ADVERTISEMENT

ലോക്ഡൗൺ ലംഘിച്ചെന്നാരോപിച്ച് തൂത്തുക്കുടിയിൽ പോലീസ് അറസ്റ്റു ചെയ്ത തടിവ്യാപാരി ജയരാജും മകന്‍ ബെന്നിക്സും ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഗായിക സുചിത്ര. മന:സാക്ഷിയെ ഞെട്ടിക്കും വിധം ക്രൂരമായാണ് ഇരുവരും മരണപ്പെട്ടത്. ഇരുവർക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഹ്രസ്വ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്താണ് സുചിത്രയുടെ പ്രതിഷേധം. വിവരിക്കാനാവാത്ത വിധം ക്രൂരമായാണ് ആ അച്ഛനും മകനും മരണപ്പെട്ടതെന്നും അവർക്കു നീതി ലഭിക്കാനായി എല്ലാവരും പൊരുതണമെന്നും സുചിത്ര പറഞ്ഞു. വികാരനിർഭരമായാണ് ഗായിക സംസാരിച്ചത്. യുഎസിൽ പൊലീസിന്റെ ക്രൂര പീഢനത്തിനിരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ മരണം പോലെ അതി ക്രൂരമായാണ് ജയരാജും ബെന്നിക്സും മരണപ്പെട്ടതെന്നും പൊലീസിന്റെ ഈ നിഷ്ഠൂരമായ പ്രവൃത്തികൾക്കും അന്യായമായ ഇത്തരം നിയമസംവിധാനങ്ങള്‍ക്കുമെതിരെ ശബ്ദമുയർത്തണമെന്നും സുചിത്ര പറഞ്ഞു വയ്ക്കുന്നു.

 

സുചിത്രയുടെ വാക്കുകൾ:

 

‘മരണപ്പെട്ട ജയരാജും അദ്ദേഹത്തിന്റെ മകൻ ബെന്നിക്സും നിരപരാധികളാണ്. അതി ക്രൂരമായാണ് പൊലീസ് ഇരുവരോടും പെരുമാറിയത്. ലാത്തിയും മറ്റ് ബലമുള്ള വസ്തുക്കളുമുപയോഗിച്ചുള്ള അടിയിൽ ഇരുവരുടെയും അസ്ഥികൾ തകർന്നു. മണിക്കൂറുകളോളം അവർക്ക് പൊലീസിന്റെ ക്രൂര പീഢനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു. അവരുടെ സ്വകാര്യ ഭാഗങ്ങളിൽ പോലും അതി മാരകമാം വിധം പരുക്കു പറ്റിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടവർ തന്നെ ഇതു സാക്ഷ്യപ്പെടുത്തുന്നു. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകളോ തെളിവു ശേഖരണത്തിനാവശ്യമായ മറ്റു സംവിധാനങ്ങളോ ഇല്ലായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നും കടുത്ത പനിയെത്തുടർന്നുമാണ് ഇരുവരും മരണപ്പെട്ടത് എന്നാണ് അധികൃതർ പുറത്തുവിട്ട വിവരം.

 

ഇടത്തരം കുടുംബത്തിൽപ്പെട്ട ആ അച്ഛനും മകനും വളരെ കഠിനാധ്വാനം ചെയ്തായിരുന്നു ജീവിച്ചത്. ആ നിരപരാധികളുടെ മരണത്തിനു ശേഷം രണ്ടു പൊലീസുകാരെ സസ്‍പെൻഡ് ചെയ്യുകയും മറ്റു ചിലരെ സ്ഥലം മാറ്റുകയും ചെയ്തു. ഈ പ്രശ്നത്തിനുള്ള പരിഹാരം അതല്ല. ഉയർന്നു വരുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയും അതല്ല. അവർക്കുള്ള നീതിയും അതല്ല. ഈ കേസ് ഇങ്ങനെ അവസാനിക്കാൻ പാടില്ല. അതിനു നാം അനുവദിച്ചുകൂടാ. യുഎസിൽ പൊലീസിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ മരണം പോലെ തന്നെയാണിത്. ഈ നിരപരാധികൾക്കു നീതി ലഭിക്കണം. അതിനു വേണ്ടി പൊരുതാൻ നാം ഓരോരുത്തരും തയ്യാറാകണം’. 

 

ജയരാജിന്റെയും ബെന്നിക്സിന്റെയും മരണത്തിൽ പ്രതിഷേധിച്ച് തൂത്തുക്കുടിയൽ സംഘർഷമുണ്ടായി. കഴിഞ്ഞ 19നാണ് ജയരാജിനെയും ബെന്നിക്സിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനുശേഷം പിറ്റേന്നു കോടതിയിൽ ഹാജരാക്കി. ജയിലിലെത്തിക്കുമ്പോൾ ബെന്നിക്സിന്റെ മാറിലും കാലിലും ജയരാജിന്റെ കാലിലും പരുക്കുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു. 

 

ജയരാജിനെയും മകനെയും നിലത്തിട്ട് ഉരുട്ടിയെന്നും ഇതാണ് ആന്തരിക പരുക്കുകൾക്കു കാരണമെന്നും എഫ്ഐആറിൽ വ്യക്തമായ പരാമർശമുണ്ട്. ബെന്നിക്സിന്റെ വസ്ത്രം രക്തത്തിൽ മുങ്ങിയ നിലയിലായിരുന്നുവെന്നും രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ആശുപത്രിയിൽ വച്ചു തന്നെ നിരവധി തവണ വസ്ത്രം മാറ്റിയിരുന്നുവെന്നും അഭിഭാഷകനായ രവിചന്ദ്രൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com