ADVERTISEMENT

ഭരതൻ സംവിധാനം ചെയ്ത ‘അമരം’ സിനിമയിലെ പാട്ടുകളുടെ റെക്കോർഡിങ് സമയം. കൈതപ്രം-രവീന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ പലതും യേശുദാസിന്റെ ഘനഗംഭീര ശബ്ദം മനസിൽ കണ്ടു ചിട്ടപ്പെടുത്തിയവയായിരുന്നു. പക്ഷേ ചിത്രത്തിന്റെ അണിയറക്കാരും യേശുദാസും തമ്മിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം പാട്ടുകളെല്ലാം മറ്റു ഗായകരെക്കൊണ്ടു പാടിക്കാൻ തീരുമാനമായി. രവീന്ദ്രനും മനസ്സില്ലാ മനസ്സോടെ അതിനു വഴങ്ങേണ്ടി വന്നു. ‘വികാര നൗകയുമായ്...’ എന്ന വികാരതീവ്രമായ ഗാനം എസ്.പി.ബാലസുബ്രഹ്മണ്യത്തെക്കൊണ്ടു പാടിക്കാനായിരുന്നു തീരുമാനം. എസ്പിബിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ കോദണ്ഡപാണി സ്റ്റുഡിയോയിൽ റിക്കോർഡിങ് തീരുമാനിച്ചു. 

പാടാൻ രാത്രിയെത്തിയ എസ്പിബി ഗാനത്തിന്റെ ട്രാക്ക് ശ്രദ്ധയോടെ കേട്ടു. പിന്നീട് രവീന്ദ്രനോടു പറഞ്ഞു; ‘ഇത് ആർക്കു വേണ്ടി ഉണ്ടാക്കിയതാണെന്നു മനസിലായി. അദ്ദേഹത്തിനേ ഇതു പാടാനാവൂ. അദ്ദേഹത്തിനെ വിളിച്ചു പാടിക്കൂ’. ആ തീർപ്പിൽ തർക്കങ്ങൾ അലിഞ്ഞു. ഉടൻ യേശുദാസിനെ വിളിച്ചു. ആ രാത്രി തന്നെ സ്റ്റുഡോയിയിലെത്തി യേശുദാസ് ഗാനം റെക്കോർഡ് ചെയ്യുകയും ചെയ്തു. മറ്റു പാട്ടുകളും യേശുദാസ് തന്നെ പാടി. അമരത്വം നേടിയ അമരത്തിലെ ആ ഗാനങ്ങളുടെ തലവര മാറ്റിയത് എസ്പിബിയുടെ വലിയ മനസായിരുന്നു. പിന്നീട് തെലുങ്കിലേക്ക് ചിത്രം മൊഴിമാറ്റിയപ്പോൾ ഇതേ ഗാനം അതിമനോഹരമായി എസ്പിബിയും ആലപിച്ചു. 

ശ്രുതിയും ലയവും പോലെയായിരുന്നു യേശുദാസും എസ്പിബിയും തമ്മിലുള്ള ലയം. യേശുദാസ് എന്ന അണ്ണനോട് എന്നും കടുത്ത ആരാധനയായിരുന്നു എസ്പിബിക്ക്. സംഗീതം ആരുടെ കീഴിലും അഭ്യസിച്ചിട്ടില്ലാത്ത അദ്ദേഹത്തിന് മാനസ ഗുരുവും ഈ ‘അണ്ണൻ’ തന്നെയായിരുന്നു. തന്റെ സംഗീത ജീവിതത്തിന്റെ സുവർണ ജൂബിലി വർഷത്തിൽ എസ്പിബി യേസുദാസിന് പാദപൂജ ചെയ്തതും ഗുരുദക്ഷിണയായിട്ടായിരുന്നു. യേശുദാസിന് ‘ബാലു’ തന്റെ അമ്മയുടെ വയറ്റിൽ പിറക്കാതെ പോയ തമ്പിയാണ്. ആദരം നിറഞ്ഞ വാൽസ്യമായിരുന്നു എന്നും. 

പാരിസിൽ ഒരു പാതിര സംഗീത പരിപാടി കഴിഞ്ഞ് വിശന്ന് വലഞ്ഞു ഹോട്ടൽ മുറിയിലെത്തിയ തനിക്ക് അടുത്ത മുറിയിൽ നിന്നും തൈര് സാദമുണ്ടാക്കി വെയിറ്ററെ പോലെ എത്തിയ ബാലുവിനെക്കുറിച്ചുള്ള രസകരമായ ഓർമ്മയും പങ്കുവച്ചിട്ടുണ്ട് യേശുദാസ്. ‘എന്റെ വിശപ്പു പോലും അറിഞ്ഞു വിളമ്പുന്ന തമ്പിയാണിത്’-യേശുദാസ് പറഞ്ഞു. സിനിമയിലായാലും വേദികളിലായാലും പാട്ടഴകുള്ള ആ സ്നേഹബന്ധം ആസ്വാദകർക്കു വിരുന്നായി. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണ്. 

‘ദാസ് അണ്ണൻ എനിക്ക് എന്നും ഒരു അത്ഭുതമായിരുന്നു. സ്വരമാധുര്യത്തിന്റെയും ശ്രുതിശുദ്ധിയുടെയും ഉദാത്തമായ പ്രതീകം. ‘ഉരിമൈക്കുരളി‘ലെ ‘വിഴിയേ കതൈ എഴുത്‘ എന്ന ഗാനം ആദ്യമായി കേട്ടപ്പോൾ സ്വയം മറന്ന് ഇരുന്നു പോയിട്ടുണ്ട് ഞാൻ.  കൂടുതൽ അടുക്കുന്നത് പത്തുവർഷത്തിനുശേഷം 1970കളുടെ ആരംഭത്തിൽ ശാരദ സ്‌റ്റുഡിയോയിൽ ഒരു ഡ്യുയറ്റ് പാടാൻ എത്തിയപ്പോഴാണ്. ’തങ്കത്തിൽ വൈരം’ എന്ന പടത്തിനുവേണ്ടി ശങ്കർഗണേഷ് ചിട്ടപ്പെടുത്തിയ ‘എൻകാതലീ യാർ സൊല്ലവാ‘ എന്ന പാട്ടാണ് ആദ്യമായി ഒരുമിച്ചു പാടിയത്. ദാസ് അണ്ണൻ ശിവകുമാറിനും ഞാൻ കമൽഹാസനും വേണ്ടി. അന്ന് ട്രാക്ക്‌സിസ്‌റ്റമൊന്നും പ്രചാരത്തിൽ വന്നിട്ടില്ല. ഒരുമിച്ച് മൈക്കിനു മുന്നിൽ നിന്നാണു പാടുക.’’ദളപതിയിലെ ‘കാട്ടുക്കുയില് മനസുക്കുള്ളു’ എന്ന ഗാനമായിരുന്നു ഈ സ്നേഹക്കൂട്ടിന്റെ രസതന്ത്രം ഒപ്പിയെടുത്ത ഗാനം.

പിന്നീട് വേദികളിൽ ഇരുവരും ഒന്നിച്ചപ്പോഴൊക്കെ ആരാധകർ കാത്തിരുന്നതും താളംതുള്ളിയതും ഈ പാട്ടിനൊപ്പമായിരുന്നു. അരുവികൂട ജതിഇല്ലാമൽ (ഗൗരീ മനോഹരീ-സംഗീതം: ഇനിയവൻ),  ആരാരോ (ദശരഥൻ-എൽ.വൈദ്യനാഥൻ) ഇരണ്ടു കൈകൾ (തൃശൂലം-എം.എസ്.വിശ്വനാഥൻ) എന്നീ ഗാനങ്ങളിൽ അപൂർവമായി  ഇരുവരും ഒന്നിച്ചു. മലയാളത്തിൽ ‘സർപ്പം’ എന്ന സിനിമയിലെ ‘സ്വർണമീനിന്റെ ചേലൊത്ത...’ ‘മഞ്ഞേവാ’ (തുഷാരം), എന്നി ഗാനങ്ങളും ഇവരുടെ സ്വരശുദ്ധിയിലുണ്ട്. മലയാളത്തിൽ ‘കിണർ’ എന്ന ചിത്രത്തിനു വേണ്ടി എം.ജയചന്ദ്രന്റെ സംഗീതത്തിൽ ‘അയ്യാ സാമി’ എന്ന ഗാനത്തിനു വേണ്ടിയാണ് ഇരുവരും അവസാനമായി ഒരുമിച്ചു പാടിയത്. 

‘സിഗരം’ എന്ന ചിത്രത്തിൽ എസ്പിബി സംഗീത സംവിധായകനായപ്പോൾ ‘അഗരം ഇപ്പോൾ സിഗരം ആച്ച്’ എന്ന മനോഹര ഗാനം പാടിച്ചതും യേശുദാസിനെക്കൊണ്ടായിരുന്നു. പോയവർഷം സിംഗപ്പൂരിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഷോയിൽ എസ്പിബിയുടെ സാനിധ്യത്തിൽ ഈ ഗാനം പാടിക്കഴിഞ്ഞ ശേഷം യേശുദാസ് പറഞ്ഞു.‘കേൾക്കാനും പാടാനും സുഖമാണെങ്കിലും ഈ മെലഡി അത്ര എളുപ്പമാണെന്ന് തോന്നരുത്. പല്ലവി കഴിഞ്ഞ് ചരണം എടുക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ. തമ്പി ഒരു നല്ല പാട്ട് ഉണ്ടാക്കി അണ്ണന് തന്നു. ഈ പാട്ട് ഒരു കാലത്തും മറക്കില്ല’

ഹൈദരാബാദിൽ ഇരുവരും ഒരുമിച്ചുള്ള ഷോയ്ക്കു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ എസ്പിബി പാട്ട് ശാസ്ത്രീയമായി അഭ്യസിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യം വന്നപ്പോൾ മറുപടി നൽകിയത് യേശുദാസ് ആയിരുന്നു.‘അദ്ദേഹം സംഗീതം അഭ്യസിച്ചിട്ടില്ലെന്ന് ആര് പറഞ്ഞു. കഴിഞ്ഞ ജന്മത്തിൽ അദ്ദേഹം നിറയെ പഠിച്ചിട്ടുണ്ടാവും. അതുകൊണ്ടാണ് ഇങ്ങനെ പാടാനാകുന്നത്. ദൈവമാണ് അദ്ദേഹത്തെക്കൊണ്ട് പാടിക്കുന്നത്’

പക്ഷേ എസ്പിബിയോട് യേശുദാസ് എന്നും ഉപദേശിച്ചിട്ടുള്ള കാര്യവും ശാസ്ത്രീയസംഗീതം അഭ്യസിക്കേണ്ടതിനെക്കുറിച്ചായിരുന്നു. 

എസ്പിബിയുടെ നാട്ടിൽ അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ചെത്തി കച്ചേരി അവതരിപ്പിച്ച യേശുദാസ് പരസ്യമായി പങ്കുവച്ച ആഗ്രഹവും അടുത്ത തവണ ഇതേ വേദിയിൽ തമ്പി കച്ചേരി പാടണമെന്നായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com