ADVERTISEMENT

ചിറ്റൂരില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ ഒടുവില്‍ ഉണ്ണികൃഷ്ണനെ കാണാന്‍ ഒരു ചെറുപ്പക്കാരനെത്തി. കുളിച്ച് ഈറനുടുത്തു വരുന്ന ഒടുവിലിനു മുന്നില്‍ തൊഴുകൈകളോടെ ചെറുപ്പക്കാരന്‍ നിന്നു. നമസ്‌കാരം ഞാന്‍ ഗോപി, ഇവിടെ ചിറ്റൂരില്‍ തന്നെയാണ് വീട്. ഒടുവിലിന് ആളെ അങ്ങോട്ടു പിടികിട്ടിയില്ല. നെറ്റി ചുളിച്ച് നോക്കുന്നതു കണ്ടപ്പോള്‍ തന്നെ ചിറ്റൂരുകാരന്‍ ഗോപിക്ക് കാര്യം മനസിലായി. "ചേട്ടന്‍ സംഗീതം നല്‍കിയ പൂങ്കാവനം കാസറ്റിലെ ഗാനങ്ങള്‍ എഴുതിയത് ഞാനാണ്". കേട്ടപാടെ ഒടുവിലിന്റെ മുഖം വിടര്‍ന്നു. ഗോപിയെ നെഞ്ചോടു ചേര്‍ത്തു കെട്ടിപിടിച്ചു. ഒടുവിലിന്റെ ആ ആലിംഗനം ഗോപിയുടെ പാട്ടുകള്‍ക്കുള്ളതായിരുന്നു. ചിറ്റൂര്‍ ഗോപിയുടെ പാട്ടുകളറിയുന്ന ആരും ഒരു നിമിഷം ഒടുവില്‍ ഉണ്ണികൃഷ്ണനെ പോലെയാകും. അത്രമേല്‍ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ആ ഗാനങ്ങളെ ആശ്ലേഷിക്കാതെ പോകുവാന്‍ നമുക്കാകില്ല. അറിയാതെ ഇഷ്ടം തോന്നുന്ന കുറച്ചധികം നല്ല പാട്ടുകളാണ് ചിറ്റൂര്‍ ഗോപിയിലൂടെ മലയാളി കേട്ടറിഞ്ഞത്. സിനിമാഗാനങ്ങളെന്നപോലെ മലയാളിക്ക് ഏറെ പരിചിതമാണ് ചിറ്റൂര്‍ ഗോപിയുടെ പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും പരസ്യഗാനങ്ങളുമൊക്കെ. 1995ല്‍ പുറത്തിറങ്ങിയ 'സ്ട്രീറ്റില്‍' തുടങ്ങിയ പാട്ടെഴുത്തില്‍ 'അറിയാതെ ഇഷ്ടമായി അന്നു മുതലൊരു സ്‌നേഹ ചിത്രമായ്', 'അകലയോ നീ', 'നാലുകെട്ടിന്‍ അകത്തളത്തില്‍' തുടങ്ങി എത്രയോ ഹിറ്റുകള്‍. ഉഷ ഉതുപ്പിനെ മലയാളി ഓര്‍ക്കാന്‍ ചിറ്റൂര്‍ ഗോപി രചിച്ച എന്റെ കേരളം എത്ര സുന്ദരം എന്ന ഒരൊറ്റ ഗാനം മതി. ഒരുകാലത്ത് കൈവിരലുകളില്‍ താളം തീര്‍ത്ത തബലിസ്റ്റായും ശ്രദ്ധേയനായിരുന്നു ചിറ്റൂര്‍ ഗോപി.

 

കൊച്ചിരാജാവിന്റെ കൈയില്‍ നിന്ന് പട്ടും വളയും നേടിയ മുത്തച്ഛന്‍ കേശവന്‍ ഇളയിടത്തിന്റെ എഴുത്തു പാരമ്പര്യമാണ് ചിറ്റൂര്‍ ഗോപിയിലേക്കും എത്തിയത്. മുത്തച്ഛന്റെ കവിതകള്‍ കേട്ടും വായിച്ചുമൊക്കെ വളര്‍ന്ന ഗോപിയുടെ മനസിലും കവിത തളിരിട്ടു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ഉള്ളിലെ കുഞ്ഞുമോഹങ്ങളെ കവിതകളാക്കി. ഇതിനിടയില്‍ കൊട്ടിനോടും കമ്പം കയറി. പാത്രങ്ങളിലും മേശപ്പുറത്തുമൊക്കെ താളം പിടിക്കുന്നത് കൊച്ചു ഗോപിക്ക് ആവേശമായി. ഗോപിയുടെ കൊട്ടു പ്രേമം കണ്ട് ഇഷ്ടം തോന്നിയ ബന്ധുവായ സേതുനാഥാണ് യേശുദാസിന്റെ ഗാനമേളകളിലെ പ്രധാന തബലിസ്റ്റായ കെ. സി. ആന്റണിയുടെ അടുത്തേക്ക് ഗോപിയെ എത്തിക്കുന്നത്. അതിവേഗത്തില്‍ ആന്റണി മാഷിന്റെ പ്രിയ ശിഷ്യനായി ഗോപി മാറി. പഠനം പൂര്‍ത്തിയായതോടെ സ്വപ്‌ന തുല്യമായ അരങ്ങേറ്റവും ലഭിച്ചു. 1970ല്‍ കൊച്ചിയില്‍ കലാഭവന്‍ നടത്തിയ മെഗാഷോയില്‍ യേശുദാസ്, ജയചന്ദ്രന്‍, എസ്. ജാനകി, വസന്ത തുടങ്ങിയവര്‍ അണിനിരന്ന പരിപാടിയില്‍ തബല വായിച്ചുകൊണ്ടായിരിുന്നു തുടക്കം. ആശാനായ കെ. സി ആന്റണിയ്‌ക്കൊപ്പം തന്നെ അരങ്ങേറ്റവും നടത്താനായി എന്നത് മറ്റൊരു പുണ്യം. അതോടെ കലാഭവന്റെ പരിപാടികളിലെ തബലിസ്റ്റായും ഗോപി മാറി.

 

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ പുതിയ നാടകത്തിലേക്ക് പാട്ടെഴുതാന്‍ പ്രീഡിഗ്രിക്കാരനായ ഗോപിയോട് പറയുന്നത് കോളജിലെ സഹപാഠിയായ ജോയിയാണ്. കൂട്ടുകാരന്റെ താല്‍പര്യത്തിന് സമ്മതം മൂളി ഒന്നു ശ്രമിച്ചു നോക്കാന്‍ എത്തിയ ഗോപിയുടെ ആദ്യഗാനം ഒട്ടും മോശമായില്ല. "ഹൃദയവനികയില്‍ ഉദയം തേടിയ ഉദ്യാനമലരേ ഇനി ഉണരൂ..." എന്ന ഗാനം സംഗീതം നല്‍കി ആലപിച്ചത് ജോളി ഏബ്രഹാമായിരുന്നു. 1972ല്‍ കലാഭവന്‍ സംഘടിപ്പിച്ച മെഗാഷോയുടെ അവതരണ ഗാനവും രചിച്ചത്  ചിറ്റൂര്‍ ഗോപിയായിരുന്നു. കെ. കെ. ആന്റണി സംഗീതം നല്‍കിയ ഈ ഗാനം വേദിയില്‍ പി. ജയചന്ദ്രനും സംഘവും പാടുമ്പോള്‍ പിന്നണിയില്‍ തബലിസ്റ്റായി ഗോപിയും ഉണ്ടായിരുന്നുവെന്നത് മറ്റൊരു കൗതുകം.

 

കൈയിലെ താളവും ഉള്ളിലെ അക്ഷരങ്ങളും ഗോപിയ്‌ക്കൊപ്പം എന്നും സഞ്ചരിച്ചു. ഇതിനിടയില്‍ ചില ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയെങ്കിലും അവയൊന്നും വെളിച്ചം കണ്ടില്ല. അപ്പോഴും നിരാശ തോന്നാത്ത മനസ്സുമായി തന്റെ അവസരത്തിനായി കാത്തിരുന്നു. 1995ല്‍ പുറത്തിറങ്ങിയ 'സ്ട്രീറ്റ്' എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള ഔദ്യോഗികമായ പ്രവേശം. ടോമിന്‍ തച്ചങ്കരിയായിരുന്നു സംഗീതം. തന്റെ ആല്‍ബങ്ങളില്‍ ഗാനങ്ങളെഴുതി വന്നിരുന്ന ചിറ്റൂര്‍ ഗോപി തന്നെ സിനിമയിലും വേണമെന്ന തച്ചങ്കരിയുടെ ആഗ്രഹത്തിന് സംവിധായകരായ അനില്‍ ബാബുവും സമ്മതം മൂളുകയായിരുന്നു.  

 

തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ചിറ്റൂര്‍ ഗോപിയെ തേടിയെത്തി. ഇതിനിടയില്‍ ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ ജോലി ലഭിച്ചതോടെ സിനിമയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അപ്പോഴും കിട്ടുന്ന ഒഴിവു സമയങ്ങളൊക്കെ പാട്ടുകള്‍ക്കായി മാറ്റി വയ്ക്കാനും മടിച്ചില്ല.

 

"അറിയാതെ ഇഷ്ടമായി

അന്നുമുതലൊരു സ്‌നേഹചിത്രമായ്

മെല്ലെ അരികില്‍ ഒതുങ്ങി നിന്നു നീ

എന്റെ എല്ലാമായി..."

 

ഒരുവാക്കും മറുവാക്കും പറയാതെ കണ്ണു നിറയിച്ച പ്രണയത്തിന്റെ ഓര്‍മകളിലേക്ക് നമ്മേ കൂട്ടികൊണ്ടുപോയ ഗാനം. 'പാണ്ടിപ്പട' എന്ന ചിത്ത്രിലെ ഈ ഗാനത്തിന് സംഗീതം നല്‍കിയത് സുരേഷ് പീറ്റേഴ്‌സ് ആയിരുന്നു. ഇതിനു മുന്‍പും ചില ചിത്രങ്ങളിലേക്ക് റാഫി മെക്കാര്‍ട്ടിന്‍ വിളിച്ചിരുന്നെങ്കിലും ജോലി തിരക്കുകള്‍ ഗോപിക്ക് തടസമായി. സാഹചര്യങ്ങള്‍ ഒത്തു വന്നപ്പോള്‍ ആദ്യമായി ഒന്നിക്കുന്ന ഗാനം ഒട്ടും മോശമാകരുതെന്ന് റാഫി മെക്കാര്‍ട്ടിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ കണക്കുകൂട്ടല്‍ തെറ്റിയില്ല. സംഗീതം സുരേഷ് പീറ്റേഴസ് മൂളി തന്നപ്പോള്‍ അത്ര എളുപ്പമാണെന്നു തോന്നിയില്ല. വളരെ ലളിതമായി എഴുതണമെന്ന ആഗ്രഹം മാത്രമായിരുന്നു അപ്പോള്‍ മനസില്‍. ചിറ്റൂര്‍ ഗോപി ഈ പാട്ടിനെ ഓര്‍ത്തെടുക്കുന്നു. വരികളെഴുതി സംവിധായകരും ഓക്കെ പറഞ്ഞ ശേഷം ഈ ഗാനം ആദ്യമായി കേട്ടത് ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ നടന്‍ ദിലീപായിരുന്നു.

 

"അകലെയോ നീ അകലെയോ

വിടതരാതെന്തേ പോയി നീ..."

 

നേര്‍ത്ത വിഷാദം തുളുമ്പൂന്ന വിരഹ ഗാനം. ഇല്ല ഞാന്‍ നിന്‍ മുഖം എന്‍ മനസിതിലില്ലാതെ, ഇല്ല ഞാന്‍ നിന്‍ സ്വരം എന്‍ കാതുകള്‍ നിറയാതെ.... ആര്‍ദ്രമായി പെയ്തിറങ്ങിയ 'ഗ്രാന്റ്മാസ്റ്ററിലെ' ഈ ഗാനത്തിന് സംഗീതം നല്‍കിയത് ദീപക ്‌ദേവായിരുന്നു. ഗാനം ആലപിച്ച വിജയ് യേശുദാസ് 2012ല്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരവും നേടി.സിനിമയില്‍ സജീവമാകും മുന്‍പേ ദീപക് ദേവുമായി അടുത്ത ബന്ധമുള്ളയാണ് ചിറ്റൂര്‍ ഗോപി. അക്കാലത്ത് താന്‍ തയാറാക്കിയ സംഗീതത്തിന് പാട്ടെഴുതി തരാന്‍ ആവശ്യപ്പെട്ടു വരുന്ന ദീപക് ദേവിനെ ഇന്നും ചിറ്റൂര്‍ ഗോപിക്ക് ഓര്‍മയുണ്ട്. ആ സൗഹൃദം പിന്നീട് സിനിമയില്‍ ആദ്യമായി ഒന്നിക്കുന്നത് ഗ്രാന്റ്മാസ്റ്ററിലൂടെയാണ്.

 

ദീപകിന്റെ സംഗീതത്തിനനൂസരിച്ച് ചിറ്റൂര്‍ ഗോപി വരികള്‍ എഴുതി. ഓമലേ, ആരോമലോ എന്ന് എഴുതി തുടങ്ങിയ ഗാനം വളരെ പെട്ടന്നു തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു. നമുക്ക് ഇത്തിരികൂടി വിരഹം വേണമല്ലോ, പാട്ടു വായിച്ച ബി. ഉണ്ണികൃഷ്ണന്‍ തന്റെ അഭിപ്രായം പറഞ്ഞു. എന്നാല്‍ ഈ ഗാനം മുഴുവനായി ഞാനൊന്നു പൊളിച്ചെഴുതാം എന്നായി ചിറ്റൂര്‍ ഗോപി. അകലയോ എന്ന ഗാനത്തിന്റെ പിറവി അങ്ങനെയായിരുന്നു.

 

കോഴിക്കോട് യേശുദാസിന്റെ സംഗീതത്തില്‍ 'രാരിച്ചന്റെ രാജയോഗം', ബേണി ഇഗ്നേഷ്യസിന്റെ സംഗീതത്തില്‍ 'സ്വസ്ഥം ഗൃഹഭരണം', സുരേഷ് മേനോന്റെ സംഗീതത്തില്‍ 'കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെ' നാലുകെട്ടിന്‍ അകത്തളത്തില്‍, റോണി റാഫേലിന്റെ സംഗീതത്തില്‍ 'സിംഹാസനം' തുടങ്ങി ചിത്രങ്ങള്‍ക്കും ചിറ്റൂര്‍ ഗോപി ഗാനങ്ങള്‍ രചിച്ചു.

 

"എന്റെ കേരളം എത്ര സുന്ദരം

ജനിച്ചതെങ്ങോ എങ്കില്‍ക്കൂടി

വളര്‍ത്തു മകളായ് ഞാന്‍..".

 

ഉഷ ഉതുപ്പെന്ന പാട്ടുകാരിയെ മലയാളി ഓര്‍ത്തെടുക്കുന്നത് ഈ പാട്ടിലൂടെയാണ്. കേരളത്തിനോടുള്ള ഇഷ്ടം ഉഷ ഉതുപ്പ് ഈ പാട്ടിലൂടെ പറഞ്ഞപ്പോള്‍ മലയാളിക്ക് ഉഷ ഉതുപ്പിനോടുള്ള ഇഷ്ടം കൂടാനും ഈ പാട്ടു കാരണമായി. സംഗീത സംവിധായകനും ഗിത്താറിസ്റ്റുമായ എമില്‍ ഐസക്കാണ് ഉഷ ഉതുപ്പിനായി ഒരു ഗാനം എഴുതാന്‍ ചിറ്റൂര്‍ ഗോപിയോട് ആവശ്യപ്പെടുന്നത്. കേരളത്തിനോടുള്ള എന്റെ ഇഷ്ടം മുഴുവന്‍ ആ പാട്ടില്‍ നിറയണമെന്ന് ഉഷ ഉതുപ്പും ആവശ്യപ്പെട്ടപ്പോള്‍ ലളിത സുന്ദരമായ തന്റെ ശൈലിയെ പിന്‍തുടര്‍ന്ന് ചിറ്റൂര്‍ ഗോപി എഴുതിയ ഗാനമാണ് എന്റെ കേരളം. ഉഷ ഉതുപ്പു തന്നെയായിരുന്നു ഈ ഗാനത്തിന് സംഗീതവും നല്‍കിയത്. ദീദിയ്ക്കു പാടാനുള്ള സൗകര്യത്തിന് വലിയ പ്രയോഗങ്ങളോ ഉച്ചരിക്കാന്‍ പ്രയാസമുള്ള വാക്കുകളോ വരാതെ ശ്രദ്ധിച്ചിരുന്നു. റെക്കോര്‍ഡിങ്ങ് വേളയില്‍ ഓരോ വരിയുടേയും അര്‍ത്ഥവും ഉച്ചാരണവും കൃത്യമായി മനസിലാക്കിയായിരുന്നു പാടുന്നത്. ചിറ്റൂര്‍ ഗോപി പറയുന്നു. പിന്നീട് ഉഷാ ഉതുപ്പിന്റെ മിക്ക പാട്ടുകളുടെയും രചന ചിറ്റൂര്‍ ഗോപിയായിരുന്നു. ഉഷാ ഉതുപ്പിന്റെ മറ്റൊരു ഹിറ്റായ 'മലബാറിന്റെ ഒപ്പന' എന്ന ഗാനത്തിന് ചിറ്റൂര്‍ ഗോപിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയതാകട്ടെ ആര്‍. ഡി. ബര്‍മനും.

 

1990ല്‍ പുറത്തിറങ്ങിയ വെല്‍ക്കം 1990 എന്ന ആല്‍ബത്തിന്റെ അനുഭവം ചിറ്റൂര്‍ ഗോപിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഔസേപ്പച്ചനാണ് സംഗീതം. അതിവേഗത്തിലായിരുന്നു പാട്ടൊരുക്കലും റെക്കോര്‍ഡിങ്ങുമൊക്കെ. രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ നീണ്ടു നിന്ന പാട്ടൊരുക്കലിനിടയില്‍ തയാറാക്കിയത് 10 പാട്ടുകള്‍. റെക്കോര്‍ഡിങ്ങാനായി ചെന്നൈയിലെത്തുമ്പോഴാകട്ടെ കാര്യങ്ങള്‍ അതിലും വേഗത്തില്‍. ഓര്‍ക്കസ്ട്ര ചെയ്യാനെത്തിയ ചെറുപ്പക്കാരന്‍ എല്ലാവരേയും ഞെട്ടിക്കുകയായിരുന്നു. എല്ലാ ഓര്‍ക്കസ്ട്രയും അനായസം കൈകാര്യം ചെയ്യുന്ന അയാളെ നോക്കി നിന്നു. അന്നത്തെ ദിലീപ് എന്ന ആ ചെറുപ്പക്കാരനാണ് പിന്നീട് എ. ആര്‍. റഹ്‌മാനായി മാറിയത്.

 

1989ല്‍ നിസരിയുടെ ഓണപ്പാട്ടുകളില്‍ ചിറ്റൂര്‍ ഗോപിയുടെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയത് എം. എസ്. വിശ്വനാഥനായിരുന്നു. ചലച്ചിത്ര താരം ഒടുവില്‍ ഉണ്ണികൃഷ്ണന്‍ സംഗീത സംവിധായകനായ കഥയും മലയാളിക്ക് അത്ര പരിചിതമല്ല. 1984ല്‍ എച്ച്.എം.വിയിലൂടെ പുറത്തിറങ്ങിയ 'പൂങ്കാവനം' എന്ന അയ്യപ്പഭക്തിഗാനത്തിലെ പാട്ടുകളൊരുക്കിയത് ചിറ്റൂര്‍ ഗോപി  ഒടുവില്‍ ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടായിരുന്നു. പി. ജയചന്ദ്രനായിരുന്നു ഗാനങ്ങള്‍ ആലപിച്ചത്. പാട്ടുകള്‍ എഴുതി എച്ച്. എം.വിക്ക് കൈമാറുകയായിരുന്നു ഗോപി. ജോലി തിരക്കുകള്‍ കാരണം കമ്പോസിങ്ങിനോ റെക്കോര്‍ഡിങ്ങനോ പങ്കെടുക്കാനും കഴിഞ്ഞില്ല. ഉണ്ണികൃഷ്ണന്‍ എന്നൊരാളാണ് സംഗീതം ഒരുക്കുന്നത് എന്നു മാത്രം അറിയാം. പാട്ടുകള്‍ പൂര്‍ത്തിയായി ഡിസ്‌ക്ക് ഇറങ്ങിയ ശേഷമാണ് ഞാന്‍ കേള്‍ക്കുന്നത് തന്നെ. ചിറ്റൂര്‍ ഗോപി ആ അനുഭവം ഓര്‍ത്തെടുക്കുന്നു. ഒരു വിളക്കാണെന്റെ ഹൃദയം, ആരണ്യവാസന്‍, ഇഹത്തിലും പരത്തിലും ചൈതന്യമായിടും തുടങ്ങി ഗാനങ്ങള്‍ ശ്രദ്ധേയമാവുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ചിറ്റൂര്‍ അമ്പലത്തില്‍ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് ഒടുവില്‍ ഉണ്ണികൃഷ്ണനും ചിറ്റൂര്‍ ഗോപിയും തമ്മില്‍ കണ്ടുമുട്ടുന്നതു തന്നെ.  

 

ടോമിന്‍ തച്ചങ്കരി സംഗീതം നല്‍കിയ "പോകുന്നേനോ ഞാനും എന്‍ ഗൃഹം തേടി" എന്ന ഹിറ്റ് ക്രിസ്തീയ ഗാനം എഴുതിയതും ചിറ്റൂര്‍ ഗോപിയാണ്. റെക്‌സ് ഐസക്കിന്റെ സംഗീതത്തില്‍ യേശുദാസ് ആലപിച്ച എല്ലാം അന്യമായി തീരുമ്പോള്‍ എന്ന ഗാനം രചിക്കുന്നതിനൊപ്പം പിന്നണിയില്‍ തബല വായിച്ചതും ചിറ്റൂര്‍ ഗോപിയായിരുന്നു. പ്രണയഗാന ആല്‍ബങ്ങളില്‍ ഹിറ്റായ "എന്നും നിനക്കായി പാടാം", ഭീമാ ജൂവലറിയുടെ "അവളുടെ മനമാകേ", ജോണ്‍സിന്റെ "ഉണ്ണിയ്ക്കിന്നൊരു കുടവേണം" തുടങ്ങി നിരവധി പരസ്യചിത്രങ്ങള്‍ക്കും പാട്ടെഴുതി.

 

പി. ജയചന്ദ്രന്‍, എസ്. ജാനകി തുടങ്ങിയവരുടെ പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു ചിറ്റൂര്‍ ഗോപി. തബല വായനയില്‍ സജീവമായി നില്‍ക്കുന്നതിനിടയില്‍ തന്നെയാണ് താല്‍ക്കാലികമായി ചിറ്റൂര്‍ ഗോപി അതിന് ഇടവേള നല്‍കിയതും. പൂര്‍ണമായും പാട്ടുകളിലേക്ക് ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായിരുന്നു അത്. സംഗീത സംവിധായകന്‍ പാട്ടുകള്‍ മൂളുമ്പോള്‍ മീറ്റര്‍ പെട്ടന്ന് മനസിലാക്കാന്‍ തബല വായന തന്നെ ഏറെ സഹായിച്ചുവെന്ന ചിറ്റൂര്‍ ഗോപി പറയാറുണ്ടായിരുന്നു. അപ്പോഴും മനസ്സിലെ മുറിയാത്ത താളങ്ങളില്‍ പുതിയ പാട്ടുകള്‍ പിറന്നുകൊണ്ടേ ഇരുന്നു.

English Summary: Music life of lyricist Chittoor Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com