ADVERTISEMENT

കോവിഡ് ലോക്‌ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോഴാണ് ആ വിളി വന്നത്. ഫോണിനപ്പുറത്ത് എസ്പിബി. ‘കോവിഡ് കാലമല്ലേ... എല്ലാവരും ആകെ നിരാശയിലും സങ്കടത്തിലുമല്ലേ... അവർക്കു ധൈര്യം പകരാൻ കുറച്ചു പാട്ടിറക്കണം’ – എസ്പിബി പറയുകയാണ്. 

റഫീഖ് എനിക്കൊരു ഉപകാരം ചെയ്യാമോ, ഒരു പാട്ട് എഴുതിത്തരാമോ? വളരെ വിനയത്തോടെയുള്ള അഭ്യർഥന കേട്ടപ്പോൾ എന്റെ ഉള്ളുലഞ്ഞു. എന്നെപ്പോലൊരാളോട് ഇത്രയും വിനയം ആവശ്യമുണ്ടോ അദ്ദേഹത്തിന്. 

രണ്ടുദിവസം കഴിഞ്ഞപ്പോൾ ‘ഒരുമിച്ചു നിൽക്കേണ്ട സമയം, ഇതു പൊരുതലിന്റെ, കരുതലിന്റെ സമയം..’ എന്നു തുടങ്ങുന്ന വരികൾ എഴുതിക്കൊടുത്തു. ഉടൻ നന്ദി സന്ദേശം വന്നു. പിന്നാലെ ഫോണിൽ അദ്ദേഹത്തിന്റെ ആ ശബ്ദം. വളരെ സന്തോഷമായെന്ന വാക്കുകൾ. സംഗീതം ചെയ്ത് പാടിയശേഷം അദ്ദേഹം അതിന്റെ ലിങ്കും അയച്ചു തന്നു. ഇത്ര വലിയൊരു ഗായകനിൽ നിന്നു കിട്ടിയ അംഗീകാരമായി ഞാനിപ്പോഴും അതു കരുതുന്നു.

കോവിഡ് കാലത്ത് ജനങ്ങൾ തളർന്നു പോകാതിരിക്കാൻ ഫെയ്സ്ബുക്കിലൂടെ ധാരാളം സംസാരിക്കുകയും പാടുകയും ചെയ്തയാളാണ് എസ്പിബി. കോവിഡ് തന്നെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നുവെന്നത് നൊമ്പരപ്പെടുത്തുന്നു. 

ഞാൻ പാട്ടെഴുതിത്തുടങ്ങിയ കാലത്ത് 2002ലോ മറ്റോ അദ്ദേഹം എന്റെയൊരു ഗാനം പാടിയിട്ടുണ്ട്. ജൂൺ മഴയിൽ എന്നൊരു ആൽബത്തിൽ. അതിന്റെ വരികൾ ഇപ്പോൾ ഞാൻ ഹൃദയം കൊണ്ടു  വീണ്ടും എഴുതിപ്പോകുന്നു:

‘ഒരു വേള ഇനിയും നാം കാണുകിൽ...’

എസ്പിബിയെ ഒരു വേള ഇനിയും കാണാനാകില്ലല്ലോ എന്ന സത്യത്തിന്റെ പേനത്തുമ്പ് എന്റെ ഹൃദയത്തെ പോറിമുറിക്കുന്നു.

English Summary: Rafeeq Ahammed shares memories of SPB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com