ADVERTISEMENT

കേരള സംഗീത നാടക അക്കാദമിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ നൽകിയ അപേക്ഷ തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കലാകാരനും കലാഭവൻ മണിയുടെ സഹോദരനുമായ ഡോ. ആർ എൽ വി രാമകൃഷ്ണൻ. കേരള സംഗീതനാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം പരിപാടിയിൽ അവസരം കിട്ടാനായി അപേക്ഷ സ്വീകരിക്കുന്നതിൽ തീരുമാനമാകാത്തതിനെത്തുടർന്ന് അന്വേഷിക്കാൻ ഇന്നലെ എത്തിയപ്പോഴാണ് അവസരം ലഭിക്കില്ല എന്ന് സെക്രട്ടറി അറിയിച്ചതെന്ന് രാമകൃഷ്ണൻ വെളിപ്പെടുത്തി. ലിംഗപരവും ജാതീയവുമായ വിവേചനങ്ങളാണ് തനിക്ക് നേരിടേണ്ടിവന്നതെന്ന് രാമകൃഷ്ണൻ മനോരമ ഓൺലൈനിനോട് ‌പറഞ്ഞു.

‘സാധാരണ ഗതിയിൽ അവിടെ പരിപാടികൾ നടക്കുമ്പോൾ ഞങ്ങളാരും അറിയാറില്ല. അവർ അതിനു പബ്ലിസിറ്റി കൊടുക്കാറില്ല. ഞാൻ പ്രാഥമിക വിദ്യാഭാസ്യമെല്ലാം മോഹിനിയാട്ടത്തിൽ ചെയ്ത ആളാണ്. ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, എം എ, എം ഫിൽ, യൂ ജി സി, ഡോക്ടറേറ്റ് വരെ എടുത്തു. പന്ത്രണ്ടു വർഷമായി താൽക്കാലിക അധ്യാപകനായി ജോലി ചെയ്യുകയാണ് ഞാൻ. കേരള സംഗീത നാടക അക്കാദമിയിൽ ഒരു പരിപാടി ചെയ്യണമെന്നത് എന്റെ വളരെക്കാലത്തെ ആഗ്രഹമാണ്. കഴിഞ്ഞ നാല് വർഷമായി അതിനായി കാത്തിരിക്കുന്നു. ഓരോവർഷവും അടുത്ത വർഷം ആകട്ടെ എന്ന് പറയും. കോവിഡ് കാലത്ത് ഓൺലൈൻ ടെസ്റ്റ് നടത്തുന്നു എന്നറിഞ്ഞാണ് ഞാൻ ചെയർ പേഴ്സൺ കെ പി എ സി ലളിത ചേച്ചിയെ വിളിച്ചത്. അപ്പോൾ ചേച്ചി പറഞ്ഞു അപേക്ഷ കൊടുക്കാൻ അങ്ങനെ ആണ് അവിടെ പോയത്. അപ്പോൾ സെക്രട്ടറി രാധാകൃഷ്ണൻ നായർ പറഞ്ഞു അപേക്ഷ സ്വീകരിക്കാൻ കഴിയില്ല എന്ന്.  അദ്ദേഹത്തിന്റെ ഓഫീസിൽ സെക്രട്ടറി എന്നെ ചോദ്യം ചെയ്തു, ‘സ്ത്രീകളല്ലേ മോഹിനിയാട്ടം ചെയ്യുക, നിങ്ങൾ ചെയ്താൽ എങ്ങനെയാണ് മോഹിനിയാട്ടം ആവുക എന്ന്’. ഞാൻ പഠിച്ചുവന്ന വഴിയെല്ലാം അയാളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വന്നു. അപ്പോൾ പറഞ്ഞു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കേ അവസരം ലഭിക്കൂ എന്ന്. ഞാനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളാണ്. കലാഭവൻ മണി എന്റെ ചേട്ടനാണെന്നു കരുതി എനിക്ക് പണം ഉണ്ടാകുമോ, ഞാൻ മറ്റൊരു കുടുംബത്താണ് താമസിക്കുന്നത്.  

അപ്പോൾ പറഞ്ഞു സ്ത്രീകൾക്ക് മാത്രമേ അവസരം കൊടുക്കൂ എന്ന്. കലാമണ്ഡലത്തിൽ ആണുങ്ങൾക്ക് അഡ്മിഷൻ ഇല്ലാത്തതുകൊണ്ട് സംഗീത നാടക അക്കാദമിയിലും കൊടുക്കില്ലത്രേ. ഞാൻ ലളിത ചേച്ചി വരുന്നത് വരെ അവിടെ കാത്തു നിന്നു. ലളിത ചേച്ചി എനിക്ക് വേണ്ടി സെക്രട്ടറിയുമായി ഒരുപാടു നേരം സംസാരിച്ചു. അവർ തിരിച്ചു വന്നു പറഞ്ഞത് ഒരു പ്രഭാഷണം അവതരിപ്പിക്കാൻ അവസരം തരാം, നൃത്തം അവതരിപ്പിക്കാൻ കഴിയില്ല എന്ന് സെക്രട്ടറി പറഞ്ഞു എന്നാണ്. ഞാൻ പറഞ്ഞു ഞാൻ ഒരു നർത്തകനാണ്, എനിക്ക് വേണ്ടത് നൃത്തം ചെയ്യാനുള്ള അവസരമാണ്.  ഇത്രയും നാൾ അക്കാദമിക്ക് എതിരെ വിമർശനം ഒന്നും ഉണ്ടായില്ല, ഇയാൾക്ക് അവസരം കൊടുത്താൽ വിമർശനം വരും, ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ടു അന്തിക്ക് കുടം ഉടക്കണോ?’ എന്നാണ് രാധാകൃഷ്ണൻ നായർ പറഞ്ഞതെന്ന് ലളിത ചേച്ചി അറിയിച്ചു. ഒരു കലാകാരനായ എനിക്ക് അവസരം തരുമ്പോൾ സംഗീത നാടക അക്കാദമിക്ക് അവമതിപ്പ് ഉണ്ടാകുന്നതെങ്ങനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല. 

തൃപ്പൂണിത്തുറ ആർ എം വി കോളേജിൽ പഠിച്ച വ്യക്തിയാണ് ഞാൻ. എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ മോഹിനിയാട്ടം ഒന്നാം റാങ്കിൽ പാസായിട്ടുണ്ട്. തുടർന്ന് കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിൽ എം ഫിൽ, ഡോ എം കെ ഗീതയുടെ കീഴിൽ എട്ടു വർഷം പി എച്ച് ഡി എന്നിവ ചെയ്തു. പെർഫോമിങ് ആർട്സിൽ യൂ ജി സി കിട്ടിയിട്ടുണ്ട്. ദൂരദർശൻ കേന്ദ്രം ഗ്രേഡഡ് ആര്‍ട്ടിസ്റ്റാണ് ഞാൻ. ഇതിൽ കൂടുതലൊക്കെ എന്ത് യോഗ്യതയാണ് ഇവർക്കു വേണ്ടത്? കലയോടുള്ള താല്പര്യമാണ് എന്നെ ഇവിടെ എത്തിച്ചത്, കലക്കു വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമാണ്, മറ്റുള്ളവരെ പോലെ ജോലിക്കിടയിൽ നൃത്തം ചെയ്യുന്ന ആളല്ല. ഇത് വെറുതെ വിടാൻ കഴിയില്ല, ഞങ്ങൾ കുറെ കലാകാരൻമാർ പ്രതിഷേധിക്കുക തന്നെ ചെയ്യും. ഈ ഭരണ സമിതി കയറിയതിനു ശേഷം അവരുടെ അംഗങ്ങളുടെ ശിഷ്യഗണങ്ങൾക്കു മാത്രമേ അവസരം നൽകാറുള്ളൂ. ഞങ്ങളെപ്പോലെയുള്ള കലാകാരന്മാരോട് വിവേചനമാണ് കാണിക്കുന്നത്. പട്ടികജാതിക്കാരനായ ഒരാൾക്ക് അവർ അവസരം കൊടുക്കാറില്ല.  ഇത് ലിംഗപരമായ വിഷയം മാത്രമല്ല ജാതീയമായ വിവേചനം കൂടിയാണ്. വളരെയേറെ വേദനയോടുകൂടിയാണ് ഞാനിതു പറയുന്നത്. കലക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കലാകാരന്മാരോട് ഇത്തരം വിവേചനം കാണിക്കുന്നതിനെതിരെ ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് എന്റെ തീരുമാനം.’.– ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു.

എന്നാൽ കോവിഡ് കാലത്ത് അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാനായി മന്ത്രിയുടെ അനുവാദത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും അതിൽ നാടകം മാത്രമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും സംഗീതം നൃത്തം തുടങ്ങിയ കലകളെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ പ്രതികരിച്ചു.

‘ഡോ. ആർ എൽ വി രാമകൃഷ്ണന്റെ അപേക്ഷ ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. അതിനെപ്പറ്റി സംസാരിക്കാൻ അദ്ദേഹം വന്നിരുന്നു, എന്നാൽ ശാരീരികസ്ഥിതി മോശമായതിനാൽ ഈ കോവിഡ് കാലത്ത് സന്ദർശകരെ അനുവദിക്കാറില്ല. അതുകൊണ്ടാണ് രാമകൃഷ്ണനെ കാണാൻ അനുവദിക്കാത്തത്. ചെയർ പേഴ്സൺ കെ പി എ സി ലളിതയുമായി പലകാര്യങ്ങളും ചർച്ച ചെയ്യാറുണ്ട് എന്നാൽ രാമകൃഷ്ണന്റെ അപേക്ഷയെക്കുറിച്ച് സംസാരിക്കാനുള്ള സമയമായിട്ടില്ല അതിനാൽ ചർച്ച ചെയ്തിട്ടില്ല. മോഹിനിയാട്ടത്തിന് ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന് എക്സ്പെർട്ട് പാനൽ ആണ് തീരുമാനിക്കുന്നത്. അക്കാദമിയുടെ സാമ്പത്തികനിലയും മറ്റു കാര്യങ്ങളും വിലയിരുത്തി മാത്രമേ അടുത്ത പരിപാടിയെക്കുറിച്ച് ആലോചിക്കൂ. ഇതിനിടയിൽ ഇങ്ങനെ ചില പ്രചാരണങ്ങൾ നടക്കുന്നതായി അറിഞ്ഞു, അത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല’– എൻ രാധാകൃഷ്ണൻ നായർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com