ADVERTISEMENT

കോവിഡ് 19 സ്ഥിരീകരിച്ചെങ്കിലും ആകുലപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് അദ്ദേഹം ആരോഗ്യസ്ഥിതിയെക്കുറിച്ചു വ്യക്തമാക്കിയത്. തന്നെക്കുറിച്ചോർത്ത് ആരും ആകുലപ്പെടരുതെന്നും ഇക്കാര്യം ചോദിക്കാനായി വിഷമത്തോടെ വിളിക്കണ്ട എന്നും ഗായകൻ ആരാധകരെ അറിയിച്ചു. തികച്ചും പ്രസരിപ്പോടെയും ആരോഗ്യത്തോടെയുമാണ് എസ്.പി.ബാലസുബ്രഹ്മണ്യം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. 

 

ഇന്നലെയാണ് എസ്.പി.ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥതകൾ വിട്ടുമാറാതെ വന്നതോടെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയനായതും ഫലം പോസിറ്റീവ് ആയതും. 

 

‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ അത്ര നിസാരമായി കാണാൻ എനിക്കു തോന്നിയില്ല. അതുകൊണ്ടാണ് ആശുപത്രിയിൽ പോയതും കോവിഡ് ടെസ്റ്റ് നടത്തിയതും. അപ്പോഴാണ് ഫലം പോസിറ്റീവ് ആയത്. വളരെ ചെറിയ തോതിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു. വീട്ടിൽ തന്നെ സ്വയം സമ്പർക്കവിലക്കേർപ്പെടുത്തി കഴിഞ്ഞാൽ മതിയെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. എന്നാൽ വീട്ടുകാരുടെ സുരക്ഷയെക്കരുതിയാണ് ആശുപത്രിയിൽ പ്രവേശിക്കാൻ തീരുമാനിച്ചത്. 

 

ഞാൻ സുരക്ഷിതമായ കരങ്ങളിലാണ്. ആരോഗ്യസ്ഥിതിയും മെച്ചമാണ്. ആരും എന്നെക്കുറിച്ച് ആകുലപ്പെടേണ്ട ആവശ്യമില്ല. എനിക്ക് എങ്ങനെയുണ്ട് എന്നറിയാൻ ആരും വിഷമത്തോടെ വിളിക്കുകയും വേണ്ട. പനിയും ജലദോഷവും ഉണ്ടെന്നതൊഴികെ മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഇപ്പോൾ പനിയും കുറഞ്ഞുവരുന്നുണ്ട്. രണ്ടു ദിവസത്തിനകം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകും. തുടർന്ന് ഞാൻ വീട്ടില്‍ തന്നെ ചിലവഴിക്കും. എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചവർക്കും എന്റെ കാര്യത്തിൽ കരുതൽ എടുത്തവർക്കും നന്ദി. ഒരുപാട് ആളുകൾ എന്നെ വിളിക്കുന്നുണ്ട്. പക്ഷേ എല്ലാ കോളുകളും എടുക്കാൻ എനിക്കു സാധിക്കില്ല’, വിഡിയോയിൽ എസ്.പി.ബാലസുബ്രഹ്മണ്യം പറഞ്ഞു.  

 

English Summary: S. P. Balasubrahmanyam open up about his health condition

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com