEMENT

ലോക്ഡൗണിൽ ഇരുന്നൂറു ഗായകർക്കൊപ്പം പാട്ടു പാടി ഇതിഹാസ ഗായിക ആശ ഭോസ്‌ലെ. കോവിഡ് ഭീതിയിൽ കഴിയുന്ന രാജ്യത്തിനു വേണ്ടി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണം എന്ന ചിന്തയാണ് ഈ ശാന്തി ഗീതത്തിനു പിന്നിലെന്ന് ഗായിക ദേശീയ വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുറത്തിറങ്ങാനോ ഒരുമിച്ചു കാണനോ സാഹചര്യമില്ലാത്തതിനാൽ എല്ലാവരും വീടുകളിൽ ഇരുന്നു തന്നെയാണ് പാട്ടു പാടി റെക്കോർഡ് ചെയ്തത്. പ്രതിസന്ധി ഘട്ടത്തിലും ഒരേ കുടുംബത്തിലെ അംഗങ്ങളെ പോലെ ഒരുമയോടെ നിൽക്കുന്ന രാജ്യത്തെ ഓരോ പൗരനും വേണ്ടിയുള്ള സമർപ്പണമാണ് ഈ ഗാനമെന്ന് ആശ ഭോസ്‌ലെ പറഞ്ഞു. 

 

 

ആശ ഭോസ്‌ലെയുടെ വാക്കുകൾ:

 

‘കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിനു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് ഞാൻ അധികാരികളോട് ചോദിച്ചിരുന്നു. എന്നാൽ സുരക്ഷിതമായി വീട്ടിൽ തന്നെ കഴിയണമെന്ന നിർദ്ദേശമാണ് ലഭിച്ചത്. വീട്ടിൽ ഇരുന്നപ്പോഴും എന്റെ മനസ് അസ്വസ്ഥമായിരുന്നു. ഏതെങ്കിലും വിധത്തിൽ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ പണം കൈ മാറിയിരുന്നു. എന്നാൽ അതു കൊണ്ടു മാത്രം ഞാൻ സംതൃപ്ത ആയിരുന്നില്ല. അങ്ങനെയാണ് രാജ്യത്തിനു വേണ്ടി പാട്ടൊരുക്കാൻ തീരുമാനിച്ചത്. ഏകദേശം രണ്ടു മാസമായി 130 കോടി ജനങ്ങൾ ലോക്ഡൗണിൽ കഴിയുകയാണ്. ഈ സമയത്ത് ഇരുന്നൂറോളം കലാകാരന്മാരെ സംയോജിപ്പിച്ചു പാട്ടൊരുക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അതിന് ഐ എസ് ആർ (ഇന്ത്യൻ സിംഗേഴ്സ് അസോസിയേഷൻ) ഒരുപാട് സഹായിച്ചു. 

 

എന്റെ അഭ്യർത്ഥന പ്രകാരം ശങ്കർ മഹാദേവനും ശ്രീനിവാസനും പാട്ട് ചിട്ടപ്പെടുത്താമെന്നും പ്രസൂൺ ജോഷി വരികളെഴുതാമെന്നും സമ്മതിച്ചു. പതിനാലു ഭാഷകൾ സമന്വയിപ്പിച്ചാണ് പാട്ടൊരുക്കിയത്. അതിൽ ഞാൻ സംസ്കൃതത്തിലാണ് പാടിയത്. രാജ്യത്തെ ഒട്ടു മിക്ക ഭാഷകളും പിറവിയെടുത്തത് സംസ്‌കൃതത്തിൽ നിന്നാണല്ലോ. എല്ലാവരും വ്യത്യസ്ത ഇടങ്ങളിൽ ആയതുകൊണ്ടു തന്നെ പാട്ടിന്റെ റെക്കോർഡിങ് അത്ര എളുപ്പമായിരുന്നില്ല. പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്നും ലഭ്യമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പാട്ട് പൂർത്തിയാക്കിയത്. ഞാൻ വീട്ടിലിരുന്നു തന്നെ പാടി ഫോണിൽ റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്തു. അങ്ങനെ തന്നെ ഓരോരുത്തരും ചെയ്തു. അത് അത്ര സുഖകരവും എളുപ്പവുമായിരുന്നില്ല. എന്നിരുന്നാൽ പോലും ഞങ്ങളുടെ പ്രയത്നം പാഴായില്ല. മനുഷ്യന് ഏതു സാഹചര്യത്തിലും മികച്ച കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഈ പാട്ടനുഭവം പഠിപ്പിച്ചു’. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com