sections
MORE

'നിങ്ങള്‍ സ്വയം ദൈവങ്ങളാണോ?'; ബോളിവുഡ് സംഗീത മാഫിയയ്‍ക്കെതിരെ അദ്‍നാന്‍ സമി

adnan-sami
SHARE

ബോളിവുഡ് സംഗീതരംഗത്തെ സ്വജനപക്ഷപാതത്തിനെതിരെ ഗായകന്‍ അദ്‍നാന്‍ സമി. സർഗാത്മകതയെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്ത ചിലർ ഗായകരെയും സംഗീതസംവിധായകരെയും നിയന്ത്രിക്കുകയും ചൂഷണം ചെയ്യുകയുമാണെന്ന് അദ്നാൻ സമി തുറന്നടിച്ചു. ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് സ്വജനപക്ഷപാതം അഭിനയരംഗത്ത് മാത്രമല്ല, സംഗീതരംഗത്തും ഉണ്ടെന്ന് വെളിപ്പെടുത്തി ഗായകന്‍ സോനു നിഗം രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിനു പിന്തുണ നല്‍കുന്നതാണ് അദ്‍നാന്‍ സമിയുടെ വാക്കുകള്‍. ഏറെക്കാലം ഈ സ്ഥിതി തുടരാനാവില്ല എന്നും സിനിമ സംഗീത ‘മാഫിയ’ മാറ്റത്തിനു വിധേയമാവുക തന്നെ വേണമെന്നും അദ്നാൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

അദ്നാൻ സമിയുടെ കുറിപ്പിന്റെ പൂർണ രൂപം:

‘ഇന്ത്യൻ സംഗീത മേഖലയിലെ പ്രഗത്ഭരായ ഗായകരെയും സംഗീതസംവിധായകരെയും പോലും നിയന്ത്രിക്കുന്നത് ചില പ്രത്യേക ആളുകളാണ്. സർഗാത്മകതയെക്കുറിച്ചു കേട്ടുകേൾവി പോലുമില്ലാത്ത അത്തരം ആളുകളോടൊരു ചോദ്യം. നിങ്ങൾ സ്വയം ദൈവങ്ങളാണെന്നു പ്രഖ്യാപിക്കുകയാണോ? ഈ പ്രവണത നിങ്ങൾ അവസാനിപ്പിക്കണം. കഴിവുള്ള ഗായകരെയും സംഗീതസംവിധായകരെയും അംഗീകരിക്കാൻ നിങ്ങൾ തയ്യാറാകണം. 

ബോളിവുഡിലെ സ്വയം പ്രഖ്യാപിത ദൈവങ്ങളും സിനിമ സംഗീത ‘മാഫിയ’യും ചരിത്രത്തിൽ നിന്ന് ഇതുവരെ ഒന്നും പഠിച്ചില്ലേ? കലയെയും സർഗ്ഗാത്മകതയെയും നിങ്ങൾക്ക് ഇനിയും നിയന്ത്രിക്കാൻ സാധിക്കില്ല. ഇത്രത്തോളം മതി. ഇനി മാറുക. മാറ്റം ഇവിടെത്തന്നെയുണ്ട്. അതിനു വിധേയരാകാൻ നിങ്ങൾ തയ്യാറാണെങ്കിലും അല്ലെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യും. എബ്രഹാം ലിങ്കൺ പറഞ്ഞതു പോലെ, കുറച്ചു കാലത്തേയ്ക്കു നിങ്ങൾക്കു ചില ആളുകളെ വിഢികളാക്കാം. പക്ഷേ എല്ലാവരെയും എക്കാലവും നിങ്ങൾക്കു വിഢികളാക്കാനാവില്ല’. 

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെ തുടർന്ന് സിനിമ മേഖലയിലെ സ്വജനപക്ഷപാതത്തിനെതിരെ ഗുരുതരമായ വിമർശനങ്ങളാണ് ഉയർന്നത്. അർഹിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്നും അവർ അന്യായമായി തഴയപ്പെടുകയാണെന്നും തുറന്നു പറഞ്ഞ് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് സംഗീത രംഗത്തെയും സ്ഥിതി സമാനമാണെന്നു ചൂണ്ടിക്കാണിച്ച് സോനു നിഗവും അദ്നാൻ സമിയും ഉൾപ്പെടെയുള്ളവർ വിമർശനങ്ങൾ ഉന്നയിച്ചത്. സംഗീതരംഗം ഭരിക്കുന്ന മാഫിയകളുടെ താല്പര്യങ്ങളുടെ ഫലമായി കഴിവുള്ള പലർക്കും അവസരങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും ഈ സ്ഥിതി തുടർന്നാൽ സംഗീത മേഖലയിൽ നിന്നും ആത്മഹത്യാ വാർത്തകൾ ഉടൻ കേൾക്കേണ്ടി വരുമെന്നും സോനു നിഗം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA