ADVERTISEMENT

പത്മജ രാധാകൃഷ്ണന്റെ ഓർമകൾ പങ്കുവച്ച് സംവിധായകനും നടനുമായ മധുപാൽ. കഴിഞ്ഞ ദിവസം പത്മജ അയച്ചുകൊടുത്ത വിഡിയോ ആരാധകർക്കായി ഒരിക്കൽക്കൂടി ഷെയർ ചെയ്താണ് സംവിധായകൻ ആദരാഞ്ജലികൾ അർപ്പിച്ചത്. പഴയൊരു സിനിമാ ഗാനം മൗത്ത് ഓർഗണിൽ വായിക്കുന്ന പത്മജ ആരാധകർക്കും നൊമ്പരമുണർത്തിയ കാഴ്ചയായി.  

 

‘പ്രിയപ്പെട്ട പത്മജ ചേച്ചി അന്തരിച്ചു. മൂന്നു ദിവസത്തിനു മുന്നെ ഞങ്ങൾക്ക് അയച്ചു തന്ന ഒരു വിഡിയോ ആണിത്. സ്നേഹവും കരുതലുമായി എല്ലാവർക്കും ഒപ്പം എന്നും ചേച്ചിയുണ്ട്. ഇനിയും ഉണ്ടാവും, പ്രണാമം, വിട’– മധുപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. 

 

മൗത്ത് ഓർഗൺ വായിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പത്മജ രാധാകൃഷ്ണൻ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു. ‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്’ എന്ന ഗാനമാണ് പത്മജ മൗത്ത് ഓർഗണിൽ വായിച്ചത്. ‘ഒരു ലോക്ഡൗൺ ചലഞ്ച്. തെറ്റുകൾ ഉണ്ടാകാം പൊറുക്കുക. ആദ്യ പരിശ്രമമാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. വിഡിയോയ്ക്ക് രണ്ടര മിനിട്ടോളം ദൈർഘ്യമുണ്ട്. 

 

പത്മജയുടെ മൗത്ത് ഓർഗൺ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ നിരവധി പേരാണ് ഈ വിഡിയോ ഷെയർ ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപു പോലും സമൂഹമാധ്യമങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പത്മജയുടെ വേർപാട് വിശ്വസിക്കാനാകാതെ വേദനിക്കുകയാണ് സംഗീതലോകം. 

 

എം.ജി രാധാകൃഷ്ണൻ പങ്കെടുത്തിരുന്ന പൊതുപരിപാടികളിലെല്ലാം പത്മജയും നിറ സാന്നിധ്യമായിരുന്നു. അതിനാൽ തന്നെ അവർ മലയാളികൾക്ക് ഏറെ സുപരിചിതയുമാണ്. ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളിൽ സജീവസാന്നിധ്യമായിരുന്നു പത്മജ. പത്മജയുടെ രചനയിൽ ചലച്ചിത്ര ഗാനങ്ങളും ലളിതഗാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. 

 

കോളജ് കാലയളവിൽ തന്നെ പത്മജ കവിതകളെഴുതുമായിരുന്നു. എം.ജി.രാധാകൃഷ്ണന്റെ മരണശേഷവും സാംസ്കാരിക രംഗത്ത് അവർ സജീവമായിരുന്നു. മകൻ എം.ആർ രാജകൃഷ്ണനും സംഗീത സംവിധായകനാണ്. മിസ്റ്റർ ബീൻ-ദി ലാഫ് റയറ്റ് എന്ന ചിത്രത്തിൽ എം.ആർ.രാജകൃഷ്ണൻ ഈണമിട്ട നാലു പാട്ടുകളുടെ രചന നിർവഹിച്ചത് പത്മജ രാധാകൃഷ്ണനാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com