ADVERTISEMENT

മുപ്പതു വർഷം മുൻപ് പ്രണയിനിയെക്കുറിച്ചെഴുതിയ പാട്ട്, അകന്നിരുന്നപ്പോൾ ആ നോമ്പരത്തിൽ നിന്നും പിറന്ന സംഗീതം. പ്രണയിനി പിന്നീട് ഭാര്യയായി ജീവിതത്തിലെത്തി. വർഷങ്ങൾ പിന്നിട്ടിട്ടും ‌അന്ന് അവൾക്കായി എഴുതിയ ആ ഗാനം അദ്ദേഹം സൂക്ഷിച്ചു വച്ചു. പറഞ്ഞു വരുന്നത് അമേരിക്കൻ മലയാളിയും സംഗീതസംവിധായകനും ഗിറ്റാറിസ്റ്റുമായ സ്റ്റീവ് മാത്തൻ എന്നയാളുടെ ജീവിതത്തെക്കുറിച്ചാണ്. ഇക്കഴിഞ്ഞ ദിവസം പിന്നണി ഗായകൻ സുദീപ് കുമാറിന്റെ ആലാപനത്തിൽ പുറത്തിറങ്ങിയ ‘അകലെയാണെങ്കിലും’ എന്നു തുടങ്ങുന്ന പാട്ട് കേട്ടവർക്കറിയാം ഈണത്തിലും ഈരടികളിലും തെളിയുന്ന പഴമയുടെ സംഗീത ചാരുത. സുദീപ് കുമാറും സ്റ്റീവും വർഷങ്ങൾക്കു മുൻപ് പരിചയപ്പെട്ടതാണ്. ഈയടുത്തകാലത്ത് സ്റ്റീവ് വിളിച്ച് ഈ പ്രണയ‌ഗീതത്തെക്കുറിച്ചു സംസാരിച്ചപ്പോൾ ഗായകന് അതിൽ ഒരു കൗതുകവും തോന്നി. സന്തോഷത്തോടെ സുഹൃത്തിനു വേണ്ടി പാടുകയും ചെയ്തു. സ്റ്റീവ് മാത്തന്റെ പ്രണയഗീതത്തെക്കുറിച്ച് സുദീപ് കുമാർ മനോരമ ഓൺലൈനിനോട്:

‘സ്റ്റീവ് മാത്തനെ ഞാൻ വർഷങ്ങൾക്കു മുൻപ് പരിചയപ്പെട്ടതാണ്. അദ്ദേഹത്തിനു വേണ്ടി പാട്ടുകൾ പാടിയിട്ടുമുണ്ട്. ഈയടുത്ത കാലത്ത് അദ്ദേഹം എന്നെ വിളിച്ച് ഈ പാട്ടിനെക്കുറിച്ചു സംസാരിച്ചു. പ്രണയിച്ചിരുന്ന കാലത്ത് സ്റ്റീവ് ഏട്ടനും അന്ന് അദ്ദേഹത്തിന്റെ കാമുകിയും ഇപ്പോൾ ഭാര്യയുമായ ജൂഡി മാത്തനും രണ്ട് നാടുകളിലായാണ് താമസിച്ചിരുന്നത്. പ്രണയകാലത്തെ നൊമ്പരമുണരുന്ന കാത്തിരിപ്പു കാലത്താണ് ഈ പാട്ടിന്റെ പിറവി. അദ്ദേഹം അടിസ്ഥാനപരമായി പാട്ടെഴുത്തുകാരനല്ല, മറിച്ച് സംഗീതസംവിധായകനാണ്. എങ്കിലും അന്ന് അദ്ദേഹം പാട്ടെഴുതുകയും പാടി പ്രണയിനിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അത് പക്ഷേ ഗായകരുടെയാരുടെയും ശബ്ദത്തിൽ പുറത്തു വന്നിരുന്നില്ല. അവർക്കിടയിൽ തന്നെ ഒതുങ്ങി. 

അടുത്ത കാലത്ത് എന്നെ വിളിച്ച് ഈ പാട്ട് പാടമോയെന്നു ചോദിച്ചപ്പോൾ സന്തോഷത്തോടെ ഞാൻ സമ്മതം പറഞ്ഞു. അദ്ദേഹം എറണാകുളത്തുള്ള നന്ദു കർത്ത എന്നയാളെ വിളിച്ച് പ്രോഗ്രാമിങ് ചെയ്യാൻ ഏൽപ്പിച്ചു. അങ്ങനെ ഞാൻ പാട്ട് പാടി. പാട്ടിന്റെ പിന്നണിയിലുള്ള ഞങ്ങളാരും പരസ്പരം കണ്ടിട്ടില്ല. എല്ലാവരും വിവിധയിടങ്ങളിലിരുന്നാണ് ഇതിന്റെ ഭാഗമായത്. പാട്ട് തിരിച്ച് അമേരിക്കയ്ക്ക് സ്റ്റീവ് ഏട്ടന് അയച്ചു കൊടുത്തു. അദ്ദേഹം അത് ജപ്പാനിലുള്ള ഉദയൻ എന്ന ഒരു സുഹൃത്തുമായി പങ്കുവച്ചു. പാട്ട് കണ്ടിഷ്ടമായപ്പോൾ അത് ജപ്പാനിൽ വച്ച് ചിത്രീകരിക്കാമെന്ന് ഉദയൻ പറഞ്ഞു. അങ്ങനെ അദ്ദേഹം തന്നെ മുൻകൈ എടുത്ത് അവിടെയുള്ള ഒരു മലയാളിക്കുട്ടിയെ അഭിനയിപ്പിച്ച് വിഡിയോ ഒരുക്കി. അങ്ങനെ വിവിധയിടങ്ങളിലിരുന്ന് ഈ പാട്ടൊരുങ്ങി. ഇപ്പോൾ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഏറെ സന്തോഷം തോന്നുന്നു’–സുദീപ് കുമാർ പറഞ്ഞു.

ജപ്പാനിൽ നിന്നും ഉദയരാജ് തോപ്പിൽ ആണ് പാട്ടിന്റെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത്. ജോമോൻ ചെങ്ങന്നൂർ തബലയിലും സാലു ജെയിംസ് ഗിറ്റാറിലും ഈണമൊരുക്കി. ആര്യ ജയപ്രകാശ് ആണ് ഗാനരംഗത്തിൽ അഭിനയിച്ചത്. മികച്ച പ്രതികരണങ്ങളാണ് ‘അകലെയാണെങ്കിലും’ എന്ന ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com