ADVERTISEMENT

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നു സ്തംഭിച്ച മ്യൂസിക് ഇൻഡസ്ട്രിക്ക് പുത്തനുണർവ് പകരുകയാണ് ലേഡി ഗാഗയും അരിയാന ഗ്രാൻഡെയും.  ഇവർ രണ്ടുപേരും ഒത്തുചേർന്ന അപ്ബീറ്റ് വിഡിയോ, 'റെയിൻ ഓൺ മി' എന്ന ഗാനം ഈ മഹാമാരിക്കാലത്ത് വിഷാദത്തിലാണ്ട സംഗീതപ്രേമികളെ സ്വയം മറന്നു നൃത്തം ചെയ്യിക്കും. ലേഡി ഗാഗക്കും അരിയാന ഗ്രാൻഡെക്കും ഒപ്പം ഒരു സംഘം ഗായകരും കോറസ് പാടാനായുണ്ട്. ദുഖത്തിലെങ്കിലും നാം ജീവിച്ചിരിക്കുന്നു നമുക്ക് അതാഘോഷിക്കാം എന്ന് അർഥം വരുന്ന ഗാനം എല്ലാ വ്യഥകളെയും മറന്ന് ജീവിതം ആഘോഷിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്.  ലേഡി ഗാഗയും  അരിയാന ഗ്രാൻഡെയും മത്സരിച്ചഭിനയിച്ച ഈ മ്യൂസിക് ആൽബം കാണികളെ ത്രസിപ്പിച്ചു മുന്നേറുകയാണ്.

 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലേഡി ഗാഗ ഈ മ്യൂസിക് വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തത്. തുടയിൽ കത്തിക്കുത്തേറ്റ് തറയിൽ കിടക്കുന്ന ഒരു ആർട്ടിസ്റ്റിന്റെ ഷോട്ടോടുകൂടിയാണ് ആൽബം തുടങ്ങുന്നത്. പാപങ്ങൾ കഴുകിക്കളയാനെന്നോണം വിഡിയോയിൽ ഉടനീളം മഴ പെയ്യുന്നുണ്ട്. പിങ്ക് ബോഡി സ്യൂട്ടും കോംബാറ്റ് ബൂട്ടും ധരിച്ചു മഴയിൽ കുതിർന്നു കിടക്കുന്ന പെൺകുട്ടിയുടെ മുകളിലേക്കു കത്തികൾ പതിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിഡിയോയിൽ ഒരു മിനിറ്റോളം ഗ്രാൻഡെ പ്രത്യക്ഷപ്പെടുന്നുണ്ട്. അവരുടെ പിന്നിൽ ഒരു ഡാൻസ് ട്രൂപ്പും. ഗ്രാൻഡെയും ഗാഗയും കൈകോർത്ത് നൃത്തം ചെയ്യുന്നത്തിലൂടെ വിഡിയോ അവസാനിക്കുന്നു.

 

മെയ് 29 ന് ലേഡി ഗാഗയുടെ "ക്രോമാറ്റിക്ക" എന്ന ആൽബം റിലീസ് ചെയ്യാനിരിക്കുകയാണ്. ആൽബത്തിൽ ഗ്രാൻഡെയെ കൂടാതെ എൽട്ടൺ ജോൺ, ബ്ലാക്ക്പിങ്ക് എന്നിവരുമുണ്ടാകുമെന്നു ഗാഗ വെളിപ്പെടുത്തിക്കഴിഞ്ഞു.  

 

താൻ തന്റെ ആരാധകരെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് കാണിക്കുന്നതിനായാണ് ഈ ആൽബം ചെയ്തത് എന്നാണ് ഗാഗ പറയുന്നത്, മാത്രമല്ല ആരാധകർക്ക് അത് തന്റെ സംഗീതത്തിലൂടെ മനസ്സിലാക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. “ഓരോരുത്തരുടെയും അടുത്തേക്ക് ചെന്ന് ആശ്വസിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല, ഇത് എനിക്ക് അവരോടുള്ള സ്നേഹമാണെന്നു അവർ മനസ്സിലാക്കുകയും എല്ലാ വേദനയും മറന്നു നൃത്തം ചെയ്യാൻ  അവർക്കു കഴിയുമെന്നും ഞാൻ പ്രത്യാശിക്കുന്നു,” ലേഡി ഗാഗ വ്യക്തമാക്കി. 

 

ഫെബ്രുവരിയിൽ പുറത്തിറങ്ങിയ "സ്റ്റുപ്പിഡ് ലവ്" എന്ന ആൽബത്തിലൂടെയാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോപ്പിലേക്കുള്ള തിരിച്ചുവരവ് ഗാഗ നടത്തിയത്. അതിനു ശേഷമുള്ള ഗാനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന “റെയിൻ ഓൺ മി”. ഗാഗയുടെ തിരിച്ചുവരവിന് ആരാധകർ വമ്പൻ സ്വീകരണമാണ് നൽകിയിരിക്കുന്നത്. മെയ് 22ന് റിലീസ് ചെയ്ത ആൽബം ഇതിനോടകം തന്നെ നാല് കോടിയിലധികം ആളുകൾ യൂട്യൂബിൽ കണ്ടുകഴിഞ്ഞു. ലോകമെമ്പാടും വ്യാപിച്ച കോവിഡ് ഏൽപ്പിച്ച ആഘാതത്തിനിടയിൽ ഗാഗയുടെ "റൈൻ ഓൺ മി" പുത്തനുണർവ് നൽകിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com