ADVERTISEMENT

ബാലഭാസ്കറിന്റെ ജന്മദിനത്തിൽ കണ്ണീരണിഞ്ഞ് ആശംസകൾ നേർന്ന് സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസ്സി. ഉള്ളു തകർന്നാണ് പ്രിയപ്പെട്ട ബാലയെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ സ്റ്റീഫൻ വാചാലനായത്. ബാലഭാസ്കറിന്റെ വയലിൻ ഈണവും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് സ്റ്റീഫൻ വിഡിയോ പോസ്റ്റു ചെയ്തത്. ഒരുമിച്ചുണ്ടായിരുന്ന ഓരോ നിമിഷവും മധുരമുള്ള ഓർമകളും സ്റ്റീഫൻ ദേവസ്സി പങ്കുവച്ചു. അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ കഴിയവേ അവസാനമായി കണ്ടു സംസാരിച്ചപ്പോഴും തിരികെ വരുമെന്നും വീണ്ടും പഴയതു പോലെ സംഗീതപരിപാടികൾക്കായി ഒരുമിക്കാമെന്നും പറഞ്ഞ് ബാലു പ്രതീക്ഷ പകർന്നതും ഇടറുന്ന സ്വരത്തിൽ സ്റ്റീഫൻ ദേവസ്സി പറഞ്ഞു. 

 

സ്റ്റീഫൻ ദേവസ്സിയുടെ വാക്കുകൾ:

 

‘ഇന്ന് എന്റെ ചങ്കിന്റെ പിറന്നാളാണ്. ഓരോ സംഗീതപരിപാടിയ്ക്കും മുന്‍പ് പിൻസ്റ്റേജിൽ നിന്ന് ഞങ്ങൾ എല്ലാവരും ഒരുമിച്ച് കൈകൾ ചേർത്തു പിടിച്ച് പ്രാർഥിക്കും. അതുകഴിഞ്ഞ് പരസ്പരം കെട്ടിപ്പിടിച്ച് പൊളിക്കാം എഡാ എന്നു പറഞ്ഞിട്ടാണ് സ്റ്റേജിലേയ്ക്കു കയറുന്നത്. ആ ഒരു എനർജി എപ്പോഴും ഞങ്ങൾ തമ്മില്‍ പങ്കുവയ്ക്കുമായിരുന്നു. അവസാനമായി ആശുപത്രിയിൽ നിന്ന് അവനെ കണ്ട് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ഞാൻ അവനോടു ചോദിച്ചു എടാ നീ വരില്ലേ, നമുക്ക് പ്രോഗ്രാമിനു പോയി തകർക്കണ്ടേ എന്ന്. അടുത്ത മാസം പരിപാടിയുണ്ട് നീ വേഗം വരണം എന്നു ഞാൻ പറഞ്ഞപ്പോൾ അന്ന് ഒരു നോട്ടത്തിലൂടെ അവൻ എനിക്ക് വലിയ ഒരു ആത്മവിശ്വാസവും പ്രതീക്ഷയും നൽകി. 

 

തിരികെ വരണമെന്ന് അവൻ ആഗ്രഹിച്ചിരിക്കാം. പക്ഷേ, അവൻ ദൈവത്തിന്റെ അടുത്തേയ്ക്കു വരണമെന്ന് ദൈവം ഏറെ ആഗ്രഹിച്ചിട്ടുണ്ടാകാം. ഇപ്പോൾ വലിയ സംഗീജ്ഞരുടെ കൂടെ അവൻ അവിടെ സംഗീതപരിപാടികൾ നടത്തുന്നുണ്ടാകും. അവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നുണ്ടാകും. നമുക്കിവിടെയിരുന്ന് അവനെക്കുറിച്ച് ഓർക്കാനും വിഷമിക്കാനും മാത്രമല്ലേ പറ്റൂ. അവൻ നമ്മളെ വിട്ടു പോയാലും അവന്റെ സംഗീതവും അവന്റെ ഓർമകളും ഒരിക്കലും നമ്മെ വിട്ടു പോകില്ല. അവനെ പരിചയപ്പെട്ടിട്ടുള്ള ആരും അവനെ മറക്കില്ല. പ്രിയബാലുവിന് എന്റെ എല്ലാവിധ ജന്മദിനാശംസകളും. കോവിഡും അസുഖങ്ങളും വേദനകളും ഇല്ലാത്ത ലോകത്ത് നീ തകർക്ക്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ശാന്തിയിൽ ലയിക്കുക ബാലു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com