ADVERTISEMENT

അമ്മയുടെ പാട്ടിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി യുവ പാട്ടെഴുത്തുകാരന്‍ ബി.കെ ഹരിനാരായണന്‍. 'ഉജ്ജയിനിയിലെ ഗായിക' എന്ന തലക്കെട്ടോടെ ഹരിനാരായണന്‍ പങ്കുവച്ച കുറിപ്പ് സ്വന്തം അമ്മയുടെ പാട്ടിനെക്കുറിച്ചു മാത്രമല്ല. നിരവധി നിത്യഹരിതഗാനങ്ങള്‍ ആലപിച്ച പി.ലീല, പി. സുശീല എന്ന ഗായികമാരെക്കുറിച്ചുമാണ്. റേഡിയോയില്‍ ഇവരുടെ പാട്ടു കേള്‍ക്കുമ്പോള്‍ ഇവര്‍ സഹോദരിമാരാണോ എന്നു സംശയിച്ചിരുന്ന പഴയ കാലത്തെ അമ്മ ഓര്‍ത്തതും ഹരിനാരായണന്‍ പങ്കുവച്ചു. അടുക്കളയിൽ പണിയെടുക്കുന്ന പാടാത്തവരും പാടുന്നവരുമായ എല്ലാ അമ്മമാര്‍ക്കുമായി  'ഉജ്ജയിനിയിലെ ഗായിക' എന്ന ഗാനം സമര്‍പ്പിച്ചാണ് ഹരിനാരായണന്‍ സമൂഹമാധ്യമത്തിലെ കുറിപ്പ് അവസാനിപ്പിച്ചത്

 

ഹരിനാരായണന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ നിന്ന്:   

 

രാവിലെ ഉണർന്ന് കോണിയിറങ്ങി താഴേക്ക് വരുമ്പോൾ .. മിക്സിയുടെ മൂളക്കത്തിന് മുകളിലായി അമ്മയുടെ മൂളിപ്പാട്ട് കേൾക്കുന്നുണ്ട്. ഇതൊരു പതിവാണ്. ഓരോ ദിവസവും ഓരോ പാട്ടാണ് അമ്മയ്ക്ക്. ഒരു ദിവസം ഒരു പാട്ട് ചുണ്ടിൽ വന്നാൽ അതങ്ങനെ ദിവസം മുഴുവൻ പണിയ്ക്ക് ബാക് ഗ്രൗണ്ട് സ്കോറായി കിടക്കും. ഇന്ന് ലീലാമ്മ പാടിയ "പ്രിയമാനസാ നീ വാ വാ" ആയിരുന്നു.. അമ്മയ്ക്ക് ഏറെ ഇഷ്ടമുള്ള പാട്ടാണത്. അപ്പോ ആവേശം കൂടും!

 

മിക്സിയുടെ മൂളക്കം അമ്മയുടെ പാട്ടിലേക്ക് ശ്രുതി ചേർന്ന് സ്ട്രിങ്ങ്സാവുകയും, കുക്കറിന്റെ മൂന്നാം കൂക്ക് ഫ്ലൂട്ട് ബിറ്റാവുകയും, തട്ടി മറയുന്ന, തെന്നി നീങ്ങുന്ന പാത്രങ്ങൾ പെർക്കഷനാവുകയും ചെയ്യും. അമ്മപ്പാട്ടിന് ഒരു പ്രത്യേക രുചിയും മണവും കൈവരും. അടുക്കളയിലെ അമ്മമാരുടെ പാട്ടുകൾക്ക് മാത്രമുണ്ടാവുന്ന ഒരു മാന്ത്രികതയാണിത്.

 

അതും ശ്രദ്ധിച്ച് കുറച്ച് നേരം നിന്നു. അത് മനസിലായതോടെ പാട്ട് നിന്നു. അതങ്ങനെയാണ് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയാൽ അമ്മ പാട്ട് നിർത്തും. പിന്നെ ആത്മഗതാഗതം പോലെ അമ്മ പറഞ്ഞു. "കുട്ടിക്കാലത്ത് പാട്ട് കേക്കുമ്പൊ ഞാൻ കരുതിയത് പി.ലീലയും പി. സുശീലയും ഏട്ത്തീം അനീത്തീം ആണെന്നാ! അന്ന് പാട്ട് കേക്കുന്നത് റേഡിയോയിലല്ലെ ഇത് പോലെ കാണാൻ പറ്റില്ലല്ലൊ! ലീലാമ്മക്കും സുശീലാമ്മക്കും നമ്മുടെ സങ്കൽപ്പത്തിലുള്ള മുഖമല്ലെ."

 

ഒരു കണക്കിന് അമ്മ പറഞ്ഞത് ശരിയാണ്. ചലച്ചിത്ര പിന്നണി ഗാനശാഖ പെറ്റ സഹോദരിമാർ തന്നെയാണവർ. "അമ്മേ ഉജ്ജയിനിയിലെ ഗായിക രണ്ട് വരി പാട്വോ " സാധരണ അങ്ങനെ പറഞ്ഞ "ഞാൻ പാട്ട് കാരത്തിയൊന്നുമല്ല" എന്ന മറുപടിയാണ് പതിവ്. പക്ഷെ ഇന്ന് ഉപ്പുമാവിനൊപ്പം ഒരു കഷ്ണം ഉജ്ജയിനിയിലെ ഗായികയും അമ്മ വിളമ്പി തന്നു...നല്ല സ്വാദ്. (അമ്മയുടെ ഉപ്പുമാവ് കിടിലൻ മാസായതിനാൽ അതെന്റെ ഇഷ്ട ഭക്ഷണം). കഴിച്ച് കൈ കഴുകി വന്നിരുന്ന് ലിലാമ്മയെ കേൾക്കുമ്പോൾ പശ്ചാത്തലത്തിൽ അമ്മയുടെ ''പ്രിയമാനസ" തുടരുന്നുണ്ട്

 

''വാതിലു തുറന്നു നിൻ

വരവും കാത്തിരിപ്പൂ ഞാൻ "

 

ലീലാമ്മയെ വീണ്ടും വീണ്ടും ഓർത്തുകൊണ്ട് ''ഉജ്ജയിനിയിലെ ഗായിക" ഇവിടെ ഇടുന്നു. അടുക്കളയിൽ പണിയെടുക്കുന്ന പാടാത്തവരും പാടുന്നവരുമായ എല്ലാവർക്കും വേണ്ടി... പ്രത്യേകിച്ച് അമ്മമാർക്ക് വേണ്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com