sections
MORE

നാദമയൂഖമേ... വന്ദനം; സപ്തതി നിറവിൽ കൈതപ്രം

kaithapram
SHARE

മായാമയൂരമായി പീലിനീർത്തി നിൽക്കുന്ന പ്രിയപ്പെട്ട ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സപ്തതിയുടെ നിറവിൽ. കൈതപ്രം കണ്ണാടി മനയിൽ കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായാണ് 1950 ഓഗസ്റ്റ് 4ന് കർക്കടകത്തിലെ രേവതി നക്ഷത്രക്കാരന്റെ ജനനം. വാക്കുകളുടെ പൂത്താലം വലംകയ്യിലേന്തിയ ജീവിതയാത്രയിൽ തന്റെ മാന്ത്രികവിരലുകളാൽ അദ്ദേഹം സൃഷ്ടിച്ച വരികൾ... ആ വരികളെ മലയാളികൾ തങ്ങളുടെ ആത്മാവിൻ പുസ്തകത്താളിൽ മയിൽപ്പീലിയായി ചേർത്തുവച്ചു.

‘കയ്യെത്തുംദൂരെ ഒരു കുട്ടിക്കാലം’

ഊതിക്കാച്ചി പൊന്നുരുക്കുന്ന പയ്യന്നൂർദേശം മലയാള സംഗീതപ്രേമികൾക്കു നൽകിയ പവിത്രമോതിരമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്ന കണ്ണാടി ഭാഗവതരുടെ മകൻ. കൈതപ്രത്തിന്റെ ജീവിതം സൗപർണികാനദിപോലെ അന്നുമിന്നും സംഗീതത്തിൽ അലിഞ്ഞൊഴുകുകയായിരുന്നു. ദാരിദ്ര്യവും സങ്കടങ്ങളും ഇഴചേർന്ന ബാല്യമായിരുന്നുവെങ്കിലും സംസ്കൃതപഠനവും സാഹിത്യവായനയുമൊക്കെ കുട്ടിക്കാലംതൊട്ടപ കൂട്ടിനുണ്ട്. വല്യമ്മയുടെ മകനായ നീലമന ഈശ്വരൻ നമ്പൂതിരി ലൈബ്രേറിയനായിരുന്ന മാതമംഗലം  ഭാരതി ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളിലൂടെയാണ് പുറംലോകത്തെ അടുത്തറിഞ്ഞത്. ഇടയ്ക്കു കുടുംബക്ഷേത്രത്തിലെ പൂജാരിയുമായി. 

പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം കോട്ടയം പഴശ്ശി തമ്പുരാന്റെ ശിഷ്യനായി സംഗീതപഠനം തുടങ്ങി. പിന്നീട് പൂഞ്ഞാർ കോവിലകത്തും തലശ്ശേരി പൈതൽമാഷിനു കീഴിലും തുടർന്ന് തിരുവനന്തപുരത്തും സംഗീതപഠനം. തിരുവനന്തപുരത്തെ ജീവിതത്തിനിടെ 1974ൽ ആകാശവാണിയിൽ പാടാനുള്ള അവസരം ലഭിച്ചു. നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹം’ നാടകട്രൂപ്പിനു വേണ്ടി പാട്ടുകൾ ഈണമിടുകയും പാടുകയും ചെയ്തിരുന്നു. തുടർന്ന് കവിതകൾ മലയാളത്തിലെ വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. യേശുദാസിന്റെ ‘തരംഗിണി’ക്കുവേണ്ടി എഴുതിയ ചില പാട്ടുകളാണ് സിനിമയിലേക്കുള്ള വഴി തുറന്നത്.

‘ആദ്യവസന്തമേ...’

1986ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലെ ‘ദേവദുന്ദുഭീ സാന്ദ്രലയ’മാണ് ആദ്യമെഴുതിയ ചലച്ചിത്രഗാനം. ആഭേരി രാഗത്തിൽ ജെറി അമൽദേവിന്റെ ഈണത്തിൽ പിറന്ന ആ ഗാനത്തിലൂടെ മലയാള സംഗീതത്തിൽ ഒരു സൗപർണികാനദി ഉറവയെടുക്കുകയായിരുന്നു. 350ൽ അധികം സിനിമകൾക്കാണ് കൈതപ്രം പാട്ടെഴുതിയത്. അനേകം സംഗീതസംവിധായകരുടെ പ്രിയപ്പെട്ട ഗാനരചയിതാവായി. എന്നാൽ, കൈതപ്രം – ജോൺസൺ കൂട്ടുകെട്ടിലാണ് ഏറ്റവുമധികം ഗാനങ്ങൾ പിറന്നത്. 1989ൽ ‘വരവേൽപ്’ എന്ന ചിത്രത്തിലൂടെയാണ് ജോൺസണുമായി കൈതപ്രം കൂട്ടുകൂടിയത്.

‘ഹിസ് ഹൈനസ് അബ്ദുല്ല’യിലെ ‘ദേവസഭാതലം’ എന്ന ഗാനരംഗത്തിലെ സംഗീതജ്ഞനെപ്പോലെ, മനസ്സിൽ തങ്ങിനിൽക്കുന്ന കൊച്ചുകൊച്ചു വേഷങ്ങളുമായി 13 സിനിമകളിൽ കൈതപ്രം നടനായെത്തി. സംവിധായകൻ ജയരാജിന്റെ ആദ്യസിനിമയായ ‘വിദ്യാരംഭം’ മുതൽ കൈതപ്രവും കൂടെയുണ്ട്. ‘കുടുംബസമേത’വും ‘പൈതൃക’വുമൊക്കെയായി അനേകം സിനിമകൾ. ജയരാജിന്റെ ‘സോപാനം’ എന്ന ചിത്രത്തിനു കഥയും തിരക്കഥയുമെഴുതാൻ തീരുമാനിച്ചത് 1993ൽ ഒരു മൂകാംബിക യാത്രയ്ക്കിടെയാണ്. ജയരാജിന്റെ തന്നെ ‘ദേശാടന’ത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ആ ചിത്രത്തിലെ ‘നവാമുകുന്ദ ഹരേ’ എന്ന ഗാനത്തിലൂടെ കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ പിന്നണി ഗായകനായെത്തി. 

‘ഒഴുകുകയായ് മാമ്പൂമണം..’

മലയാളസിനിമയിലെ പ്രിയപ്പെട്ട മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മകൾ ദേവിയാണ് കൈതപ്രത്തിന്റെ ഭാര്യ. ദേവദർശനും ദീപാങ്കുരനുമാണു മക്കൾ. കോഴിക്കോട് തിരുവണ്ണൂർ സ്വാതിതിരുനാൾ കലാകേന്ദ്രത്തിലൂടെ അനേകം തലമുറകൾക്കു സംഗീതം പകർന്നുകൊടുക്കുന്നുമുണ്ട്. സംഗീതചികിത്സ എന്ന ആശയത്തിന്റെ പ്രചാരണത്തിലും കൈതപ്രമാണു മുൻകയ്യെടുത്തത്. 

‘കണ്ണീർപ്പൂവിന്റെ കവിളിൽ തലോടു’മ്പോഴും ‘ഉണ്ണീ വാവാവോ’ പാടിയുറക്കുമ്പോഴും ‘നീരവഭാവം മരതകമണിയുന്ന ആ തീരഭൂവി’ന്റെ തണുപ്പുണ്ട്. പയ്യന്നൂരിലെ കൈതപ്രമെന്ന ഗ്രാമത്തെ ചുറ്റിയൊഴുകുന്ന ആ കണ്ണാടിപ്പുഴ, മലയാളത്തിന്റെ സൗപർണികാ പുണ്യമായി ഒഴുകിക്കൊണ്ടേയിരിക്കുന്നു. 

ഓഗസ്റ്റ് നാലിനാണ് രേഖകൾ പ്രകാരം പിറന്നാൾ. എന്നാൽ, നക്ഷത്രപ്രകാരം ഒൻപതിനാണ് ഇത്തവണ പിറന്നാൾ. എം.ടി.വാസുദേവൻ നായർ എന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. മൂത്ത സഹോദരനാണ് എന്റെ മനസ്സിൽ അദ്ദേഹം. വാസുവേട്ടൻ ജനിച്ചത് കർക്കടകത്തിലെ ഉത്തൃട്ടാതി ദിവസമാണ്. തൊട്ടടുത്ത നക്ഷത്രമായ, കർക്കടകത്തിലെ രേവതിയിലാണ് എന്റെ ജനനം. എന്റെ എല്ലാ പിറന്നാളിനും മൂകാംബിക ദർശനം പതിവാണ്. മൂകാംബിക അമ്മയുടെ നടയിലെത്തുമ്പോൾ വാസുവേട്ടൻ തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരിക്കും. ഒട്ടുമിക്ക പിറന്നാളിനും ഞങ്ങൾ മൂകാംബികയിൽവച്ചു കാണാറുണ്ട്. ഇത്തവണ കോവിഡും ലോക്ഡൗണും കാരണം പിറന്നാളിന് വാസുവേട്ടൻ വീട്ടിൽത്തന്നെയിരിക്കുകയാണ്. ഇക്കുറി പോകാനാവില്ലല്ലോ എന്നതാണ് എന്റെയും സങ്കടം. മകൻ ദീപാങ്കുരനും ഭാര്യയും പേരക്കുട്ടിയും വരുന്നുണ്ട്. എനിക്കുവേണ്ടി അവൻ പൂജ ചെയ്യും. അതുമാത്രമേയുള്ളൂ ഇത്തവണ ചടങ്ങ്. ലോകം മുഴുവൻ കോവിഡിന്റെ അശാന്തിയിലാണ്. സ്പതതിയാണെങ്കിലും അതുകൊണ്ട് വലിയ ആഘോഷങ്ങളൊന്നുമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA