ADVERTISEMENT

മലയാളത്തിന്റെ അക്ഷര ചക്രവർത്തി ഒഎൻവിയുടെ നവതി വർഷാചരണത്തിന് ബുധനാഴ്ച തുടക്കമായി. ഈ അവസരത്തിൽ പ്രിയ കവിയുടെ ഓർമകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് കൊച്ചുമകളും ഗായികയുമായ അപർണ രാജീവ്.

 

മുത്തച്ഛനു നൽകിയ ഒരു സ്വീകരണ പരിപാടിയിലാണ് ലൈവ് ഓർക്കസ്ട്രയ്ക്കൊപ്പം ഞാൻ ആദ്യമായി പാട്ടുപാടുന്നത്. ‘മഴവിൽക്കൊടിക്കാവടി അഴകുവിടർത്തിയ’ എന്ന അദ്ദേഹത്തിന്റെ തന്നെ പാട്ടായിരുന്നു അത്. സ്കൂളിൽ ആദ്യമായി മത്സരത്തിനു ചൊല്ലിയതും കുഞ്ഞേടത്തി യെന്ന മുത്തച്ഛന്റെ കവിതയാണ്. പിന്നീട് സിനിമയിൽ പാടാൻ അവസരം ലഭിച്ചപ്പോഴും മുത്തച്ഛൻ രചിച്ചു വിദ്യാസാഗർ സർ സംഗീതം നൽകിയ ഗാനമാണ് ആദ്യമായി പാടിയത്. ആദ്യമായി എനിക്ക് അംഗീകാരം കിട്ടുന്നതും മുത്തച്ഛന്റെ ഗാനത്തിനാണ്. മിഴികൾ സാക്ഷി എന്ന ചിത്രത്തിലെ ഗാനത്തിന് ഫിലിംക്രിട്ടിക്സ് അവാർഡ് അടക്കം നിരവധി പുരസ്കാരം ലഭിച്ചു. എന്നെ ശ്രദ്ധിക്കപ്പെടുന്ന ഗായികയാക്കിയത് മുത്തച്ഛന്റെ ഗാനങ്ങളാണ്. എനിക്കുവേണ്ടി അദ്ദേഹം ഒരിക്കലും ആരോടും അവസരങ്ങൾ ചോദിച്ചില്ല.

 

സിനിമയിൽ പാടാൻ അവസരം ലഭിക്കുന്നത് യാദൃച്ഛികമായാണ്. റെക്കോർഡിങ് കഴിഞ്ഞു വന്നാൽ പാട്ട് പാടി കേൾപ്പിക്കണം. പാട്ടിന്റെ റഫ് സിഡി കൈയിൽ കരുതണം. അതു മുത്തച്ഛനു കേൾക്കണമെന്ന് നിർബന്ധമാണ്. വാക്കുകളുടെ ഉച്ചാരണത്തിൽ തെറ്റുണ്ടെങ്കിൽ പറഞ്ഞു തരും. വീണ്ടും പാടിക്കും. പാട്ട് ഇഷ്ടമായാൽ ഒന്നുകൂടി വയ്ക്കാൻ പറയും. വീണ്ടും വയ്ക്കാൻ പറഞ്ഞാൽ മുത്തച്ഛനു പാട്ട് ഒത്തിരി ഇഷ്ടമായെന്ന് മനസ്സിലാക്കാം. നല്ലതാണെങ്കിൽ പുകഴ്ത്തുകയൊന്നും ഇല്ല. മിതമായ ഭാഷയിൽ കൊള്ളാം എന്നു മാത്രമേ പറയൂ. അതു തന്നെ വലിയ അംഗീകാരമായിരുന്നു.

aparna-onv-kurup

 

മത്സരങ്ങൾക്ക് മുത്തച്ഛന്റെ ഗാനങ്ങൾ മാത്രം പാടരുതെന്നു നിർബന്ധം ഉണ്ടായിരുന്നു. പാടുന്ന പാട്ട് ഏതാണെന്ന് അന്വേഷിക്കും. ഞാൻ ഇടുന്ന വസ്ത്രം പോലും ശ്രദ്ധിച്ചിരുന്നു. നിറം ചേരുന്നതല്ലെങ്കിൽ അതും പറയും. എന്റെ എല്ലാ കാര്യങ്ങളിലും മുത്തച്ഛൻ ശ്രദ്ധ പുലർത്തിയിരുന്നു.

 

സ്കൂളിൽനിന്നു ഞാൻ വരുന്നതും കാത്ത് വഴിയിൽ നിൽക്കും. വരാൻ താമസിച്ചാൽ പരിഭവം നിറഞ്ഞ ശാസന ഉണ്ടാകും. ഉറക്കെ ദേഷ്യപ്പെടുന്ന ആളല്ല. എന്നാലും  പറയുന്നത് മനസ്സിൽ തട്ടും. എന്റെ ഒപ്പം എപ്പോഴും ഉള്ള, കൂടെ കളിക്കുന്ന മുത്തച്ഛൻ അറിയപ്പെടുന്ന എഴുത്തുകാരനാണെന്ന് അന്നറിയില്ല. അദ്ദേഹത്തിന്റെ കവിതകൾ സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു. പഠിപ്പിക്കുന്ന അധ്യാപകർക്കും എന്നോടു വലിയ വാത്സല്യമായിരുന്നു. പിന്നീടാണു മുത്തച്ഛൻ ലോകമറിയുന്ന കവിയാണെന്നു മനസ്സിലാക്കുന്നത്. ജീവിതത്തിൽ എന്നും ചേർത്തുവയ്ക്കാവുന്ന ഒത്തിരി ഓർമകളുണ്ട് മുത്തച്ഛനെക്കുറിച്ച്. അദ്ദേഹത്തിന്റെ കൊച്ചുമകളായി ജനിച്ചതിൽ അഭിമാനിക്കുന്നു. ഗായികയായി അറിയപ്പെടുന്നുണ്ടെങ്കിലും ഒഎൻവിയുടെ കൊച്ചുമകൾ എന്ന മേൽവിലാസം വലിയ ഭാഗ്യമായാണു കരുതുന്നത്.

 

അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ മക്കളിലോ കൊച്ചുമക്കളിലോ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ല. പാട്ട് ജോലിയായി തിരഞ്ഞെടുത്തിരുന്നില്ല ഞാൻ. എന്നാലും പാടുന്നത് മുത്തച്ഛനു വലിയ സന്തോഷമായിരുന്നു. എന്റെ വിവാഹത്തിന് എന്റെ താൽപര്യത്തിനാണ് മുത്തച്ഛൻ പരിഗണന നൽകിയത്. അച്്ഛന്റെ സുഹൃത്തിന്റെ മകനാണ് ഭർത്താവ് സിദ്ധാർഥ്. ഞങ്ങളുടെ ബന്ധത്തിലും മുത്തച്ഛന് വലിയ സന്തോഷമായിരുന്നു. മുത്തച്ഛന്റെയും സിദ്ധാർഥിന്റെയും ജന്മദിനം മേയ് 27 ആണ് എന്നൊരു യാദൃച്ഛികതയുമുണ്ട്.

 

മോൻ ഉണ്ടായപ്പോൾ മുത്തച്ഛനാണ് ഗൗതം എന്നു പേരിട്ടത്. മുത്തച്ഛനെ ചെറുപ്പത്തിൽ അപ്പു എന്നാണ് വിളിച്ചിരുന്നത്. ആ പേരാണ് മുത്തച്ഛൻ ഗൗതമിനെയും വിളിച്ചിരുന്നത്. അവന് നാലു വയസ്സുള്ളപ്പോഴാണ് മുത്തച്ഛൻ മരിക്കുന്നത്. ആശുപത്രിയിൽ വച്ച് മുത്തച്ഛൻ ഗൗതമിനെ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണ സമയത്ത് അടുത്തില്ലാതെ പോയി എന്നത് വലിയ സങ്കടമായിരുന്നു.

 

സംഗീതത്തിനു മാത്രമല്ല എന്റെ ജീവിതത്തിനും താങ്ങും തണലുമായിരുന്നു മുത്തച്ഛൻ. അദ്ദേഹം ജീവിച്ചിരിപ്പില്ല എന്ന സത്യവുമായി പൊരുത്തപ്പെട്ടുപോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ശൂന്യതയാണ് ആ മരണം എൽപ്പിച്ചത്. എന്റെ പാട്ട് മുത്തച്ഛൻ തന്നെയായിരുന്നു. അതിൽ നിറഞ്ഞു നിന്നതും അദ്ദേഹം തന്നെയാണ്. മുത്തച്ഛന്റെ മരണശേഷം എന്റെ പാട്ടിനു ലയമില്ലെന്നു തോന്നി. മുത്തച്ഛന്‍ വിടവാങ്ങിയശേഷം പാടിത്തുടങ്ങിയപ്പോൾ വലിയ ശൂന്യത തോന്നി.

 

ഞങ്ങൾക്കെല്ലാം ഒപ്പം അദൃശ്യനായി മുത്തച്ഛൻ ഉണ്ടെന്നാണ് വിശ്വാസം. ഇപ്പോഴും പരിപാടിക്ക് പോകുമ്പോൾ ഫോട്ടോയ്ക്കു മുന്നിൽ പ്രാർഥിക്കാറുണ്ട്. അദൃശ്യമായി ശക്തമായ സാന്നിധ്യം എപ്പോഴുമുണ്ട്. അതെങ്ങനെ പറയണമെന്നറിയില്ല. മുന്നോട്ടു പോകാനുള്ള ധൈര്യം മുത്തച്ഛനാണ്. എന്റെ ഇളയ മോളെ മുത്തച്ഛൻ കണ്ടില്ല എന്ന വലിയ സങ്കടം ഉണ്ട്. അവൾക്ക് ഇപ്പോൾ ഒരു വയസ്സായി. ലയ എന്നാണ് പേരിട്ടിരിക്കുന്നത്.

 

കഴിഞ്ഞ മൂന്നു വർഷമായി ഒഎൻ വി കൾച്ചറൽ അക്കാദമി മേയ് 27 ന് പരിപാടി നടത്തുന്നു. ഒഎൻവിയുടെ പേരിൽ സാഹിത്യ പുരസ്കാരവും നൽകുന്നുണ്ട്. ആദരഗാനവും അക്കാദമി തയാറാക്കുന്നുണ്ട്. മനോരമ മ്യൂസിക്കാണ് വിഡിയോ ഗാനം പുറത്തിറക്കുന്നത്. അതിൽ ജയേട്ടന്‍, ചിത്രച്ചേച്ചി എന്നിവർക്കൊപ്പം ഞാനും പങ്കു ചേരുന്നു എന്നത് വലിയ സന്തോഷമാണ്.

 

തയാറാക്കിയത്: രശ്മി ഭാസി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com