ADVERTISEMENT

മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളായിരുന്ന മുരളിയെ അദ്ദേഹത്തിന്റെ പതിനൊന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ. മുരളിയുടെ കേവല സാന്നിധ്യം പോലും  ഫ്രെയിമിൽ കൂടെ ഉണ്ടായിരുന്ന 'താരങ്ങൾ' അടക്കമുള്ള മറ്റുള്ളവരെക്കൂടി കഴിയുന്നത്ര മികച്ച അഭിനയം പുറത്തെടുക്കുന്നവരാക്കുന്നതിനു പ്രേരിപ്പിച്ചിരിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് സമൂഹ മാധ്യമത്തിൽ അദ്ദേഹം എഴുതിയ കുറിപ്പിൽ പറയുന്നത്.

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം 

സ്ക്രീനിൽ കണ്ട മുരളി എന്ന മലയാളം ഫിലിം ആക്ടറെ ഓർക്കുമ്പോൾ കൂടെ മനുഷ്യരുടെ ഭാഗത്ത്‌ നിന്ന് ലോഹിതദാസ്‌ ,ജോൺസൺ,‌ കെ പി എ സി ലളിത, അബൂബക്കർ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവരൊക്കെ കടന്ന് വരുന്നുണ്ട്‌. മറ്റു ഇതര വിഭാഗങ്ങളിൽ നിന്നായി പാടവരമ്പ്‌,വെയിൽ,പാർട്ടി ഓഫീസ്‌,ചായക്കട, എരിഞ്ഞ്കൊണ്ടിരിക്കുന്ന ബീഡി,തെങ്ങ്‌,ഇരുട്ട്,നിഴലും വെളിച്ചവും വീണ, മുളകോ മഞ്ഞളോ‌ ഉണക്കാനിട്ട മുറ്റം,സെറ്റിട്ട തൊഴിലിടം,ശബ്ദം,ഡയലോഗ്‌ ഡെലിവറി, എന്നിവയും! കൂടാതെ,മുരളി ഫ്രെയിൽ വന്ന് ഫുൾസ്റ്റോപ്പിട്ട്‌ നിന്നതിനു ശേഷവും രണ്ട്‌ സെക്കൻറ് നേരത്തേക്ക്‌ കൂടി കിടന്നാടുന്ന അദ്ദേഹത്തെ ഇരുകൈകൾ.

പിന്നെ...ചെറുതാവട്ടെ, വലുതാവട്ടെ,പറയാനുള്ള ഡയലോഗ്‌ നേരത്തേ മനപാഠമാക്കിയതിനാൽ(ആവണം)ആ ഇറുകിയ കണ്ണുകളിലും‌,മൂക്കിൻ തുമ്പത്തും വെട്ടോടു കൂടിയ നെറ്റിയിലും‌ സ്ഫുരിച്ചിരുന്ന കോൺഫിഡൻസ്‌! അങ്ങനെ ചിലത്‌.

എന്തായാലും അദ്ദേഹത്തിന്റെ കേവല സാന്നിധ്യം പോലും  ഫ്രെയിമിൽ കൂടെ ഉണ്ടായിരുന്ന 'താരങ്ങൾ' അടക്കമുള്ള മറ്റുള്ളവരെക്കൂടി കഴിയുന്നത്ര മികച്ച അഭിനയം പുറത്തെടുക്കുന്നവരാക്കുന്നതിനു പ്രേരിപ്പിച്ചിരിക്കാനുള്ള സാധ്യത നൂറു ശതമാനമാണു.

വേറെ ഒരു മുരളിയെ കണ്ടിട്ടുള്ളത്‌ IFFK സമയത്ത്‌.‌ കൈരളിമുറ്റത്ത്‌ ,തന്റേതായ ഒരു സുഹൃദ്‌വൃത്തത്തിനുള്ളിൽ അഞ്ചോ പത്തോ മിനിട്ട്‌ നേരത്തേക്ക്‌ മാത്രം.തനിക്ക്‌ നേരെ വരാൻ സാധ്യതയുള്ള പല വിധ നോട്ടങ്ങളെക്കുറിച്ച്‌‌ അറിവുണ്ടായിരുന്നത്‌ കൊണ്ടോ മറ്റോ‌ ആ നിൽപ്പിൽ അദ്ദേഹം പുലർത്തിയ ചലനമിതത്വം കാണാൻ നല്ല അരങ്ങായിരുന്നു! അദ്ദേഹം അഭിനയിച്ച സിനിമകളിലൊന്നും കണ്ടിട്ടില്ലാത്തത്‌! 

ഓർമ്മകൾക്കു നന്ദി!

എല്ലാവരോടും സ്നേഹം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com