sections
MORE

'നമുക്കൊരു പാട്ടു വേണം, നിർമമതയുള്ള പാട്ട്'; വിദ്യാസാഗറിനെ കുഴപ്പിച്ച സച്ചിയുടെ വാക്കും അനാർക്കലിയിലെ പാട്ടുകളും

anarkali-rajeev
SHARE

കടലാഴമുള്ള പാട്ടുകള്‍. ആസ്വാദകന്റെ മനസിലേക്കത് ആര്‍ത്തിരമ്പി എത്തും. പിന്നെ തിര മാഞ്ഞ തീരംപോലെ ശാന്തമായി മനസൊന്നുണരും. കടലിലലയും കാറ്റുപോലെ വന്ന പാട്ടെഴുത്തുകാരന്‍. കണ്ണിനുള്ളിലെ കണ്‍മണിയുടെ പിടയാതെ പിടയുന്ന പുഞ്ചിരിക്കണ്ണില്‍ നോക്കി പാടുവാനും പ്രാണനില്‍ പ്രാണനായ് തൊട്ടവളുടെ മുറിവേറ്റു ചിതറിയ മാനസത്തിലേക്ക് ശ്യാമ മൗനമായി മൂളുവാനും കുന്നിറങ്ങി താഴെ വരും കുഞ്ഞിക്കാറ്റിനോടു കളിചൊല്ലാനുമൊക്കെ നമുക്കീ പാട്ടുകള്‍ വേണം. പാഞ്ഞോടും ശീതക്കാറ്റിലും മാറോടൊട്ടിയ പാട്ടുകള്‍.  

രാജീവ് ഗോവിന്ദന്‍ എന്ന രാജീവ് നായര്‍. എഴുതിയ മിക്ക ഗാനങ്ങളും ഹിറ്റാണെങ്കിലും മലയാളിക്ക് ഈ പാട്ടെഴുത്തുകാരനെ പരിചയപ്പെടുത്തുക തന്നെ വേണം. 'ഓര്‍ഡിനറി'യിലേയും 'അനാര്‍ക്കലി'യിലേയും ഗാനങ്ങള്‍, 'കണ്ണിനുള്ളില്‍ നീ കണ്‍മണി,' 'പുഞ്ചിരി കണ്ണുള്ള പെണ്ണല്ലേ', 'ഏറു നോട്ടമെന്തിനു വെറുതേ' എന്നിങ്ങനെ നീളുന്നു രാജീവ് രചിച്ച ഗാനങ്ങള്‍. സമുദ്രത്തിന്റെ അടിത്തട്ടില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ എന്‍ജിനയര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ രാജീവിന് എപ്പോഴും ഇഷ്ടം പാട്ടുകളുടെ എന്‍ജിനീയറിങ് തന്നെ. 'ഓര്‍ഡിനറി,' 'അനാര്‍ക്കലി' എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുകൂടിയാണ് അങ്ങാടിപ്പുറം സ്വദേശിയായ രാജീവ് ഗോവിന്ദന്‍.

എഴുത്തിലും വായനയിലുമൊക്കെ സജീവമായൊരു കുട്ടിക്കാലമായിരുന്നു രാജീവിന്റേത്. അച്ഛന്റെ അമ്മ രാജീവിനെ എഴുത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചതോടെ കവിതയും കഥയുമൊക്കെ എഴുതുന്നത് ഒരാവേശമായി. എന്‍ജിനീയറിങ് പഠനകാലത്ത് കോളജില്‍ നടന്ന ഒരു കഥാരചനാമത്സരത്തില്‍ പങ്കെടുക്കാന്‍ എത്താന്‍ ഇത്തിരി വൈകി. അടുത്തത് കവിതാരചന മത്സരമാണ്. എങ്കില്‍ പിന്നെ കവിതാരചനയില്‍ ഒന്നു പങ്കെടുക്കാം എന്നു തീരുമാനിച്ചു. അങ്ങനെ പങ്കെടുത്ത ആ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയതോടെ രാജീവ് കവിതയിലേക്കു കൂടുതല്‍ അടുത്തു. 

ജോലിത്തിരക്കുകള്‍ക്കിടയിലും വീണു കിട്ടുന്ന നേരങ്ങള്‍ അക്ഷരങ്ങളോടൊപ്പം പങ്കിട്ടു. കടലാഴങ്ങളിലേക്ക് മിക്ക ദിവസങ്ങളിലും സഞ്ചരിക്കും. ആ യാത്രകളിലൊക്കെ മനസില്‍ കവിതകള്‍ എഴുതി. ഇതിനിടയിലാണ് എച്ച്എംവിയുടെ അയ്യപ്പഭക്തി ഗാന കാസറ്റിലേക്ക് ഗാനങ്ങള്‍ ക്ഷണിക്കുന്ന വിവരം രാജീവ് അറിയുന്നത്. അങ്ങനെ എഴുതി അയച്ച ഗാനങ്ങള്‍ മകരനിലാവ് എന്ന കാസറ്റായി പുറത്തു വന്നു. വിദ്യാധരന്‍ മാസ്റ്ററും റോയ് പി. ജെയുമായിരുന്നു സംഗീത സംവിധായകര്‍. തുടര്‍ന്ന് മറ്റു ചില ഭക്തിഗാന കാസറ്റുകളിലും പാട്ടുകളെഴുതി.

ജോലി സംബന്ധമായി ചെന്നൈയിലേക്ക് എത്തുമ്പോഴാണ് സംഗീത സംവിധായകന്‍ രഘുകുമാര്‍, പി. ജയചന്ദ്രന്‍ തുടങ്ങിയവരുമായി സൗഹൃദത്തിലാകുന്നത്. ഈ കൂടിക്കാഴ്ചകള്‍ രാജീവിനെ പാട്ടിലേക്ക് കൂടുതല്‍ അടുപ്പിച്ചു. രഘുകുമാറിന്റെ പാട്ടും പറച്ചിലും സംഗീതവുമൊക്കെ രാജീവെന്ന പാട്ടെഴുത്തുകാരനെയും പരുവപ്പെടുത്തി. രഘുകുമാറിന്റെ മൂളലുകള്‍ക്ക് രാജീവ് പാട്ടുകളെഴുതാന്‍ തുടങ്ങിയതും പുതിയ അനുഭവമായി. പാട്ടെഴുത്തിന്റെ സിനിമ ഭാഷയും രീതികളുമൊക്കെ ഇതിലൂടെ രാജീവ് വേഗത്തില്‍ മനസിലാക്കി. പിന്നീട് സൗഹൃദത്തില്‍ നിന്ന് രഘുകുമാറുമൊത്ത് ചില ആല്‍ബങ്ങളും പിറന്നു. രഘുകുമാര്‍ അവസാനമായി സംഗീത സംവിധാനം ചെയത 'ശിവകാമിനി' എന്ന ഗാനത്തിന് രചന നിര്‍വഹിച്ചത് രാജീവിന് മറ്റൊരു നിയോഗം. അന്തരിച്ച പ്രശസ്ത കീബോര്‍ഡിസ്റ്റ് കണ്ണനായിരുന്നു ഈ ഗാനത്തിന് ഓര്‍ക്കസ്ട്ര ചെയ്തത്. 

'കലകള്‍ വിടരും സാഗരം

മലകള്‍ പുണരം പൂവനം

വഞ്ചികള്‍ തഞ്ചിടും കായല്‍ അഴകു നീ...'

ഉള്ളമുണര്‍ന്നു മിഴാവുമീട്ടുന്ന മലയാള മണ്ണിനെ പാടി പുകഴ്ത്തിയ 'കേരളം' എന്ന ആല്‍ബത്തിലെ ഈ ഗാനമായിരുന്നു രാജീവ് നായരെന്ന പാട്ടെഴുത്തുകാരന്റെ ആദ്യ ഹിറ്റ്.  ഐപ്പ് മാത്യു സംഗീതം നല്‍കിയ ഈ ഗാനം ചിത്രയായിരുന്നു ആലപിച്ചത്. 

ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് അവിചാരിതമായി സുഹൃത്തായ സംഗീത സംവിധായകന്‍ ഐപ്പ് മാത്യുവിനെ രാജീവ് കണ്ടുമുട്ടുന്നത്. പുതിയ പാട്ടിന്റെ റെക്കോര്‍ഡിംഗിനായാണ് ഐപ്പിന്റെ യാത്ര. എന്നാല്‍ എഴുതി കിട്ടിയ വരികള്‍ക്ക് പ്രതീക്ഷിച്ച നിലവാരം ഇല്ലെന്ന നിരാശയിലായിരുന്നു ഐപ്പ് അപ്പോള്‍. എങ്കില്‍ താനൊന്ന് എഴുതി നോക്കാമെന്നായി രാജീവ്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ രാജീവ് ഒരു കൗതുകത്തിന് എഴുതി നല്‍കിയ ഈ ഗാനം ഐപ്പിനും മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെട്ടതോടെ തിരഞ്ഞെടുക്കുകയും ചെയ്തു. ചെന്നൈയില്‍ സ്‌റ്റേഷനിലിറങ്ങി രണ്ടു പേരും രണ്ടു വഴിക്കു പിരിഞ്ഞു. മണിക്കൂറുകള്‍ക്കു ശേഷം ഐപ്പ് രാജീവിനെ വിളിച്ചു, പെട്ടന്ന് സ്റ്റുഡിയോയിലേയ്ക്കു വരണം, രാജീവൊന്നു ഞെട്ടി. ചിത്രയ്ക്കാണ് പാട്ടു പറഞ്ഞു കൊടുക്കേണ്ടത്. തന്റെ ആദ്യ ഹിറ്റിന്റെ അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് രാജീവ് പറയുന്നു. ഈ ഗാനം ആല്‍ബമായി എത്തിയപ്പോള്‍ സംവിധാനം ചെയ്തതാകട്ടെ പില്‍ക്കാലത്ത് ശ്രദ്ധേയനായ സംവിധായകനായി മാറിയ സുഗീതാണ്. രാജീവും സുഗീതും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കവും ഇവിടെ നിന്നായിരുന്നു.

തുടര്‍ന്ന് ചില ആല്‍ബം ഗാനങ്ങളും ജോലി തിരക്കുകളുമൊക്കെയായി രാജീവ് മുന്നോട്ടു നീങ്ങി. അങ്ങനെയിരിക്കെയാണ് നിര്‍മാതാവ് ഷാജി വര്‍ഗീസ് തന്റെ പുതിയ ചിത്രമായ 'റേസി'ലെ ഗാനങ്ങള്‍ എഴുതാന്‍ ക്ഷണിക്കുന്നത്. വിശ്വജിത്തായിരുന്നു ചിത്രത്തിന്റെ സംഗീതം. പാട്ടെഴുതി മുബൈയിലേക്ക് മടങ്ങുമ്പോഴും രാജീവിനറിയില്ലായിരുന്നു മലയാള സിനിമ ഇനി കാത്തിരിക്കുന്നത് രാജീവിന്റെ പാട്ടുകള്‍ക്കാണെന്ന്.

അവധിക്കാലത്ത് നാട്ടില്‍ വരുമ്പോഴൊക്കെ സുഗീതുമായുള്ള സൗഹൃദം തുടര്‍ന്നു. സ്വതന്ത്രസംവിധായകനാവാനുള്ള ശ്രമങ്ങളിലായിരുന്നു സുഗീതപ്പോള്‍. കാണുമ്പോഴൊക്കെ സിനിമയും സിനിമാകഥകളും ചര്‍ച്ചാവിഷയമായി. അങ്ങനെ സുഗീത് പറഞ്ഞ രണ്ട് കഥകള്‍ ചേര്‍ത്തുവെച്ചാണ് 'ഓര്‍ഡിനറി' എന്ന സിനിമ പിറക്കുന്നത്. തന്റെ ഉള്ളിലെ സിനിമ മോഹവും ഉണര്‍ന്നതോടെ രാജീവ് സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. മറ്റൊരു സുഹൃത്തിനേയും ഒപ്പം കൂട്ടി. ദിലീപും മുകേഷുമായിരുന്നു അപ്പോള്‍ പ്രധാന കഥാപാത്രങ്ങളായി തീരുമാനിച്ചിരുന്നത്. ജിഷ്ണു ചെയ്ത കഥാപാത്രമായി ബിജു മേനോനും. ദിലീപിന് മറ്റ് സിനിമകളുടെ തിരക്കുകള്‍ കാരണം വരാന്‍ പറ്റില്ലെന്നു പറഞ്ഞതോടെ മറ്റ് ചില നായകന്‍മാരെ സമീപിച്ചു. എല്ലാവരും തിരക്കോടു തിരക്ക്. സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീണ്ടു. ഒടുവില്‍ കഥ കേട്ട കുഞ്ചാക്കോ ബോബന്‍ സമ്മതം മൂളി. 

അങ്ങനെ സിനിമയുടെ പൂജാദിവസമടുത്തു. പുതിയ സംവിധായകന്‍, നിര്‍മാതാവ്, ക്യാമറമാന്‍, എഴുത്തുകാര്‍, ശരിക്കുമൊരു പരീക്ഷണം തന്നെ. സിനിമയുടെ ഭാവി എന്തായി തീരുമെന്നു തോന്നിയതോടെ പങ്കാളിയാകാമെന്നേറ്റ ചങ്ങാതി പെട്ടന്ന് പിന്‍മാറി. അപ്പോഴും പിന്‍മാറാന്‍ രാജീവ് ഒരുക്കമായില്ല. എന്തായാലും മുന്നോട്ടു പോവുക തന്നെ.

എല്ലാ പ്രതിസന്ധികളെയും ചിരിച്ച മുഖവുമായി നേരിട്ട് ഷൂട്ടിങ്ങ് ആരംഭിച്ചു. ചിത്രീകരണത്തിനായി പത്തനംതിട്ടയിലെത്തിയതോടെ നേരിടേണ്ടി വന്നത് വലിയ പ്രതിസന്ധി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പത്തനംതിട്ട നഗരത്തില്‍ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അതോടെ ജനം അവിടേക്ക് ഒഴുകി എത്തി. ചിത്രീകരണം പ്രതീക്ഷിച്ച രീതിയില്‍ നീങ്ങുന്നില്ല. ഇടിത്തീ പോലെ വീണ ആ പ്രതിസന്ധിയേയും സംഘം അതിജീവിച്ചു. സിനിമ തിയറ്ററില്‍ എത്തിയപ്പോഴാകട്ടെ സംഭവിച്ചത് വലിയ വിജയവും.

'എന്തിനി മിഴി രണ്ടും പിടയാതെ പിടയുന്നു

കാണാതെ കാണുന്നതാരേ നീ...'

മലയാള സിനിമയിലേക്ക് വിദ്യാസാഗറുമായി ഓര്‍ഡിനറി കയറി വന്ന രാജീവിന്റെ ഹിറ്റ് സിനിമാഗാനങ്ങളുടെ തുടക്കമായിരുന്നു അത്. പിന്നീട് രാജീവ് വിദ്യാസാഗര്‍ കൂട്ടുകെട്ട് ഒന്നിച്ചപ്പോഴൊന്നും പ്രതീക്ഷ തെറ്റിച്ചതുമില്ല.

ഈ കൂട്ടുകെട്ടിന്റെ കഥ ആദ്യ സമാഗമത്തില്‍ നിന്നു തന്നെ തുടങ്ങണം. തിരുവനന്തപുരത്തുള്ള ട്രാവന്‍കൂര്‍ കോര്‍ട്ടിലെത്തിയ രാജീവ് തനിക്കെതിരെ വരുന്ന മനുഷ്യനെ കണ്ട് ഒരു നിമിഷമൊന്നു നിശ്ചലനായി. തന്റെ പ്രിയപ്പെട്ട സംഗീതജ്ഞന്‍ വിദ്യാസാഗര്‍. രാജീവ് ഓടി വിദ്യാസാഗറിന്റെ അടുത്തെത്തി. ഞാനൊന്നു കെട്ടിപിടിച്ചോട്ടെ സാര്‍. പറഞ്ഞും തീരും മുന്നേ വിദ്യാസാഗര്‍ രാജീവിനെ മാറോടു ചേര്‍ത്തു പിടിച്ചു. ആ മാറോടു ചേരുമ്പോഴും രാജീവ് കേള്‍ക്കാന്‍ ശ്രമിച്ചത് വിദ്യാസാഗറിന്റെ ഹൃദയത്തിന്റെ സംഗീതമായിരുന്നു.

ഭക്ഷണം കഴിക്കാനായി മാറി ഇരുന്ന വിദ്യാസാഗര്‍ രാജീവിനെ അടുത്തേക്കു വിളിച്ച് കൂടുതല്‍ പരിചയപ്പെട്ടു. ഞാനൊരു സിനിമ ചെയ്യുന്നുണ്ട് സര്‍. പിന്നണിയില്‍ പുതിയ ആളുകളാണ്. സര്‍ വരുമോ? രാജീവ് നിഷ്‌ക്കളങ്കമായി ചോദിച്ചു. സിനിമയുടെ പേരെന്താണ് വിദ്യാസാഗര്‍ ചോദിച്ചു. 'ഓര്‍ഡിനറി.' രാജീവിന്റെ മറുപടി ഉടനടി വന്നു. കമ്പനിയുടെ പേരും കഥയുമൊക്കെ എന്താ ? രാജീവ് എല്ലാം വിശദമായി തന്നെ പറഞ്ഞു. വിദ്യാസാഗര്‍ എഴുന്നേറ്റ് രാജീവിനെ ഒന്നുകൂടി ചേര്‍ത്തു പിടിച്ച് പറഞ്ഞു, സൂപ്പര്‍ഹിറ്റാകും നോക്കിക്കോ..

അങ്ങനെ വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ പാട്ടിന്റെ കമ്പോസിങ്ങ് ആരംഭിച്ചു. പാട്ടെഴുതുന്നത് രാജീവാണെന്നു പറഞ്ഞതോടെ താരതമ്യേന പുതിയതായ ഒരാള്‍ എഴുതിയാല്‍ ശരിയാകുമോ എന്നൊരു സംശയമായി വിദ്യാസാഗറിന്. എങ്കിലും ശ്രമിച്ചു നോക്കൂ എന്ന് അദ്ദേഹം തന്നെ പറഞ്ഞു. സിനിമയുടെ ടൈറ്റില്‍ ഗാനമായ ചെന്താമരക്കൊല്ലിക്കിരുപുറമോടൂം എന്ന ഗാനം വിദ്യാസാഗറിന്റെ സംഗീതത്തിന് അനുസരിച്ച് എഴുതിയതോടെ രാജീവില്‍ വിദ്യാസാഗറിന് വിശ്വാസമായി. 

'സുന്‍ സുന്‍ സുന്ദരിത്തുമ്പീ

ചെം ചെം ചെമ്പകക്കൊമ്പീല്‍

സും സും ചൂളം മൂളാന്‍ വാ...'

സുഗീത് സന്ദര്‍ഭം പറഞ്ഞതോടെ വിദ്യാസാഗര്‍ മൂളി തുടങ്ങി. വ്യത്യസ്തങ്ങളായ മൂന്ന് ഈണങ്ങള്‍ പാടിയെങ്കിലും ആർക്കും അത്ര ഇഷ്ടം തോന്നിയില്ല. ഇതെങ്ങനെ വിദ്യാസാഗറിനോട് തുറന്നു പറയുമെന്ന ആശങ്കയായി എല്ലാവര്‍ക്കും. എല്ലാവരുടെയും മൗനം മനസിലാക്കിയിട്ടെന്നവണ്ണം വിദ്യാസാഗര്‍ എഴുന്നേറ്റു. നമുക്കിന്ന് ഇതിവിടെ അവസാനിപ്പിക്കാം ഇനി നാളെ ഇരിക്കാം എന്നു പറഞ്ഞു.

അടുത്ത ദിവസം അതിരാവിലെ വിദ്യാസാഗര്‍ രാജീവിനേയും സുഗീതിനേയും തന്റെ മുറിയിലേക്കു വിളിപ്പിച്ചു. ഞാനൊരു താളം പറയാം, പാട്ട് ഉറപ്പായും ഹിറ്റായിരിക്കും. പക്ഷെ എഴുതാന്‍ അത്ര എളുപ്പമാകില്ല. വിദ്യാസാഗര്‍ പറഞ്ഞു. രാജീവിന് ചങ്കിടിപ്പു കൂടി. വിദ്യാസാഗര്‍ പാട്ടു മൂളി തുടങ്ങി. അയ്യോ. ഒരക്ഷരത്തില്‍ തുടുങ്ങുന്ന താളമാണല്ലോ, എന്ത് എഴുതുമവിടെ. ഒരക്ഷരത്തില്‍ അര്‍ത്ഥം നിറഞ്ഞ പദങ്ങള്‍ അത്ര സമ്പന്നവുമല്ല മലയാളത്തില്‍, രാജീവിനും ആശങ്കയേറി. വിദ്യാസാഗര്‍ അപ്പോഴും മൂളിക്കൊണ്ടിരുന്നു. സുഗീതിന്റെ മുഖവും തെളിഞ്ഞു. തമിഴിലിലെ ഒറ്റ അക്ഷരത്തിലുള്ള ചില പ്രയോഗങ്ങള്‍ ചേര്‍ത്ത് വിദ്യാസാഗര്‍ പാടിയെങ്കിലും അത്തരത്തിലൊന്ന് മലയാളത്തില്‍ എങ്ങനെ കണ്ടെത്തുമെന്നായി രാജീവ്. സുന്ദരി എന്ന പദം രാജീവിന്റെ മനസില്‍ തെളിഞ്ഞു. സുന്ദരിയിലെ സുന്‍ സുന്‍ എന്നുവച്ചു തുടങ്ങിയാലോ. പാടി നോക്കിയതോടെ വിദ്യാസാഗറും ഹാപ്പി.

'സൂര്യശലഭം മൂകമുരുകി

കാറ്റിലെന്തേ പൊള്ളി നില്‍പ്പൂ

പാവമീ കോലങ്ങള്‍...'

യേശുദാസിന്റെ സ്വരമാധുരി കൊണ്ടും ശ്രദ്ധേയമായ ഗാനമായിരുന്നു 'സൂര്യശലഭം'. രാജീവിന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനവും ഇതു തന്നെ. രാത്രി പന്ത്രണ്ട് മണിയ്ക്കായിരുന്നു ഈ ഗാനത്തിന്റെ റോക്കോര്‍ഡിങ്ങ്. അപ്പോഴും എല്ലാം വിശദമായി ചോദിച്ച് മനസിലാക്കി പാടുന്ന യേശുദാസ് ഒരു അതിശയം തന്നെയായിരുന്നുവെന്ന് രാജീവ് പറയുന്നു. 

വിദ്യാധരന്‍ മാസ്റ്റര്‍ ആലപിച്ച 'കറുത്ത മുന്തിരിത്തോപ്പിനുള്ളിലെ വെളുത്തസുന്ദരിപ്രാവേ' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമയില്‍ ഇടം നേടാതെപോയി. ഓര്‍ഡിനറിയില്‍ രാജീവ് എഴുതിയ ശേഷം സംഗീതം നല്‍കിയ ഏക ഗാനവും ഇതായിരുന്നു. ഗാന ചിത്രീകരണം കൊണ്ടും 'ഓര്‍ഡിനറി'യിലെ ഗാനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് എന്ന നിലയില്‍ രാജീവിനെ ചര്‍ച്ച ചെയ്യുമ്പോഴും പാട്ടെഴുത്തുകാരനെ അത്രത്തോളം എവിടെയും ചര്‍ച്ച ചെയ്തില്ല.

'കണ്ണിനുള്ളില്‍ നീ കണ്‍മണി

കാതിനുള്ളില്‍ നീ തേന്‍മൊഴി'

കാറ്റിനും അനുരാഗം തോന്നിയ പാട്ട്. ഓര്‍ത്തിരിക്കാനും ഓമനിക്കാനും മലയാളിക്ക് ഇഷ്ടം തോന്നുന്ന പാട്ട്. എം. ജയചന്ദ്രന്റെ സംഗീതത്തില്‍ പിറന്ന ഈ ഗാനമായിരുന്നു രാജീവിനെ സംഗീത പ്രേമികള്‍ക്കിടയില്‍ വീണ്ടും ശ്രദ്ധേയനാക്കിയത്. 'ട്രിവാന്‍ഡ്രം ലോഡ്ജി'ലെ മുഴങ്ങി കേട്ട മൂന്നു ഗാനങ്ങളില്‍ കണ്ണിനുള്ളില്‍ നീ കണ്‍മണി മാത്രമാണ് രാജീവ് എഴുതിയത്. എം. ജയചന്ദ്രനുമായി അടുത്ത ചങ്ങാത്തമാണ്. ചിത്രത്തിലെ മൂന്നു ഗാനങ്ങളുടെയും സംഗീതം തയാറായതോടെ ജയചന്ദ്രന്‍ എനിക്ക് അയച്ചു തന്നു. എല്ലാ ഗാനങ്ങളുടെയും സന്ദര്‍ഭവും വ്യക്തമായി പറഞ്ഞു. ഇതില്‍ ഇഷ്ടമുള്ള ഒരു സംഗീതത്തിന് രാജീവ് പാട്ടെഴുതൂ എന്നു പറഞ്ഞു. പെട്ടന്ന് ഇഷ്ടം തോന്നിയ സംഗീതം ഇതായിരുന്നു. പല്ലവിയും എഴുതി നല്‍കിയതോട സംവിധായകന്‍ വി. കെ. പ്രകാശ് അടക്കമുള്ളവര്‍ക്ക് ഇഷ്ടമായി. ആവശ്യത്തിനു സമയമെടുത്ത് ബാക്കി എഴുതിക്കോളൂ എന്നായി വി. കെ. പി. ഇതിനിടയില്‍ മൗറീഷ്യസിലേക്ക് ഒരു യാത്ര പോയി. പാട്ടിന്റെ ബാക്കി ഭാഗങ്ങള്‍ എഴുതിയത് അവിടെ വച്ചായിരുന്നു. രാജീവ് നായര്‍ തന്റെ പ്രിയപ്പെട്ട പാട്ടിന്റെ പിറവി പറയുന്നു. 

'പുഞ്ചിരികണ്ണുള്ള പെണ്ണല്ലേ

അഴകുരുകിയ മുത്തല്ലേ...'

കമിതാക്കളുടെ നെഞ്ചിനുള്ളില്‍ക്കൂട്ടിലേക്ക് ചായം പൂശിയ ഗാനം. ബിജിബാലിനൊപ്പം ഒന്നിച്ചപ്പോഴും രാജീവിലെ പ്രണയം ഒട്ടും ചോര്‍ന്നു പോയില്ല. പാട്ടിന്റെ തുടക്കത്തിലെ "അഭയനാഥാ" എന്ന പ്രാര്‍ത്ഥനാഗീതവും ശ്രദ്ധേയമായി. ഏതോ പഴയ ക്രിസ്ത്യന്‍ ഭക്തിഗാനത്തെ പുനരാവിഷ്‌ക്കരിച്ചു എന്നായിരുന്നു പലരുടെയും കണക്കുകൂട്ടല്‍. ഇപ്പോഴും പള്ളികളിലെ ക്വയര്‍ സംഘങ്ങള്‍ ഈ ഭാഗം പാടാറുണ്ട്. 

'സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്‍പ്പൂ...

സാഹിബാ ഇന്നേതും ലോലഗാനം പാടി നില്‍പ്പൂ...'

കഥാപരിസരത്തിലെ പുതുമ സംഗീതത്തിലും തീര്‍ത്തതോടെ ഹിറ്റുകള്‍ ആവര്‍ത്തിച്ച ഗാനങ്ങളായിരുന്നു 'അനാര്‍ക്കലി'യിലേത്. സച്ചിയുമായുള്ള സൗഹൃദമാണ് രാജീവിനെ 'അനാര്‍ക്കലി'യുടെ നിര്‍മാതാവാക്കുന്നത്. കടലും കടലിന് അടിത്തട്ടുമൊക്കെ പരിചിതമായ അന്തരീക്ഷം ആയതുകൊണ്ട് രാജീവിന് കഥയും ഇഷ്ടപ്പെട്ടു. 'അനാര്‍ക്കലി'യുടെ ക്ലൈമാക്‌സില്‍ നിന്നാണ് തിരക്കഥ ജനിക്കുന്നതു തന്നെ. ചിത്രത്തിലെ ഗാനങ്ങള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെകൊണ്ട് എഴുതിക്കണം എന്നായിരുന്നു സച്ചിക്ക്. ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി സച്ചി സംസാരിച്ചുവെങ്കിലും സിനിമ പാട്ടെഴുതുവാന്‍ താനില്ലെന്ന് നിലപാടെടുത്തു ചുള്ളിക്കാട്. എന്നാല്‍ പിന്നെ രാജീവ് തന്നെ എഴുതൂ എന്നായി സച്ചി. 

ക്യാമറാമാന്‍ രാജീവ് മേനോന്റെ ആലപ്പുഴ മുഹമ്മയിലെ ഒരു വീട്ടിലായിരുന്നു 'അനാര്‍ക്കലി'യിലെ പാട്ടുകളുടെ കമ്പോസിങ്. "സാഹിബ" എന്ന ഗാനമായിരുന്നു ആദ്യം ഒരുക്കിയത്. പാട്ടൊരുക്കലിന് ഇടയില്‍ കെട്ടുവള്ളത്തിലെ യാത്രയ്ക്കിടയില്‍ രാജീവിനു തോന്നിയ സാഹിബ എന്ന വിളി വിദ്യാസാഗറുമായി പങ്കിട്ടു. സാഹിബയില്‍ നിന്നു വിദ്യാസാഗര്‍ തുടങ്ങി. ഹരിഹരനിലൂടെ ആ ഗാനം പൂര്‍ണതയില്‍ എത്തുകയും ചെയ്തു. ഈ ഗൗനത്തിന് വിദ്യാസാഗര്‍ ഒരുക്കിയ മൂന്നു വ്യത്യസ്ത ഈണങ്ങളില്‍ നിന്നാണ് ഇന്നും നാം കേള്‍ക്കുന്ന ഈണത്തിലേക്ക് എത്തിയത്.

'വാനം ചായും തീരം താരാട്ടും...

കാലം മൂളും താരം കാതോര്‍ക്കും...'

'അനാര്‍ക്കലി'യിലെ മറ്റൊരു ഹിറ്റ് ഗാനമായിരുന്നു 'വാനം ചായും'. പാട്ടിറങ്ങിയതോടെ പാട്ട് നിരൂപകര്‍ക്കിടയില്‍ 'വാനം ചായും' അടക്കമുള്ള പ്രയോഗങ്ങള്‍ ചര്‍ച്ചയായി. അതിനു പിന്നിലെ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് രാജീവ്. 'അനാര്‍ക്കലി'യിലെ എല്ലാ സന്ദര്‍ഭങ്ങളിലേക്കും പാട്ടുകള്‍ ഒരുക്കി കഴിഞ്ഞിരിക്കുമ്പോഴാണ് സച്ചിയുടെ വരവ്. നമുക്കൊരു പാട്ടു കൂടി വേണം എന്നു പറയുന്നു. ഏത് സന്ദര്‍ഭത്തിലേക്കാണത്. തിരക്കഥ നന്നായി അറിയുന്ന ഞാനടക്കമുള്ളവര്‍ക്കു സംശയമായി. 'നിര്‍മമത'യോടെ നമുക്കൊരു പാട്ടു വേണം! ഒന്നിനോടും പ്രത്യേകിച്ചു ചേര്‍ന്നു നില്‍ക്കാതെ, ഏതു സന്ദര്‍ഭത്തിലും നമുക്ക് ഉപയോഗിക്കാന്‍ കഴിയണം. 'നിര്‍മമത'യോ അതെന്താണ്? വിദ്യാസാഗര്‍ രാജീവിനെ നോക്കി. പിന്നെ അതൊരു കൂട്ടച്ചിരിയായി. 'സന്ദര്‍ഭമില്ല നീ എഴുതെടാ' എന്നു പറഞ്ഞ് സച്ചി ഒരു പോക്കു പോയി! എന്തു ചെയ്യണമെന്ന് ആലോചിച്ച് ഞാനിരിക്കുമ്പോഴാണ് ഉച്ചയൂണും മയക്കവുമൊക്കെ കഴിഞ്ഞ് വിദ്യാസാഗര്‍ ഒരു പാട്ടും മൂളി വരുന്നത്. ഞാന്‍ എഴുതി തുടങ്ങി. ഒന്നും ആലോചിക്കണ്ടല്ലോ. ഞാനേറ്റവും വേഗത്തില്‍ എഴുതിയ ഗാനവും ഇതായിരുന്നു. ഈ ഗാനം ചിത്രത്തിന്റെ പല ഭാഗങ്ങളിലായി ഉപയോഗിക്കണമെന്നായിരുന്നു സച്ചിയുടെ മനസില്‍. എന്നാല്‍ സിനിമ പൂര്‍ത്തിയായതോടെ അതൊക്കെ മാറി.' രാജീവ് പറയുന്നു. എന്നാല്‍  'അനാര്‍ക്കലി'യില്‍ ഏറ്റവും കൂടുതല്‍ സമയം എടുത്ത് രാജീവ് എഴുതി ഗാനമായിരുന്നു 'ഈ തണുത്ത മണ്‍ചുരങ്ങള്‍.' 

'അനാര്‍ക്കലി'യിലെ മറ്റൊരു ഹിറ്റ് ഗാനമായിരുന്ന 'ആ ഒരുത്തി അവളൊരുത്തി'. ഈ ഗാനം മലയാളത്തിലെ മുതിര്‍ന്ന മറ്റൊരു ഗാനരചയിതാവിനെക്കൊണ്ട് എഴുതിക്കാന്‍ സച്ചി തീരുമാനിച്ചു. അദ്ദേഹത്തിനെ വീട്ടില്‍ പോയി കണ്ട് സന്ദര്‍ഭം പറഞ്ഞ് അഡ്വാന്‍സും നല്‍കി. എന്നാല്‍ പാട്ടെഴുതി കിട്ടിയതോടെ സച്ചി പൂര്‍ണ നിരാശന്‍. എനിക്കിതല്ല വേണ്ടതെന്ന് സച്ചി തീര്‍ത്തു പറഞ്ഞു. അതോടെ മറ്റൊരു ഗാനരചയിതാവിനെ പരീക്ഷിച്ചു. അതും ശരിയായില്ലെന്ന് സച്ചി തീര്‍ത്തു പറഞ്ഞതോടെ അടുത്ത ഊഴം രാജീവിനായി. വിദ്യാസാഗറിന്റെ മാപ്പിള സംഗീതം കലര്‍ന്ന ചുരുക്കം ഗാനങ്ങളില്‍ ഒന്നുകൂടിയാണ് 'ആ ഒരുത്തി അവളൊരുത്തി'. 

വിദ്യാസാഗറിനൊപ്പം 'ത്രീ ഡോട്ട്‌സ്' ('മേലേ മായും', 'കുന്നിറങ്ങി', 'ഒത്തു പിടിച്ചാല്‍') ശരത്തിനൊപ്പം 'ഓട്ടര്‍ഷ', ലൂയിസ് ബാങ്ക്‌സിനൊപ്പം 'പ്രാണ', ദീപക്‌ദേവിനൊപ്പം 'ചേട്ടായിസ്', ശ്രീജിത് സച്ചിനൊപ്പം 'മധുരനാരങ്ങ,' അറോറയോടൊപ്പം 'പെരുച്ചാഴി,' ശ്രീവത്സന്‍ ജി. മേനോനോടൊപ്പം 'ലോഹം' ('മഞ്ചാടി മേഘമേ') പ്രകാശ് അലക്‌സിനൊപ്പം 'കല്യാണം,' മനോജ് ജോര്‍ജിനൊപ്പം 'വാദ്ധ്യാര്‍' തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും രചിച്ചത് രാജീവാണ്. പൃഥിരാജ് നായകനാവുന്ന 'കാളിയനാ'ണ് രാജീവിന്റെ പുതിയ ചിത്രം. 'ഇലക്കനം,' 'തിമിരകാന്തി' എന്നീ കവിത സമാഹാരങ്ങളും രാജീവിന്റേതായി പുറത്തു വന്നിട്ടുണ്ട്.

English Summary: Musical life of writer Rajeev Govind

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA