ADVERTISEMENT

ബെംഗളൂരുവിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്നു നോക്കുമ്പോൾ ചില രാത്രികളിൽ ദേവിക ഒരു മായാമഞ്ചൽ സ്വപ്നം കാണാറുണ്ട്. രാത്രിക്കു മാത്രം കേൾക്കാനാവുംവിധം മെല്ലെ ഒരു മൂളിപ്പാട്ടുമായെത്തുന്ന ആ മായാമഞ്ചൽ നിറയെ ദേവികയുടെ അമ്മയോർമകളാണ്. ഒരുപിടി നല്ലയീണങ്ങൾ പാടിമറഞ്ഞ, മലയാളികളുടെ പ്രിയഗായിക രാധിക തിലകിന്റെ ഓർമകൾ...

 

അമ്മ മരിച്ച് 5 വർഷം പിന്നിട്ടു. ഇപ്പോഴും അമ്മയുടെ പാട്ടുകളോടുള്ള മലയാളികളുടെ സ്നേഹം തന്നെയും തേടിയെത്താറുണ്ടെന്നു പറയുന്നു ദേവിക. ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്യുന്ന കത്തുകളായും ഫോൺവിളികളായും സന്ദേശങ്ങളായുമൊക്കെ ആരാധകരുടെ സാന്ത്വനവും കരുതലും ദേവികയ്ക്കൊപ്പമുണ്ട് എപ്പോഴും. അവർക്കുള്ള സ്നേഹസമ്മാനമായാണ് ദേവിക തന്റെ പുതിയ മ്യൂസിക് വിഡിയോയുമായി എത്തിയിരിക്കുന്നത്.

 

അമ്മയുടെ ഓർമകൾക്കു മുന്നിൽ ഒരു നിമിഷത്തെ നിശ്ശബ്ദതയോടെ തുടങ്ങുന്ന ഈ സംഗീത വിഡിയോയിൽ രാധിക തിലകിന്റെ ഹിറ്റ് മെലഡി ഗാനങ്ങളിൽ ചിലതാണു മകൾ പുനരാവിഷ്കരിച്ചിരിക്കുന്നത്. വിഡിയോയ്ക്കുവേണ്ട പിന്തുണ നൽകിയതാകട്ടെ, ബന്ധുകൂടിയായ ഗായിക സുജാതയുടെ മകൾ ശ്വേതയും. രാധിക പാടിയ മായാമഞ്ചലിൽ, കാനനക്കുയിലിന്, ദേവസംഗീതം നീയല്ലേ തുടങ്ങിയ ഗാനങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിഡിയോ ഷൂട്ട് ചെയ്തതും മറ്റും ബെംഗളൂരുവിലെ ഫ്ലാറ്റിലും പരിസരത്തുമായിത്തന്നെയാണ്.

 

അമ്മ അപ്പോഴും പാട്ടു കേട്ടുകൊണ്ടേയിരുന്നു...

 

ഒരു വർഷത്തോളം സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും താനും ഒരു ഗായികയാകണമെന്ന് അമ്മ നിർബന്ധിച്ചിട്ടില്ലെന്ന് പറയുന്നു ദേവിക. അമ്മ വീട്ടിലുള്ളപ്പോൾ എപ്പോഴും സംഗീതം നിറഞ്ഞുനിന്നിരുന്നു. വെറുതെയിരിക്കുമ്പോഴും എന്തെങ്കിലും മൂളും. അസുഖം ബാധിച്ചു കിടപ്പിലായപ്പോഴും പാട്ടുകളോടുള്ള ഇഷ്ടം അമ്മ മുറുകെപ്പിടിച്ചു. രണ്ടു കാര്യങ്ങളാണ് മുറിയിൽ തൊട്ടരികെ വേണമെന്ന് അമ്മ നിർബന്ധം പിടിച്ചത്. ആദ്യത്തേത് ചെറിയൊരു പൂജാമുറി. അമ്മയുടെ ഇഷ്ടദൈവങ്ങളെയെല്ലാം കിടപ്പുമുറിയിൽ ഒരിടത്തു പ്രത്യേകം വച്ചുകൊടുത്തു. രണ്ടാമത്തേത് ഒരു മ്യൂസിക് സിസ്റ്റം. ഏതു വേദനയും അമ്മ മറന്നതു പാട്ടു കേട്ടുകൊണ്ടാണ്. ഉറങ്ങാൻ വയ്യാതെ എത്രയേറെ രാത്രികൾ അമ്മ ആ പാട്ടുകൾ കേട്ടുകിടന്നു. പലപ്പോഴും നേരം പുലരുംവരെ അമ്മയുടെ മുറിയിലെ പാട്ടുകൾ നിർത്താതെ പാടിക്കൊണ്ടേയിരുന്നു...

 

അമ്മ, ഞാൻ കേട്ട ഏറ്റവും മധുരിതഗാനം

 

അമ്മ കൂടെയുണ്ടായിരുന്നപ്പോൾ ഞാൻ പാട്ടുകളെ ഇത്രയേറെ സ്നേഹിച്ചിരുന്നോ എന്നെനിക്കറിയില്ല. അമ്മ തന്നെയായിരുന്നു ഞാൻ കേട്ട ഏറ്റവും മധുരമുള്ള പാട്ട്. എന്റെ ഹൃദയത്തിൽത്തൊട്ടു കേട്ട പാട്ട്. അമ്മ ഇല്ലാതായപ്പോഴാണ് ഞാൻ മൗനം എന്താണെന്ന് അറിഞ്ഞുതുടങ്ങിയത്. അമ്മയില്ലാതായപ്പോൾ വീട്ടിൽനിന്നു പാട്ടും പടിയിറങ്ങിയപോലെ. അമ്മ മരിച്ചതിനു ശേഷം കുറച്ചുകാലം പാട്ടുകേൾക്കാൻ പോലും കൂട്ടാക്കിയില്ല. പിന്നെപ്പിന്നെ പാട്ടുകേൾക്കുന്നത് അമ്മയെക്കുറിച്ചുള്ള ഓർമകൾ തിരികെത്തരുന്നപോലെ തോന്നി. ഓരോ പാട്ടും ഞാൻ കേൾക്കുന്നത് ഇപ്പോഴില്ലാത്ത അമ്മയ്ക്കുകൂടി വേണ്ടിയാണെന്നു തോന്നി. അങ്ങനെ ഞാനും അച്ഛനും മാത്രമുള്ള വീട്ടിലെ ഒഴിഞ്ഞുകിടന്ന മുറിയിലേക്കു സംഗീതംകൂടി താമസിക്കാനെത്തി.

 

വിഡിയോ കണ്ട് അമ്മയുടെ ആരാധകർ ദേവികയോടു കൂടുതൽ പാട്ടുകൾ പാടാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എൽഎൽബി കഴിഞ്ഞ് ബെംഗളൂരുവിലെത്തിയ ദേവിക ഇപ്പോൾ ജോലിത്തിരക്കുകൾക്കിടയിൽ പാട്ടിനും സമയം നീക്കിവയ്ക്കുന്നുണ്ട്.

 

അമ്മ കേൾക്കുന്നുണ്ടാവണം, എന്നെ...

 

കൊച്ചി ഇടപ്പള്ളിയിൽ താമസിക്കുന്ന കാലത്ത് കൊട്ടാരം ഗണപതിക്ഷേത്രത്തിൽ അമ്മയൊരു വഴിപാട് നേർന്നിരുന്നു. അവിടത്തെ ഗണപതിക്കുള്ള അപ്പം വഴിപാട് പ്രശസ്തമാണ്. ബുക്ക് ചെയ്താൽ മാസങ്ങൾ കഴിഞ്ഞുള്ള ഒരു തീയതിയും സമയവുമാണു കുറിച്ചുകിട്ടുക. അന്നു പോയാൽ മാത്രമേ പ്രസാദം കിട്ടുകയുള്ളൂ.

 

അസുഖം വന്നു കിടക്കുന്നതിനാൽ അമ്മയുടെ പേരിലാണ് അച്ഛൻ വഴിപാടിനു ബുക്ക് ചെയ്തത്: രാധിക തിലക്. മകം നക്ഷത്രം. 2015 സെപ്റ്റംബർ 20 ഞായറാഴ്ച രാത്രി എട്ടു മണിക്കു വരാനായിരുന്നു പൂജാരി പറഞ്ഞത്. അമ്മ ആ തീയതി കുറിച്ചുവച്ചു. സെപ്റ്റംബർ 15 ആയപ്പോൾത്തന്നെ അമ്മ ‍ഞങ്ങളെ ഓർമിപ്പിച്ചു. ആ ഞായറാഴ്ച വൈകിട്ടാണ് അമ്മയ്ക്കു വേദന കൂടിയത്. ശ്വാസതടസ്സം വന്നു. ഡോക്ടറെ വിളിച്ചു. അച്ഛനു പോകാൻ കഴിയാത്തതുകൊണ്ട് ക്ഷേത്രത്തിൽ പോകാൻ ഒരു ബന്ധുവിനെ ഏൽപിച്ചു. അദ്ദേഹം രാത്രി എട്ടു മണിക്കു മുൻപുതന്നെ ക്ഷേത്രത്തിലെത്തി. ആ സമയത്ത് ആശുപത്രി ഐസിയുവിൽ കിടക്കുകയായിരുന്നു അമ്മ. 8.10നാണ് വഴിപാടു പ്രസാദം വാങ്ങിച്ചത്. കൃത്യം ഒരു മിനിറ്റ് കഴിഞ്ഞ്, 8.11ന് അമ്മ മരിച്ചു. ആ വഴിപാടു പൂർത്തിയാക്കാൻ ഈശ്വരൻ ജീവിതം നീട്ടിക്കൊടുത്തതുപോലെ...

 

അതിൽപിന്നെയാണ് ദേവികയും നിയോഗങ്ങളിൽ വിശ്വസിച്ചുതുടങ്ങിയത്. ഏതു പാട്ടു പാതിമൂളിനിർത്തിയാണ് അമ്മ പോയതെന്നു ദേവികയ്ക്ക് അറിയില്ല. ഏതായാലും അമ്മയ്ക്കു പാടിത്തീർക്കാനാകാതെ പോയ മോഹങ്ങൾ മൂളിനോക്കുകയാണു മകൾ...അമ്മ ദൂരെയെവിടെയോ മറഞ്ഞിരുന്ന് അതു കേൾക്കുന്നുണ്ടാവുമെന്നു പ്രതീക്ഷിച്ച്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com