ADVERTISEMENT

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. ലോക്ഡൗൺ  കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് ഏറെ പ്രചോദനമായ പാട്ടുകളും കുറിപ്പുകളുമായി സജീവമായിസാന്നിധ്യമായിരുന്നു സിത്താര. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ടതിനെ കുറിച്ചും സാമൂഹ്യ അകലം പാലിക്കേണ്ടതിനെ കുറിച്ചും സിത്താര കൃഷ്ണകുമാർ പാട്ടുകളിലൂടെ ബോധവൽക്കരണം നടത്താറുണ്ട്. തന്നിലെ കലാകാരിക്ക് ആത്മവിശ്വാസ്വം പകർന്നുതന്ന ലോക്ഡൗൺ ഓൺലൈൻ മ്യൂസിക് പരിപാടികളെക്കുറിച്ച് സിത്താര സംസാരിക്കുന്നു

 

ആദ്യമായി നമ്മുടെ നാട്ടിൽ കോവിഡ് എന്നൊരു പേര് കേട്ടു അതിനുശേഷം കാര്യങ്ങൾ മാറി മറിഞ്ഞു, ലോക്ഡൗൺ എന്ന് ആദ്യം കേട്ടപ്പോൾ എന്താണ് തോന്നിയത് ?

 

കോവിഡ് എന്ന പേര് ആദ്യമായി കേട്ടപ്പോൾ ദൂരെ ഒരു നാട്ടിൽ നടക്കുന്ന ഒരു കഥ പോലെ ആണ് തോന്നിയിരുന്നത്. പിന്നെ പതിയെപ്പതിയെ അതിന്റെ മാഗ്നിറ്റ്യൂഡ് മനസ്സിലായി വന്നു എങ്കിലും ലോകമാകെ പടരുന്ന ഒരു മഹാമാരിയായി ഇത് മാറും എന്നൊന്നും കരുതിയില്ല. നമ്മുടെയൊന്നും വിദൂര സങ്കൽപത്തിൽ പോലും ഇല്ലാത്ത കാര്യങ്ങളാണ് പിന്നെ നടന്നത്.  ലോകമാകെ ഒരു മഹാമാരിക്കുമുന്നിൽ പകച്ചു നിൽക്കുകയാണ്.  നിപ ഒക്കെ വന്നതു പോലെ പ്രാദേശികമായി വല്ലതും വരുമെന്നൊക്കെ പ്രതീക്ഷിക്കാമെന്നല്ലാതെ ലോകം മുഴുവൻ ഒരുപോലെ ബാധിക്കുന്ന ഒരു അസുഖമൊന്നും ബാധിക്കുമെന്ന് ഒരിക്കലും കരുതിയില്ല  ലോക്ഡൗൺ ക്വാറന്റൈൻ അങ്ങനെ പുതിയ കുറേ വാക്കുകൾ മലയാളി പഠിച്ചു.  നമുക്ക് കാത്തിരിക്കാനേ കഴിയൂ. വിദഗ്ദരായ ആളുകൾ പഠനം നടത്തുകയല്ലേ. മരുന്ന് കണ്ടുപിടിക്കുമെന്നും നാം അതിജീവിക്കുമെന്നും പ്രത്യാശിക്കാം

 

കോവിഡ് കാലത്ത്  കുടുംബവുമായി ചെലവഴിക്കാൻ ഏറെ സമയം കിട്ടിയില്ലേ ? 

 

ഭർത്താവ് ഡോക്ടർ ആണ്, അതുകൊണ്ടു തന്നെ ഈ സമയത്തു ഉത്തരവാദിത്തം കൂടുതലാണ്.  ആരോഗ്യപ്രവർത്തകർക്ക് കടമകളിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ലല്ലോ. അതുകൊണ്ടു ഓഫ് ഒന്നും എടുക്കാറില്ല.  ഞാനും അമ്മയും മകളും വീട്ടിൽ തന്നെയുണ്ട്.  അച്ഛൻ ഷാർജയിൽ ഒരു കോളേജിൽ പ്രൊഫസർ ആണ്.  അച്ഛന് വരാൻ കഴിഞ്ഞിട്ടില്ല. അത്യാവശ്യം ഉള്ളവർ ആദ്യമേ വരട്ടെ എന്ന് കരുതി. ഞങ്ങൾ അച്ഛനെ കാത്തിരിക്കുകയാണ്.  ഉടനെ വരാൻ കഴിമെന്നു പ്രതീക്ഷിക്കുന്നു. വന്നാലും സർക്കാർ നിഷ്കർഷിക്കുന്ന എല്ലാ ക്വാറന്റൈൻ മാനദണ്ഡങ്ങളും പാലിച്ചുമാത്രമേ മുന്നോട്ടു പോവുകയുള്ളൂ.

 

ഒരുപാടു പരിപാടികൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടാകുമല്ലോ ?

 

പറഞ്ഞുറപ്പിച്ചിരുന്ന ഒരുപാടു പരിപാടികൾ ക്യാൻസൽ ചെയ്യേണ്ടി വന്നു. പെട്ടെന്നൊരു ദിവസം എല്ലാം നിശ്ചലമായി. ഞങ്ങളുടെ ജോലിയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് യാത്രകൾ. എപ്പോഴും യാത്രകൾ ആയിരിക്കും. റെക്കോർഡിങ്, സ്റ്റേജ് പ്രോഗ്രാംസ് അങ്ങനെ. വേദികളും യാത്രകളുമൊക്കെ മിസ്സ് ചെയ്യുന്നുണ്ട്. പക്ഷെ വിനോദം എന്നുള്ളത് എല്ലാവരും അവസാനം ആലോചിക്കുന്ന കാര്യമാണല്ലോ. എല്ലാവരും ക്രൈസിസിലാണ് അതുകൊണ്ടു എല്ലാവരും സൗഖ്യമാവുക എന്നുള്ളത് തന്നെയാണ് പ്രാർത്ഥന. അതിനു ശേഷമല്ലേ വിനോദത്തെപ്പറ്റി ചിന്തിക്കാൻ കഴിയൂ. പിന്നെ ഓൺലൈൻ ആക്ടിവിറ്റീസ്, പ്രാക്ടീസ് ഒക്കെ മുടങ്ങാതെ നടക്കുന്നുണ്ട്. വേദികളിൽ നിന്ന് പാടുന്ന കാലമൊക്കെ മടങ്ങിവരും എന്ന് കരുതുന്നു.

 

ലോക്ഡൗൺ കാലത്തെ ഓൺലൈൻ പ്രോഗ്രാമുകളെക്കുറിച്ച് ?

 

ഈ ദുരിത സമയത്ത് ലോകാരോഗ്യസംഘടനയും ഡോക്ടർമാരും സർക്കാരുകളും എല്ലാം ഓർമിപ്പിക്കുന്നത് മാനസിക പിരിമുറുക്കം കുറച്ച്  അതിജീവിക്കുന്നതിനെ കുറിച്ചാണ്.  കലാകാരനായാലും ആസ്വാദകർക്കായാലും മാനസികസമ്മർദ്ദം കുറക്കാനുള്ള നല്ല മാർഗമാണ് പാടുക പാട്ടു കേൾക്കുക എന്നുള്ളത്.  ഞാനും എന്റെ സുഹൃത്തുക്കളുമെല്ലാം തന്നെ ഞങ്ങളെക്കൊണ്ടാകുന്ന വിധത്തിൽ മറ്റുള്ളവർക്ക് പ്രചോദനമാകാൻ ഓൺലൈൻ കലാപ്രവർത്തനങ്ങളിൽ മുഴുകിയെന്നു മാത്രം.  

 

ലോകത്തിന്റെ പല ഇടങ്ങളിലായി നടക്കേണ്ടിയിരുന്ന സംഗീത പരിപാടികൾക്കായുള്ള ഒരുക്കത്തിനിടയിലാണ്  കൊറോണയെത്തിയത്.  യൂഎസിലേക്ക് പോകാൻ ഒരാഴ്ച മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.  പെട്ടെന്ന് വല്ലാത്ത ഒരു ക്രൈസിസിൽ ആയി.  മോജോ റൈസിംഗ് മുതലായ പ്രോഗ്രാമിനൊക്കെ  വേണ്ടി ഹെവി പ്രാക്ടീസൊക്കെ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.  പെട്ടെന്ന് എല്ലാം നിലച്ചു, പ്രാക്ടീസ് മുടങ്ങി, ആരെയും കാണാൻ പറ്റാതായി. കുറച്ചു ദിവസം വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു അതിൽ നിന്നും കരകയറാൻ ആണ് ഞങ്ങൾ ഓൺലൈൻ പരിപാടികൾ പ്ലാൻ ചെയ്തത്, പിന്നെ ഓൺലൈൻ കോൺസെർട്സ് ഒക്കെ ചെയ്തു. ഓൺലൈൻ ആക്ടിവിറ്റീസ് പകർന്നു തന്ന ധൈര്യം ചെറുതല്ല, ഓൺലൈൻ കോൺസെർട്സ്, ലൈവ് പ്രോഗ്രാംസ് എന്നിവ  വഴി സംഗീതപ്രേമികളോട്  സംവദിച്ചുകൊണ്ടേയിരിക്കാൻ ശ്രമിക്കുകയാണ്.  

 

ഇന്റെർസെക്ട് ഇ–കൺസർട്ട് എന്ന അനുഭവം, ഈ സമയത്തും ആസ്വാദകർ ടിക്കറ്റ് എടുത്തു വന്നു കണ്ടതിനെപ്പറ്റി ?

 

വലിയ വേദികൾ അന്യമായ ഒരു കാലമാണ് കടന്നുപോകുന്നത്. ലോക്‌ഡൗൺ ഇല്ലായിരുന്നെങ്കിൽ വിദേശ പര്യടനം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ. പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. കലാകാരൻമാർ എല്ലാം വഴിമുട്ടി നിൽക്കുന്ന സാഹചര്യമാണ്. അങ്ങനെയിരിക്കെയാണ് ഇന്റെർസെക്ട് എന്നൊരു കൺസെ‌പ്റ്റ് വന്നത്.  ഒന്നിൽ കൂടുതൽ മ്യൂസിഷ്യൻസ് ജാം ചെയ്യുന്ന രീതിയിലാണ് അത് സെറ്റ് ചെയ്തത്.  ടിക്കറ്റ് ഉള്ള ഷോ ആയിരുന്നു. ജോബ് കുര്യൻ, ഹരീഷ് ശിവരാമകൃഷ്ണൻ എന്നിവരോടൊപ്പം ചേർന്നുള്ള പരിപാടിയായിരുന്നു എന്റേത്.  വളരെ നല്ല പ്രതികരണമാണ് കിട്ടിയത്. സംഗീത ആസ്വാദകർ ഈ പ്രതിസന്ധി ഘട്ടത്തിലും ടിക്കറ്റ് എടുത്തു ഷോ കണ്ടു എന്നുള്ളത് വലിയ ആത്മവിശ്വാസം പകർന്നു  

 

സ്വന്തം സ്കൂൾ ഇപ്പോൾ അടഞ്ഞു കിടക്കുകയാവുമല്ലോ, എപ്പോൾ തുറക്കാനാവും എന്നാണ് പ്രതീക്ഷ?

 

ഇടം, എന്റെ മ്യൂസിക് ആൻഡ് ഡാൻസ് സ്കൂൾ. സംഗീതം മാത്രമല്ല അവിടെ നൃത്തവും പരിശീലിപ്പിക്കുന്നുണ്ട്. ഇപ്പൊൾ സ്കൂളുകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണല്ലോ, ഓൺലൈൻ ക്ലാസ് എടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട് ...

 

ഭർത്താവ് ഡോക്ടർ ആണല്ലോ, വീട്ടിലും ശുചിത്വം പാലിക്കാനുള്ള നിർദേശങ്ങൾ അദ്ദേഹം തരാറുണ്ടോ ? 

 

ഹസ്ബൻഡ് സജീഷ് ഡോക്ടർ ആണ്, എല്ലാ ആരോഗ്യ പ്രവർത്തകരെയും പോലെ  അദ്ദേഹവും വളരെ തിരക്കുള്ള ആളാണ്. നമുക്ക് എല്ലാ മാധ്യമങ്ങൾ വഴിയും വേണ്ട മാർഗനിർദേശങ്ങൾ കിട്ടുന്നുണ്ടല്ലോ, അദ്ദേഹവും സുരക്ഷാ മാനദണ്ഡങ്ങളെകുറിച്ചൊക്കെ പറഞ്ഞു തരാറുണ്ട്, അദ്ദേഹവും വീട്ടിൽ വന്നാൽ വളരെയധികം കരുതലോടെയാണ് ഇടപഴകുന്നത്. വീട്ടിൽ തന്നെ ഒരു ഡോക്ടർ ഉള്ളതിന്റെ ഒരു വ്യതാസം ഉണ്ട്

 

 മകൾക്കു പാട്ടിനോട് അഭിരുചി ഉണ്ടോ ? 

 

അവൾക്കു സംഗീതത്തിൽ അഭിരുചിയുണ്ട്.  ഞങ്ങൾ ഒരുമിച്ചു പാട്ടുപാടാറുണ്ട്, അത് സോഷ്യൽ മീഡിയയിൽ ഒക്കെ പോസ്റ്റ് ചെയ്യുമ്പോ എല്ലാരും പോസിറ്റീവ് മെസ്സേജ് ഒക്കെ അയക്കും.  അവൾ  ചെറിയ കുട്ടി അല്ലെ, എല്ലാ കുട്ടികളെയും പോലെ അവൾക്കും പാട്ടു ഇഷ്ടമാണ്, ചെറിയ കുട്ടി ആയതുകൊണ്ട് അവൾ ഇപ്പൊ പാടുന്നത് എല്ലാവർക്കും ഇഷ്ടമാകും, പക്ഷെ അവൾ വളരെ സിസ്റ്റമാറ്റിക് ആയി പഠിച്ചു വരണം എന്ന് എനിക്ക് ആഗ്രഹമുണ്ട്,. ഞാൻ കടന്നു വന്ന വഴി എനിക്ക് അറിയാമല്ലോ. എന്റെ അറിവുപോലും പോരാ എന്നൊരു തോന്നൽ ആണ് എനിക്ക്. അതുകൊണ്ടു തന്നെ ഞാൻ അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. മകൾ ആയാലും സ്റ്റുഡൻറ് ആയാലും പ്രാക്ടീസ് പ്രാക്ടീസ് എന്ന് ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും.

 

 

കോവിഡ് വ്യാപനം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനത്തോടു എന്താണ് പറയാനുള്ളത് ?

 

നമുക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു സ്ഥിതിവിശേഷമാണ് മുന്നിലുള്ളത്, അത് ഒറ്റക്കെട്ടായി ധൈര്യമായി നേരിടുക. നമുക്ക് കാത്തിരിക്കാം നല്ലൊരു നാളെക്കായി. ആരോഗ്യ  പ്രവർത്തകരും സർക്കാർ സംവിധാനങ്ങളും പറയുന്ന കാര്യങ്ങൾ അനുസരിക്കുക,  അതാണ് ഒരു യഥാർഥ പൗരന്റെ ഉത്തരവാദിത്തം.  എല്ലാവരും ഒരുമിച്ച് പരിശ്രമിച്ച് ഈ ഒരു വെല്ലുവിളി നേരിടണം.  മനസ്സിന് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക, മാനസിക സമ്മർദ്ദം ഒഴിവാക്കുക...  എല്ലാം സാധാരണ ഗതിയിലാകും എന്ന് കരുതാം അതുവരെ ക്ഷമയോടെ കാത്തിരിക്കുക അതുമാത്രമേ ഇപ്പോൾ ചെയ്യാൻ കഴിയൂ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com