ADVERTISEMENT

പോപ്പുലര്‍ സംഗീതത്തിന്റെ പിന്നണിയില്‍ കൊട്ടും പാട്ടും കൊണ്ട് വിസ്മയം തീര്‍ക്കുന്ന യുവകലാകാരനാണ് തൃശൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍. ലോകത്തുള്ള എല്ലാ കൊട്ടുവാദ്യങ്ങളും ഈ വിരലുകള്‍ക്ക് വഴങ്ങും. എത്ര ഉപകരണങ്ങള്‍ വായിക്കുമെന്ന് ചോദിച്ചാല്‍, നിങ്ങള്‍ക്ക് എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന മട്ടിലാകും പുഞ്ചിരിയോടെ സുനിലിന്റെ മറുഭാവം. ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന കൊട്ടുവാദ്യങ്ങളുടെയും സംഗീത ഉപകരണങ്ങളുടെയും വലിയൊരു ശേഖരം തന്നെ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഈ ഉപകരണങ്ങളുമായി സുനില്‍ സഞ്ചരിക്കാത്ത രാജ്യങ്ങളില്ല. കൂടെ പ്രവര്‍ത്തിക്കാത്ത സംഗീതസംവിധായകരില്ല. 

 

വ്യത്യസ്തമായ ശബ്ദങ്ങള്‍ പശ്ചാത്തലത്തില്‍ വേണമെന്നു തോന്നിയാല്‍ ഏതൊരു സംഗീതസംവിധായകന്റെ മനസിലേക്കും ആദ്യമെത്തുന്ന പേര് കുട്ടി സുനില്‍ എന്നു വിളിക്കപ്പെടുന്ന സുനിലിന്റേതാകും. ചെറുതും വലുതുമായ ഒരുപാട് സംഗീത ഉപകരണങ്ങള്‍ക്കൊപ്പമാണ് സുനില്‍ റെക്കോര്‍ഡിങ്ങിനെത്തുക. ഒരു മാന്ത്രികന്റെ വൈഭവത്തോടെ ആ ഉപകരണങ്ങള്‍ അദ്ദേഹം ഓരോന്നായി പുറത്തെടുക്കും. അതിന്റെ കഥകള്‍ പറയും. പിന്നെ, ആ ഉപകരണങ്ങള്‍ വച്ചൊരു ജുഗല്‍ബന്ദിയാണ്. ആരും അറിയാതെ താളം പിടിച്ചു പോകുന്ന ഒരു അനുഭവം. മെഡിക്കല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് പൂര്‍ണമായി സംഗീതത്തിലേക്ക് സുനി ഇറങ്ങിത്തിരിച്ചത്. ഒരു സ്റ്റെതസ്കോപ്പ് കഴുത്തിലിട്ട് ഡോക്ടര്‍ കോട്ടിട്ട് വരുന്ന ഒരു സുനിലിനെ അടുത്ത സുഹൃത്തുക്കള്‍ക്കു പോലും ഇപ്പോള്‍ സങ്കല്‍പിക്കാനാകില്ല. ഉടലിലും ഉയിരിലും അത്രയും സംഗീതമുള്ള സുനിലിന്റെ ജീവിതവിശേഷങ്ങളിലേക്ക്. 

 

വേണ്ടെന്നു വച്ച മെഡിക്കല്‍ പഠനം

 

തൃശൂര്‍ അയ്യന്തോളാണ് എന്റെ നാട്. അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു.  ചെറുപ്പം മുതലേ ഞാന്‍ സംഗീതവും തബലയും പഠിച്ചിരുന്നു. നാലാം ക്ലാസ് മുതല്‍ പരിപാടികള്‍ക്ക് പോയിത്തുടങ്ങി. അന്ന് മിമിക്രിയും മോണോ ആക്ടും കഥാപ്രസംഗവുമൊക്കെയാണ് ചെയ്തിരുന്നത്. ഭക്തിഗാനമേളകള്‍ക്ക് തബല വായിക്കും. മിമിക്രി ട്രൂപ്പുകളുടെ കൂടെ പോകും. എനിക്ക് തബല വായിക്കാന്‍ അറിയാവുന്നതുകൊണ്ട് ചില സ്റ്റേജുകളില്‍ എന്നെക്കൊണ്ട് കൂട്ടുകാര്‍ അതും ചെയ്യിപ്പിക്കും. പിന്നെ, അത് സീരിയസായി.  കോംഗാ ഇന്‍സട്രമെന്റ്സ് ഒക്കെ പതുക്കെ വായിച്ചു തുടങ്ങി. പതിയെ മിമിക്രി പൂര്‍ണമായി വിട്ടു പെര്‍കഷനിലേക്ക് ശ്രദ്ധ തിരിഞ്ഞു. ഓര്‍ക്കസ്ട്ര ഒരു രസമായി. അങ്ങനെ സ്റ്റേജ് പരിപാടികളൊക്കെയായി നടക്കുന്ന സമയത്താണ് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ കിട്ടിയത്. ആലപ്പുഴ മെ‍ഡിക്കല്‍ കോളജിലേക്കായിരുന്നു പ്രവേശനം.  തൃശൂരിലേക്ക് മാറാന്‍ കുറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു വര്‍ഷം ഞാന്‍ അവിടെ പഠിച്ചു. ഇടയ്ക്കു വന്ന് പരിപാടികള്‍ക്ക് വായിക്കുമ്പോള്‍ പഴയ ആ ടച്ച് കിട്ടുന്നില്ല എന്ന തോന്നല്‍. അപ്പോഴാണ് എന്റെ ഒരു പ്രൊഫസര്‍ എന്നെ വിളിച്ചു ഒരു കാര്യം പറയുന്നത്. അദ്ദേഹം പറഞ്ഞു, സുനീ... പണ്ട് ഞാന്‍ മൃദംഗം വായിച്ചിരുന്നു എന്നേ എനിക്കിപ്പോള്‍ പറയാന്‍ പറ്റൂ. കുറച്ചു കാലം കഴിഞ്ഞാല്‍ ഇതു നിന്റെ കയ്യില്‍ നിന്നു പോകും. എന്തു വേണമെന്നു ഇപ്പോള്‍ തീരുമാനിക്കാം. എനിക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. നേരെ ഡിപ്പാര്‍ട്ട്മെന്റില്‍ പോയി, നാളെ മുതല്‍ വരുന്നില്ല എന്നു പറഞ്ഞു പോന്നു. 2001ലാണ് മെഡിക്കല്‍ പഠനം ഉപേക്ഷിച്ചത്. 

 

അന്ന്  അച്ഛന്‍ പറഞ്ഞത്

 

മെഡിക്കല്‍ പഠനം വേണ്ടെന്നു വച്ചു തിരിച്ചു വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു, നിന്റെ കാര്യം നീ തന്നെ നോക്കണം. സംഗീതത്തിലൂടെ ജീവിക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ ആകാം എന്ന്. എനിക്ക് ടെന്‍ഷനുണ്ടായിരുന്നില്ല. കാരണം, ഞാന്‍ സ്കൂള്‍ കാലഘട്ടം മുതല്‍ എന്റെ കാര്യങ്ങള്‍ സ്വയം നോക്കിയിരുന്നു. പരിപാടികളില്‍ നിന്ന് അത്യാവശ്യം പണമൊക്കെ ലഭിച്ചിരുന്നു. പിന്നെ, ആ സമയത്താണ് ഞാന്‍ റെക്കോര്‍ഡിങ്ങുകള്‍ക്ക് വായിക്കാന്‍ തുടങ്ങിയത്. അതിന് പോയിത്തുടങ്ങിയതോടെ സ്റ്റേജ് പരിപാടികള്‍ക്ക് പോകാന്‍ കഴിയാതെയായി. കാരണം, പരിപാടിക്ക് പോകണമെങ്കില്‍ വൈകിട്ട് അഞ്ചുമണിക്ക് ഫ്രീ ആകണം. റെക്കോര്‍ഡിങ്ങിന്റെ ഇടയില്‍ ഇതു പറഞ്ഞു പോരാന്‍ പറ്റില്ല. അതോടെ ട്രൂപ്പുകളുടെ കൂടെ ഓര്‍ക്കസ്ട്ര വായിക്കാന്‍ പോകുന്നത് നിറുത്തി. 

 

ആദ്യം വായിച്ചത് മോഹന്‍ സിത്താരയ്ക്കു വേണ്ടി

 

ആദ്യം റെക്കോര്‍ഡിങ്ങിനു വേണ്ടി വായിച്ചത് സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയ്ക്കു വേണ്ടിയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വക്കാലത്ത് നാരായണന്‍ കുട്ടി, കരുമാടിക്കുട്ടന്‍ അങ്ങനെ കുറെ ചിത്രങ്ങള്‍ക്കു വേണ്ടി വായിച്ചു. ഉഷാ ഖന്ന, രവീന്ദ്രന്‍ മാഷ്, ഔസേപ്പച്ചന്‍‍, ബിജിപാല്‍, ഗോപിസുന്ദര്‍ തുടങ്ങി ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കു വേണ്ടി വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യം തബല മാത്രമായിരുന്നു വായിച്ചിരുന്നത്. ഇപ്പോള്‍‍ ഞാന്‍ വണ്ടി നിറച്ചും ഇന്‍സ്ട്രമെന്റ്സ് ആയിട്ടാണ് റെക്കോര്‍ഡിങ്ങിനു പോവുക. ചിലപ്പോള്‍ ഡബ് ചെയ്യും. റാപ്പ് പാടും. അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ള ശബ്ദങ്ങള്‍ കൊടുക്കും. ഹാപ്പി ജാമിന്റെ പഴയൊരു പരസ്യമുണ്ട്- സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ - എന്നു പറയുന്ന ഒന്ന്. അതിലെ ശബ്ദം എന്റേതാണ്. അങ്ങനെ അപ്രതീക്ഷിതമായി പലതിന്റെയും ശബ്ദമായി മാറാറുണ്ട്. പണ്ട് മിമിക്രി ചെയ്തതിന്റെ ബാക്കിയായി ചില ഡബിങ് പരിപാടികള്‍. സത്യത്തില്‍ ഏറ്റവും എളുപ്പത്തില്‍ കൊണ്ടു നടക്കാന്‍ പറ്റുന്ന ഇന്‍സ്ട്രമെന്റ് തൊണ്ടയാണ്. അതാകുമ്പോള്‍ തന്നെ ട്യൂണ്‍ ചെയ്തോളുമല്ലോ. 

 

എത്ര ഉപകരണങ്ങള്‍ വായിക്കും

 

എത്ര ഉപകരണങ്ങള്‍ വായിക്കാന്‍ അറിയാമെന്നു ചോദിച്ചാല്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടാകും. അതിന്റെ എണ്ണമിങ്ങനെ കൂടിക്കൊണ്ടിരിക്കും. ഒരിക്കല്‍ 100 ഉപകരണങ്ങള്‍ വച്ചാണ് ഞാന്‍ ഒരു സോളോ പരിപാടി സംഘടിപ്പിച്ചത്. തൃശൂര്‍ റീജണല്‍ തിയറ്ററില്‍ വച്ചായിരുന്നു അത്. ഒരു പുതിയ ഇന്‍സ്ട്രമെന്റ് കയ്യില്‍ കിട്ടുമ്പോഴുള്ള സന്തോഷം... അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല.  മ്യൂസിഷ്യന്‍സുമായി പല ഉപകരണങ്ങള്‍ കൈമാറുമ്പോഴും പുതിയത് പഠിച്ചെടുക്കുമ്പോഴുമുള്ള ഒരു ആനന്ദമുണ്ട്. അങ്ങനെ കുറെ നിമിഷങ്ങള്‍ സംഭവിക്കാറുണ്ട്. ആ നിമിഷത്തിന്റെ ആനന്ദം ഒരു ആര്‍ടിസ്റ്റിനു മാത്രം അനുഭവിക്കാന്‍ കഴിയുന്ന ഒന്നാണ്. ചില ഇന്‍സ്ട്രമെന്റ്സ് ഉന്നം വച്ചു പോയി വാങ്ങാറുണ്ട്. ചിലതൊക്കെ നമ്മുടെ സുഹൃത്തുക്കള്‍ സമ്മാനമായി തരും. ലോകമെമ്പാടും എനിക്ക് സുഹൃത്തുക്കളുണ്ട്. വളരെ അപൂര്‍വമായ ചില ഉപകരണങ്ങളും അങ്ങനെ എന്റെ കയ്യില്‍ കിട്ടിയിട്ടുണ്ട്. ബെരിമ്പാവോ (berimbau) എന്നൊരു സംഗീത ഉപകരണമുണ്ട്. കണ്ടാല്‍ നമ്മുടെ അമ്പും വില്ലും പോലെ ഇരിക്കും. ലാറ്റിന്‍ ഉപകരണമാണത്. അങ്ങനെ കുറച്ചു സംഗീത ഉപകരണങ്ങളുണ്ട്. ഉദു (udu) എന്നു വിളിക്കുന്ന നൈജീരിയന്‍ ഇന്‍സ്ട്രമെന്റ്.... നമുക്ക് പരിചിതമായ ഘടത്തിന്റെ പോലെയാണ് കാണാന്‍. മൂന്നു-നാലടി ഉയരമുണ്ടാകും. അതു മുഴുവന്‍ മണ്ണുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വളരെ സൂക്ഷിച്ചാണ് ഇതും പിടിച്ച് യാത്ര ചെയ്യുക. ഇതെല്ലാം പിടിച്ച് ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്നതൊക്കെ വളരെ രസമുള്ള അനുഭവങ്ങളാണ്. അങ്ങനെ വ്യത്യസ്തമായ നിരവധി ഉപകരണങ്ങള്‍ എന്റെ കയ്യിലുണ്ട്. അതു വച്ച് സോളോ പ്രോഗ്രാംസ് ചെയ്യാറുണ്ട്. 

 

അവസരങ്ങളെക്കുറിച്ച് ടെന്‍ഷനില്ല

 

ഒരു അവസരത്തിനായി എനിക്ക് ആരെയും സമീപിക്കേണ്ടി വന്നിട്ടില്ല. എനിക്ക് ഒരു ഗോഡ്‍ഫാദറുമില്ല. എന്റെ കരിയറില്‍ കടപ്പാടിന്റെ പേരു പറഞ്ഞ് എനിക്ക് ആര്‍ക്കു വേണ്ടിയും എണീറ്റു കൊടുക്കേണ്ടി വന്നിട്ടില്ല. ബഹുമാനം കൊണ്ട് ഞാന്‍ അതു ചെയ്യാറുണ്ട്. എന്നെ ആവശ്യമുള്ളവരാണ് എന്നെ വിളിക്കുന്നത്. അവര്‍ എനിക്കു വേണ്ടി കാത്തിരിക്കാന്‍ പോലും തയ്യാറാണ്. ഞാന്‍ വായിക്കേണ്ടത് അവരുടെ ആവശ്യമാണ്. അങ്ങനെ ആകണമെന്നാണ് എന്റെ ആഗ്രഹവും. ഞാന്‍ ഈ അഭിമുഖത്തിനു ശേഷം പോകുന്ന റെക്കോര്‍ഡിങ് പോലും അങ്ങനെ വന്നിട്ടുള്ളതാണ്. ഏത് അവസ്ഥയിലും ജീവിക്കാന്‍ എനിക്ക് അറിയാം. ഒന്നും പറ്റിയില്ലെങ്കില്‍ തെരുവില്‍ പോയി പരിപാടി അവതരിപ്പിക്കാനും മടിയില്ല. സംഗീതമാണ് എനിക്ക് എല്ലാം തന്നത്. സംഗീതം പോലെ ഈ ലോകത്ത് ഇത്രമേല്‍ പടര്‍ന്ന വേറെ ഏതു വൈറസുണ്ട്?!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com