കേരളം നെഞ്ചേറ്റിയ ഭാസ്കരൻ മാഷിന്റെ വരികൾ സംസ്കൃതത്തിൽ വൈറലാക്കി വത്സല ടീച്ചർ

valsala-img-new
SHARE

1972 ൽ പുറത്തിറങ്ങിയ സ്നേഹദീപമേ മിഴി തുറക്കൂ എന്ന സിനിമയിൽ പി ഭാസ്കരൻ എഴുതി ജാനകിയമ്മ ആലപിച്ച   ലോകം മുഴുവൻ സുഖം പകരാനായി...സ്നേഹ ദീപമേ മിഴുതുറക്കൂ എന്ന ഗാനം പതിറ്റാണ്ടുകളായി മലയാളികൾ നെഞ്ചേറ്റിയതാണ് . ഒരു ചലച്ചിത്രഗാനം എന്നതിൽ ഉപരിയായി അക്കാലത്ത് കേരളത്തിലെ പലവിദ്യാലയങ്ങളിലും ഈ ഗാനം അസംബ്ലിയിൽ പ്രാർത്ഥനാഗാനമായി ഉപയോഗിച്ചിരുന്നു. അത്രമേൽ ജനകീയമായ ഈ ഗാനത്തെ അർത്ഥവും സംഗീതവും അതേ പടി നിലനിർത്തിക്കൊണ്ട് സംസ്കൃത ഭാഷയിലേക്ക് മൊഴിമാറ്റിയിരിക്കുകയാണ് റിട്ടയേഡ് സംസ്കൃത അധ്യാപികയായ വത്സല കൃഷ്ണൻ. 

അനന്തരവൻ ശ്രീകാന്ത് നമ്പൂതിരി ആലപിച്ച ലോകം മുഴുവൻ സുഖം പകരാനായി... സംസ്കൃതം വേർഷൻ കേട്ടവരെല്ലാം ഇത്ര മനോഹരമായി ഗാനം വിവർത്തനം ചെയ്യുകയും ആലപിക്കുകയും ചെയ്തവരെ തേടുകയാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള ആ അന്വേഷണമാണ് എറണാകുളത്ത് താമസമാക്കിയ വത്സല കൃഷ്ണൻ എന്ന റിട്ടയർ സംസ്കൃതം അധ്യാപികയിൽ വന്നെത്തി നിൽക്കുന്നത്.  

എന്തിനാണ് ഈ ഗാനത്തെ സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് എന്ന് ചോദിച്ചാലുള്ള ഉത്തരമാണ് വത്സല ടീച്ചറുടെ സംസ്കൃതം വേർഷൻ ജനകീയമാക്കുന്നത്. ജീവിതത്തിൽ അഗാതമായി സ്നേഹിക്കുന്ന രണ്ടു കാര്യങ്ങളാണ് സംസ്കൃതവും തന്റെ ജോലിയും. അധ്യാപികയായി കേരളത്തിലെ വിവിധ ജില്ലകളിൽ ടീച്ചർ ജോലി ചെയ്തിട്ടുണ്ടെങ്കിലും തന്റെ കരിയർ ആരംഭിച്ച ഇടുക്കി ജില്ലയിലെ വിദ്യാധിരാജ സ്‌കൂളിനോട് ഒരു പ്രത്യേക താല്പര്യമാണ്. വിദ്യാധിരാജയിലെ പ്രാർത്ഥനാഗാനമായിരുന്നു ലോകം മുഴുവൻ സുഖം പകരാനായി എന്ന ഗാനം. 

വിദ്യാർത്ഥികൾക്കൊപ്പം ഒന്നര പതിറ്റാണ്ടോളം ആ പാട്ട് പാടി പാടി അത് ജീവിതത്തിന്റെ തന്നെ ഭാഗമായി മാറി. പിന്നീട് വിദ്യാധിരാജയിൽ നിന്നും ജോലിമാറ്റം കിട്ടി ഇടുക്കി ജില്ലയിലെ തന്നെ അരീക്കുഴ കുടയത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂളുകളിൽ പ്രവർത്തിച്ചു എങ്കിലും കാലങ്ങളോളം പാടി നടന്ന ഈ ഗാനം മനസ്സിൽ നിന്നും പോയില്ല. പിന്നീട് സർക്കാർ സർവീസിൽ കയറുകയും സംസ്കൃതം ഭാഷയുടെ ഉന്നമനത്തിനായി തന്നാൽ കഴിയും വിധമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 

ഇതിനിടയ്ക്ക് ആലുവയിൽ നിന്നും മാറി  ഇരിങ്ങാലക്കുടയിൽ വീട് വയ്ക്കുകയും താമസമാക്കുകയും ചെയ്തതോടെ അവിടെയുള്ള സംസ്കൃതഭാരതി എന്ന സംഘടനയ്ക്ക് കീഴിൽ സംസ്കൃതത്തെ ജനകീയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. റിട്ടയർ ആയതോടെ ക്രിയാത്മകമായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവസരം  ലഭിച്ചു. അപ്പോഴാണ് മലയാളത്തിൽ നിന്നും ഏതെങ്കിലും കവിതകൾ സംസ്കൃതത്തിലേക്കു മൊഴിമാറ്റിക്കൂടെ എന്ന് അനന്തരവനായ ശ്രീകാന്ത് ചോദിക്കുന്നത്. 

''ആ ചോദ്യം കേട്ടപ്പോൾ ആദ്യം മനസിലേക്ക് ഓടി വന്നത് വർഷങ്ങൾ ഞാൻ ചൊല്ലിയ ഈ പ്രാർത്ഥനാഗാനമാണ്. സിനിമ ഗാനം ആണെങ്കിലും ഞാൻ ആദ്യമായി ജോലിയിൽ പ്രവേശിച്ച സ്‌കൂളിൽ അത് പ്രാർത്ഥനാഗാനമായിരുന്നു. വല്ലാത്ത ഒരു ഇഷ്ടമാണ് ആ പാട്ടിനോട്. മാത്രമല്ല, ആദ്യമായി ജോലി നോക്കിയാ ഇടവുമായി ചേർത്ത് ചിന്തിക്കുമ്പോൾ അറ്റാച്ച്മെന്റും കൂടുതലാണ്. അങ്ങനെയാണ് ലോകം മുഴുവൻ സുഖം പകരാനായി... എന്ന ഗാനം സംസ്കൃതത്തിലേക്കു മാറ്റുന്നത്.. എല്ലാവർക്കും ഇഷ്ടമായി എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്'' വത്സല ടീച്ചർ പറയുന്നു. 

സംസ്കൃതത്തോടുള്ള താല്പര്യം കാരണം തന്റെ അറുപതാം വയസിൽ പുരാണേതിഹാസത്തിൽ എംഎ സംസ്കൃതം പൂർത്തിയാക്കിയിട്ടുണ്ട് വത്സല ടീച്ചർ. ഇപ്പോഴും സംസ്കൃതഭാഷ പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ആര് ചോദിച്ചാലും പഠിപ്പിക്കാൻ പൂർണ സജ്ജയാണ് ടീച്ചർ. ഒരൊറ്റ വോട്ടിനാണ് സംസ്കൃതത്തിന് രാഷ്ട്രഭാഷാ പദവി നഷ്ടമായത് എന്ന് പറയുമ്പോൾ വത്സല ടീച്ചറുടെ വാക്കുകളിൽ നിറയുന്ന നഷ്ടബോധം, ഈ റിട്ടയർ അധ്യാപികക്കു താൻ പഠിപ്പിക്കുന്ന വിഷയത്തോടുള്ള സ്നേഹവുമായി ചേർത്തു വായിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA