ADVERTISEMENT

അന്തരിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ സ്വരമിടറി ഗായിക കെ.എസ്.ചിത്ര. എസ്പിബിയോടുള്ള ആദരസൂചകമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിലാണ് ഗായകനെക്കുറിച്ചുള്ള മറക്കാനാകാത്ത ഓർമകള്‍ നിറ കണ്ണുകളോടെ ചിത്ര പങ്കുവച്ചത്. ഏറെ വികാരാധീനയായുള്ള ചിത്രയുടെ വാക്കുകൾ വേദിയെയും സദസ്സിനെയും കണ്ണീരണിയിച്ചു. 

‘ഇതുപോലെ ഒരു അവസ്ഥയിൽ നിന്ന് സംസാരിക്കേണ്ടി വരുമെന്ന് ഒരിക്കൽ പോലും ഞാൻ വിചാരിച്ചിട്ടില്ല. എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. ബാലു സാറിനെ ഞാനാദ്യം കാണുന്നത് 1984ൽ ‘പുന്നഗൈ മന്നന്‍’ എന്ന ചിത്രത്തിന്റെ റെക്കോർഡിങ് സമയത്താണ്. തുടർന്ന് 2015 വരെ തുടർച്ചയായി അദ്ദേഹത്തോടൊപ്പം പാട്ടുകൾ പാടി. അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒരുപാട് ഓർമകളും അനുഭവങ്ങളുമുണ്ട്. 

‘തമിഴ്, തെലുങ്ക് എന്നിങ്ങനെ ഏത് ഭാഷ ആയാലും അതെല്ലാം എങ്ങനെ ഉച്ചരിക്കണമെന്നും എങ്ങനെ എഴുതണമെന്നുമെല്ലാം എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഓരോ വാക്കുകളുടെയും അർഥവും വരികളിൽ വരേണ്ട ഭാവങ്ങളുമെല്ലാം അദ്ദേഹം പറഞ്ഞു തരുമായിരുന്നു. ഒരു പുസ്തകത്തിൽ എല്ലാം എഴുതി തന്നിട്ടുണ്ട്. ആ പുസ്തകം ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. അത് മാത്രമല്ല ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് എങ്ങനെ പെരുമാറണെന്നു പോലും സാറിൽ നിന്നു പഠിക്കാൻ സാധിച്ചു. കൂടെ ജോലി ചെയ്യുന്ന ഓർക്കസ്ട്ര ടീമിനോടുൾപ്പെടെ എങ്ങനെ പെരുമാറണമെന്ന് എസ്പിബി സാറിനെ കണ്ടാണ് ഞാൻ മനസ്സിലാക്കിയത്. 

അദ്ദേഹത്തെക്കുറിച്ച് ഒരുപാട് ഓർമകൾ ഉണ്ടെങ്കിലും ആ മനസ്സ് എത്രത്തോളം വലുതാണെന്നു തെളിയിക്കുന്ന ഒരു ഉദാഹരണം പറയാം. ഒരിക്കൽ ഞങ്ങള്‍ അമേരിക്കയിൽ ഒരു സംഗീത പരിപാടിയ്ക്കു പോയി. മൂന്ന് ദിവസം തുടർച്ചയായായിരുന്നു പരിപാടി. അതിൽ രണ്ടാം ദിവസം താമസ സ്ഥലത്ത് എത്തിയപ്പോൾ മുറികൾ വൃത്തിയാക്കുകയാണെന്നും എല്ലാവരും അൽപ നേരം കാത്തിരിക്കണമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു. അവർ പക്ഷേ എസ്പിബി സാറിനുള്ള മുറി വളരെ വേഗം ശരിയാക്കി കൊടുക്കുകയും ചെയ്തു. അപ്പോൾ സര്‍ അവരോടു പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കാനാകില്ല. ‘എനിക്ക് ഇപ്പോൾ മുറി വേണ്ട, അവർക്കു കൊടുക്കൂ. ഞാൻ മുറിയിലേക്കു പോയാൽ നിങ്ങൾ അവരെ ഗൗനിക്കില്ല. അവരെല്ലാം മുറിയിൽ പോയി വിശ്രമിച്ചതിനു ശേഷമേ ഞാൻ പോകുന്നുള്ളു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

മറ്റുള്ളവരോട് ഇത്രയും സ്നേഹവും കരുതലുമുള്ള ഇതുപോലൊരു മനുഷ്യനെ ഞാൻ മറ്റെവിടെയും കണ്ടിട്ടേയില്ല. ഓരോ തവണ കാണുമ്പോഴും ഞാൻ അദ്ദേഹത്തിന്റെ കാൽ തൊട്ട് ആശീർവാദം വാങ്ങാറുണ്ട്. സർ എവിടെയായിരുന്നാലും നന്നായിരിക്കട്ടെ, സാറിന്റെ ആശീർവാദം എപ്പോഴും എന്റെ കൂടെയുണ്ടാകണം’. ശബ്ദമിടറി ചിത്ര പറഞ്ഞു നിർത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com