ADVERTISEMENT

പ്രണയം. മൂന്നക്ഷരത്തിൽ ഒതുക്കാനാകാത്ത നിത്യ വസന്തം. ഹൃദയവല്ലരിയിൽ തളിരിട്ട് പൂക്കാലം തീർത്ത് യൗവനത്തിന് നിറം പകരുന്ന വിസ്മയം. പ്രണയത്തെക്കുറിച്ച് എങ്ങനെ വർണിച്ചാലാണ് മതിവരിക. എന്തിനോടാണ് അതിനെ ഉപമിക്കുക. പ്രണയിക്കാത്തവരും പ്രണയത്തെക്കുറിച്ച് വാചാലരാകാത്തവരുമായി ആരുണ്ട്. ആ സുഗന്ധം ആസ്വദിച്ചവർ അതിനെക്കുറിച്ച് എഴുതി, മറ്റു ചിലർ തീവ്രമായി ചിന്തിച്ചു. വേറെ ചിലർ അതിനെ വർണിച്ചു പാടി. ചിലർ പ്രണയത്തെക്കുറിച്ച് കാലത്തിനു വിസ്മരിക്കാനാകാത്ത ഈണങ്ങൾ നൽകി. അത്തരത്തിൽ പ്രണയ ഗാനങ്ങൾക്കു സംഗീതം പകർന്ന് മധുരം വിളമ്പിയ സംഗീത സംവിധായകനാണ് എം.ജയചന്ദ്രൻ. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾവിക്കാരുടെ ഹൃദയത്തിലേക്ക് പതിയെ ഒഴുകിയിറങ്ങുകയായിരുന്നില്ല, നിലയ്ക്കാതെ പ്രവഹിക്കുകയായിരുന്നു. മെലഡികളിലൂടെ മാത്രമല്ല ജയചന്ദ്രൻ പ്രണയ വർണങ്ങൾ പകർന്നത്. പ്രണയത്തിന്റെ എല്ലാ ഭാവങ്ങളെയും രചയിതാക്കൾ കടലാസിൽ കോറിയിട്ടപ്പോൾ ജയചന്ദ്രൻ അതിനു നൽകിയത് അനശ്വരമാർന്ന സംഗീതമാണ്. കാലം എത്ര കഴിഞ്ഞിട്ടും ജയരാഗങ്ങൾക്ക് അതേ ശോഭ. അതൊരു മാന്ത്രികതയാണ്. എം.ജയചന്ദ്രൻ എന്ന മാന്ത്രികനു മാത്രം സാധ്യമായ മായാജാലം. ജയചന്ദ്രൻ ഈണം കൊടുത്ത പ്രണയ ഗാനങ്ങളെ തരംതിരിക്കുക പ്രയാസമാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അദ്ദേഹം ഈണമിട്ട ചില പ്രണയഗാനങ്ങളിലൂടെ....

 

‘കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു

കാലവും കടന്നുപോയ് വേനലിൽ ദലങ്ങൾ പോൽ

വളകൾ ഊർന്നു പോയി

ഓർത്തിരുന്നു ഓർത്തിരുന്നു നിഴലുപോലെ ചിറകൊടിഞ്ഞു

കാറ്റിലാടി നാളമായ് നൂലുപോലെ നേർത്തുപോയ്

ചിരി മറന്നു പോയി......’

 

ഉയിർ പിരിയും നാൾ വരെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന ഗാനം. കണ്ണു നിറയാതെ കണ്ടിരിക്കുന്നവർ വിരളം. കമിതാക്കൾക്ക് ഇത്രയും ആഴമായി പരസ്പരം സ്നേഹിക്കാനാകുമോ എന്നതിനു വരികളിലൂടെയും സംഗീതത്തിലൂടെയും തെളിവു നൽകിയ ഗാനം. ജയചന്ദ്രന്റെ ഉള്ളുലയ്ക്കും ഈണത്തിൽ ശ്രേയ ഘോഷാൽ പാടിയതു കേട്ട് പ്രണയമെന്തെന്ന് അറിയാത്തവരുടെ പോലും നെഞ്ചു നുറുങ്ങിയിട്ടുണ്ടാകും. ഏറെ കൊതിച്ചിട്ടും അടുക്കാൻ കഴിയാത്ത പ്രണയിതാക്കളുടെ നൊമ്പരത്തെ ഇതിലും മനോഹരമായി എങ്ങനെ അവതരിപ്പിക്കും.  

 

‘കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ

മണിമാരൻ വരുമെന്നു ചൊല്ലീല്ലേ

വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല

ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല.....’

 

പ്രിയപ്പെട്ടവന്റെ വരവു കാത്തിരിക്കുന്ന നാടൻ പെണ്ണിന്റെ പ്രണയം. അകന്നിരിക്കുമ്പോഴും മനസിൽ ഏറെ അടുപ്പം സൂക്ഷിക്കുന്ന അവരുടെ പ്രണയം കല്ലായിപ്പുഴവക്കത്ത് ചുറ്റിത്തിരിയുകയാണ്. നൊമ്പരത്തിനൊപ്പം പ്രണയവും പെരുമഴയായി പെയ്തിറങ്ങി. നാണം ചോരും മിഴികളും പ്രണയം തുളുമ്പും പൂവിതൾ ചുണ്ടും ആസ്വാദക ഹൃദയങ്ങളിൽ ഒരുക്കിയത് പ്രണയപ്പെയ്ത്ത്. പി.ജയചന്ദ്രനും സുജാത മോഹനും പിന്നണിയിൽ സ്വരമായപ്പോൾ ആസ്വാദകർക്ക് അതിലും വലിയ സംഗീത വിരുന്നായി മറ്റെന്തു വേണം.

 

‘കോലക്കുഴൽ വിളി കേട്ടോ രാധേ എൻ രാധേ

കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ

പാൽ നിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുന്നോ

എല്ലാം മറന്നു വന്നൂ ഞാൻ നിന്നോടിഷ്ടം കൂടാൻ....’

 

പ്രേമഭാജനമായ രാധയെ കോലക്കുഴൽകൊണ്ടു നീട്ടി വിളിക്കുന്ന കൃഷ്ണൻ. അവന്റെ വിളിപ്പാടകലെ ആ വിളിക്കായ് കാത്തിരുന്ന രാധ. ക്ഷേത്രത്തിന്റെ അകത്തളം വൃന്ദാവനമാക്കി അവർ പരസ്പരം പ്രണയം വിതറിയപ്പോൾ അതിന്റെ കണികകൾ ചിതറിത്തെറിച്ചത് അനേകായിരം യുവഹൃദയങ്ങളിലേക്കാണ്. രാത്രിയുടെ യാമങ്ങളില്‍ പ്രിയപ്പെട്ടവർ തമ്മിൽ പ്രണയം പറഞ്ഞപ്പോൾ തരളിതമാകാത്ത അന്തരംഗങ്ങളുണ്ടോ? ജയചന്ദ്രൻ ഈണം കൊരുത്ത പാട്ടിൽ വിജയ് യേശുദാസിന്റെയും ശ്വേത മോഹന്റെയും സ്വരങ്ങൾ ഒന്നിലൊന്നായ് അലിഞ്ഞൊഴുകി. 

 

‘പച്ചപ്പനന്തത്തേ പുന്നാര പൂമുത്തേ

പുന്നെല്ലിൻ പൂങ്കരളേ

ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍

ഒന്നു വാ പൊന്നഴകേ....’

 

ഒന്നര പതിറ്റാണ്ടുകൾക്കു മുൻപ് യുവഹൃദയങ്ങളിലേക്കു പൊഴിഞ്ഞു വീണ പാട്ടാണെങ്കിലും ആ ഈണങ്ങൾ ഇന്നും കമിതാക്കളിൽ നിലയ്ക്കാതെ പെയ്യുകയാണ്. ദശാബ്ദങ്ങൾക്കിപ്പുറം ഈ പാട്ടു കേൾക്കുമ്പോഴും എങ്ങനെയാണ് അതേ ഫീൽ ഉണ്ടാവുന്നത് എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ഗാനരംഗത്തിൽ പ്രണയിനിയെ പച്ചപ്പനന്തത്തയുമായി ഉപമിച്ച് പൊൻകുന്നം ദാമോദരൻ വരികൾ കുറിച്ചപ്പോൾ ജയചന്ദ്രൻ നൽകിയത് എക്കാലവും നിലനിൽക്കുന്ന മാന്ത്രിക സംഗീതമായിരുന്നു. യേശുദാസും സുജാത മോഹനും പാടിയ രണ്ടു പതിപ്പുകളിലും പ്രണയം തുളുമ്പി. 

 

‘മഴയേ തൂമഴയേ

വാനം തൂവുന്ന പൂങ്കുളിരേ

കണ്ടുവോ എന്റെ കാതലിയെ

നിറയേ കൺ നിറയേ

പെയ്തിറങ്ങുന്നു ഒരോർമയിലെ

പീലി നീർത്തിയ കാതലിയെ....’

 

മനസിൽ പ്രണയം തോന്നുമ്പോൾ ആ പ്രണയത്തിലൊരു പങ്ക് മഴയോടും തോന്നും. ആ പ്രണയച്ചൂടിലും മഴയുടെ തണുപ്പും കുളിരും ആവോളം ആസ്വദിക്കാൻ തോന്നും. എന്നാൽ ക്ഷണിക്കാതെ ചില നൊമ്പരങ്ങൾ നെഞ്ചുതുളയ്ക്കും ഓർമകളായി എത്തിയാലോ? മിഴിനീർത്തുള്ളികൾ ഒഴുകിപ്പരന്ന് കവിളിണകൾ നനഞ്ഞൊട്ടും. കണ്ണീർ കാണാതിരിക്കാൻ പലരും ആ സമയത്ത് മഴയത്തു നടക്കാൻ കൊതിക്കും. ഇളം കാറ്റിന്റെ വശ്യതയും ചാറ്റൽ മഴയുടെ കുളിരും ഒപ്പം ജയചന്ദ്രന്റെ ഈണവും മനസുകളിലേക്ക് ഒഴുകിയിറങ്ങിയപ്പോൾ പ്രണയം അവശേഷിപ്പിച്ച മുറിപ്പാടുകൾ വീണ്ടും തെളിയുന്ന പോലെ തോന്നും. സന്തോഷ് വർമ പ്രണയവും നൊമ്പരവും വരികളിൽ നിറച്ചപ്പോൾ വിരഹദു:ഖം പേറിയ എത്രയോ പേരുടെ നെഞ്ചു പിടഞ്ഞിട്ടുണ്ടാകും. 

 

‘ഓ സൈനബ അഴകുള്ള സൈനബ

ഇളമാൻ കിടാവു പോലെ വന്നതെന്തിനാണു നീ

ഓ സൈനബ അലിവുള്ള സൈനബ

അറിയാതെയെന്റെ ജീവനായതെന്തിനാണു നീ....’

 

പ്രണയത്തിൽ ജാതിക്കും മതത്തിനും ഇടം കൊടുക്കാതെ നിറപ്പകിട്ടാർന്ന ലോകം സൃഷ്ടിച്ച കമിതാക്കൾ. പ്രണയിനിയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ നാണവും പ്രേമവും സമം കലർന്നപ്പോൾ പ്രണയം എന്ന വികാരത്തോടു പോലും അഗാധമായ പ്രണയം തോന്നിപ്പോയിട്ടുണ്ടാകും പലർക്കും. പച്ചപുതച്ച പ്രകൃതി അവർക്കു പ്രണയിക്കാൻ സുന്ദരമായ പരവതാനിയായി. നാണം ചോരുന്ന മിഴിയിണകളും പ്രണയം സ്ഫുരിച്ച ചുണ്ടുകളും ഉള്ളിൽ വീശിയെറിഞ്ഞത് പ്രണയത്തിന്റെ നിത്യവസന്തം. ജയചന്ദ്രന്റെ ഈണത്തിലൂടെ വർഷങ്ങൾക്കു മുൻപേ കമിതാക്കളുടെ ഹൃദയത്തിൽ കയറിക്കൂടിയ പാട്ടിന് ഇന്നും അതേ ശോഭ.

 

‘ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍

ഏന്തിനു നീയെന്നെ വിട്ടകന്നു

ഏവിടെയോ പോയ്‌ മറഞ്ഞു

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍

ഏന്തിനു നീയെന്നെ വിട്ടയച്ചു

അകലാന്‍ അനുവദിച്ചു....’

 

വിരവഭാരത്താൽ വിതുമ്പുന്നവരെ നോക്കി നോക്കി പ്രകൃതി പോലും കരഞ്ഞ പാട്ട്. നോവ് കലർന്ന സംഗീതം അറിയാതെയെങ്കിലും നാവിൻ തുമ്പിൽ തുളുമ്പാത്തവരുണ്ടോ. ആസ്വാദകരിൽ ദു:ഖം പകർന്ന് നൊമ്പരക്കാഴ്ച സമ്മാനിച്ച പാട്ട് കേട്ട് എത്രയോ മനസുകൾ വിങ്ങി. കണ്ണും മനസും നിറച്ച് ജയചന്ദ്രന്റെ ഈണങ്ങൾ പെയ്തിറങ്ങിയപ്പോൾ ഓർമകളുടെ ലഹരി ആസ്വാദിക്കാത്തവർ ചുരുക്കം.  

 

‘എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല 

എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി

എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല

എന്നിലെയെന്നെ നീ തടവിലാക്കി

എല്ലാം സ്വന്തമാക്കി....’

 

എന്തിനാണെന്നോ എങ്ങനെയാണെന്നോ പോലും അറിയാതെ പരസ്പരം പ്രണയിച്ചവർ. രാത്രിയുടെ യാമങ്ങളിലും പരസ്പരം കണ്ടുകൊണ്ട് ആ പ്രണയസൗന്ദര്യത്തെ അവർ ആസ്വദിക്കുകയാണ്. ഉള്ളിലെ പ്രണയം പറയാതെ പറഞ്ഞ കാമുക ഹൃദയങ്ങളിൽ കയറിക്കൂടിയ ഈണം ഇന്നും പലരുടെയും ഹൃദയരാഗമായി തന്നെ നിലനിൽക്കുന്നു. എം. ജയചന്ദ്രന്റെ ഈണത്തിനൊപ്പം പി. ജയചന്ദ്രന്റെയും സുജാതയുടെയും മധുപൊഴിയും നാദങ്ങൾ കലർന്നപ്പോൾ പാട്ട് സംഗീതപ്രേമികളുെട ഇഷ്ടങ്ങളുെട പട്ടികയിൽ ഇടം പിടിച്ചു. 

 

‘കള്ളാ കള്ളാ കൊച്ചുകള്ളാ 

നിന്നെ കാണാനെന്തൊരു സ്റ്റൈൽ ആണ്

സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ടെന്റെ

ഉള്ളിന്റെയുള്ളിൽ ലവ് ആണ്....’

 

ഗാനരംഗത്തിൽ നായകന്റെയും നായികയുടെയും കണ്ണിലും മനസിലും പ്രണയം നിറച്ച പാട്ട്. മെലഡിയായി മനസിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നില്ല അത്. മറിച്ച്, പ്രണയിക്കാൻ മടിച്ചു നിന്നവരുടെ പോലും ഹൃദയത്തിലേക്ക് ഇടിച്ചിറങ്ങി പ്രണയനാമ്പുകൾ മുളപ്പിക്കുകയായിരുന്നു. പ്രണയത്തിന്റെ പരമാവധി ആഘോഷഭാവങ്ങളെ യചന്ദ്രൻ സംഗീതത്തിലൂടെ വരച്ചിട്ടു. രാജേഷ് വിജയ്‌യും ജ്യോത്സ്നയും മത്സരിച്ചു പാടിയപ്പോൾ ആസ്വാദകരുടെ വിരൽത്തുമ്പിൽ അറിയാതെ താളം വിരുന്നെത്തി.

 

‘ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവളകൊഞ്ചലിട്ടു 

കാത്തു നിന്നതാര്

അന്തിവെയിൽ പൊന്നെടുത്ത് 

പത്തു മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്

തെളിവാനിൽ നിന്ന മേഘെ പനിനീരിൻ കൈ കുടഞ്ഞു

അണിവാക പൂക്കുമീ നാളിൽ നാണം കൊണ്ടു....’

 

കളിക്കൂട്ടുകാരന്റെ അപ്രതീക്ഷിത മടങ്ങി വരവില്‍ സൗഹൃദവും പ്രണയവും ഒരുപോലെ പിറവിയെടുത്തു. ഓർമകളെ അയവിറക്കിയും പ്രണയസുഗന്ധത്തെ ഏറെ ആസ്വദിച്ചും അവർ യൗവ്വനത്തിനു നിറം ചാർത്താനൊരുങ്ങുകയാണ്. അനിൽ പനച്ചൂരാൻ വരികളിൽ പ്രണയം വിതറിയപ്പോൾ ജയചന്ദ്രന്റെ ഈണത്തിൽ ശ്രേയ ഘോഷാലും രവിശങ്കറും ചേർന്ന് ഗാനം ആലപിച്ചു. പ്രണയം തുടിക്കുന്ന ഈണത്തിനും ഈരടികൾക്കും ഇന്നും അതേ ശോഭ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com