ADVERTISEMENT

ആരാധികയിൽ നിന്നും അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം പങ്കുവച്ച് സംഗീതസംവിധായകൻ ബിജിബാൽ. പരസ്പരം ചേർന്നു നിൽക്കുന്ന ബിജിബാലിന്റെയും ഭാര്യ ശാന്തിയുടെയും ചിത്രം വരച്ചു നൽകിയാണ് രജിഷ കെ.രാജൻ എന്ന കലാകാരിയുടെ സർപ്രൈസ്. 

 

യഥാർഥ ചിത്രം പോലെ തന്നെ അതിമനോഹരമായാണ് രജിഷ ഇരുവരെയും വരച്ചത്. ചിത്രത്തിനു മുകളിൽ ‘പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ’ എന്ന വരികളും എഴുതിയിട്ടുണ്ട്. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തില്‍ ബിജിബാൽ തന്നെ സംഗീതം നൽകിയ ഗാനമാണിത്. ചിത്രത്തിനൊപ്പം ഈ പാട്ടും പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ജീവിതകാലം മുഴുവൻ നിധി പോലെ സൂക്ഷിക്കാനുള്ള സമ്മാനം ആണിതെന്ന് ചിത്രം പോസ്റ്റ് ചെയ്ത് ബിജിബാൽ സമൂഹമാധ്യമത്തിൽ കുറിച്ചു. പിന്നാലെ കമന്റുകളുമായി ആരാധകരുമെത്തി. അപ്പോഴും അകാലത്തിൽ പൊലിഞ്ഞ ശാന്തിയുടെ ചിരിക്കുന്ന മുഖം കണ്ണീർകാഴ്ചയായി അവശേഷിക്കുകയാണ്. ജീവൻ തുടിക്കുന്നതു പോലുള്ള ഈ ചിത്രം വരച്ച കലാകാരി രജിഷയെ നിരവധി പേർ പ്രശംസിച്ചു. 

 

കഴിഞ്ഞ കുറച്ചു നാളുകളായി പല പ്രമുഖരുടെ മുഖങ്ങൾ കടലാസിലേക്കു പകർത്തുന്ന തിരക്കിലാണ് രജിഷ. എം.ജയചന്ദ്രന്‍, വിധു പ്രതാപ്, സയനോര, ഷഹബാസ് അമൻ, കൈലാസ് മേനോൻ എന്നിങ്ങനെയുള്ളവരെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. സംഗീതരംഗത്തെ പ്രതിഭകൾ മാത്രമല്ല കവിയൂർ പൊന്നമ്മയെയും കെപിഎസി ലളിതയെയും മുതൽ സുശാന്ത് സിങ് രാജ്പുതിനെ വരെ രജിഷ അസാധ്യമാം വിധം വരച്ചു. ഈ കാലാകാരിയെ അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും നിരവധി പേർ രംഗത്തു വന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com