ADVERTISEMENT

പത്മജ രാധാകൃഷ്ണന്റെ വേർപാടിൽ വേദനിച്ച് സംവിധായകൻ എം.എ. നിഷാദ്. താൻ സംവിധായകനായതിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തികളാണ് എം. ജി.രാധാകൃഷ്ണനും പത്മജയുമെന്ന് നിഷാദ് സമൂഹമാധ്യമത്തിൽ കുറിച്ചു. ആ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പത്മജയുടെ അകാല വിയോഗം താങ്ങാവുന്നതിനപ്പുറമാണെന്നും നിഷാദ് വികാരാധീനനായി കുറിച്ചു.

 

എം.എ. നിഷാദിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ്:

 

‘പ്രിയപ്പെട്ട പത്മജ ചേച്ചിക്കു വിട. ഇത്രപെട്ടെന്ന്... വിശ്വസിക്കാനാവുന്നില്ല. മലയാളത്തിന്റെ എണ്ണം പറഞ്ഞ സംഗീത സംവിധായകൻ, എം.ജി രാധാകൃഷ്ണൻ ചേട്ടന്റെ പ്രിയ പത്നി പത്മജ രാധാകൃഷ്ണൻ. ഈ ലോകത്തോടു വിട പറഞ്ഞു. വ്യക്തിപരമായി എനിക്കൊരുപാട് ആത്മബന്ധമുളള കുടുംബമാണ് രാധാകൃഷ്ണൻ ചേട്ടന്റേത്.

 

എന്നെ ഒരു സിനിമ സംവിധായകനാക്കിയതിൽ രാധാകൃഷ്ണൻ ചേട്ടനും പത്മജ ചേച്ചിക്കും ഒരുപാട് പങ്കുണ്ട്. തിരുവനന്തപുരത്ത് രാധാകൃഷ്ണൻ ചേട്ടന്റെ മേടയിൽ വീട്ടിൽ ഇനി സംഗീതമില്ല. ചേച്ചിയുണ്ടാക്കി തന്ന ഭക്ഷണത്തിന്റെ രുചി ഇന്നും എന്റെ നാവിലുണ്ട്. സിനിമ, രാഷ്ടീയ, സാമൂഹിക രംഗത്തെ പ്രമുഖർക്ക് ഏറ്റവും പരിചിതമായ മേടയിൽ വീട് അനാഥമാവുകയാണ്. പത്മജ ചേച്ചി എല്ലാവർക്കും പ്രിയപ്പെട്ടവരാണ്. ചിരിക്കുന്ന മുഖത്തോടെയല്ലാതെ ചേച്ചിയെ കാണുക വിരളമാണ്. 

 

സഹോദരതുല്യനായി ഞാൻ സ്നേഹിക്കുന്ന അവരുടെ മകൻ രാജാകൃഷ്ണൻ ഈ വിയോഗം എങ്ങനെ സഹിക്കും. മലയാള സിനിമയിലെ മികച്ച സൗണ്ട് ഡിസൈനറായ രാജാകൃഷ്ണന്റെ ഓരോ വിജയത്തിലും പ്രാർത്ഥനകളോടെയും അഭിമാനത്തോടെയും അവനു പിന്തുണ നൽകിയിരുന്ന ആ അമ്മയുടെ മരണം താങ്ങാവുന്നതിനപ്പുറമാണ്.

 

ചേച്ചിയെ അവസാനമായി ഒരു നോക്കു കാണാൻ കഴിയില്ല എന്നുളളത് ഒരു ദുഖമായി അവശേഷിക്കും. കൊറോണ നൽകുന്ന മറ്റൊരു ദുരിതമാണത്. രാധാകൃഷ്ണൻ ചേട്ടന്റെ സംഗീത സദസ്സിലേക്കു ചിരിച്ച മുഖവുമായി പോകുന്ന പത്മജ ചേച്ചിക്കു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com