'അച്ഛന്‍ ജീവിച്ചിരിക്കുന്നതു പോലെ'; സംസ്ഥാന പുരസ്കാരത്തിന്റെ സന്തോഷം പങ്കിട്ട് ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ മകള്‍

swamy-gomathi
SHARE

കാലം കാത്തുവച്ച കാവ്യനീതി പോലെയാണ് സംഗീത ചക്രവര്‍ത്തിയായ ദക്ഷിണാമൂര്‍ത്തി സ്വാമിയെ തേടി ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിലെ ജൂറിയുടെ പ്രത്യേക പരാമര്‍ശമെത്തുന്നത്. അതും സ്വാമിയുടെ നൂറാം ജന്മവാര്‍ഷിക വര്‍ഷത്തില്‍! ഈ ലോകത്തോടു വിട പറയും മുന്‍പെ, തന്റെ തൊണ്ണൂറ്റിമൂന്നാം വയസില്‍ സ്വാമി ഈണമിട്ട ശ്യാമരാഗം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ അങ്ങനെ മറ്റൊരു അപൂര്‍വനേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. അദ്ദേഹം വിട വാങ്ങിയിട്ട് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്ന ഈ പുരസ്കാരം അത്രമേല്‍ 'സ്പെഷല്‍' ആണെന്നു പറയുകയാണ് സ്വാമിയുടെ കുടുംബം. 'അച്ഛന്‍ ജീവിച്ചിരിക്കുന്നതു പോലെ തോന്നുന്നു', പുരസ്കാരനേട്ടത്തെക്കുറിച്ച് അറിഞ്ഞതിനു ശേഷം സ്വാമിയുടെ മകള്‍ ഗോമതിയുടെ വാക്കുകള്‍!

മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഗായികയും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ മകളുമായ ഗോമതിശ്രീ അച്ഛനു ലഭിച്ച പുരസ്കാരത്തിന്റെ സന്തോഷം പങ്കുവച്ചു. "അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികത്തിലാണ് ഈ പുരസ്കാരം എത്തുന്നത്. അച്ഛന്‍ ജീവിച്ചിരിക്കുന്ന പോലെയാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ സംഗീതസപര്യയെ സാക്ഷ്യപ്പെടുത്താന്‍ എന്ന വണ്ണം ഒരു അംഗീകാരം തേടിയെത്തിയതില്‍ അതിയായ സന്തോഷം. ഇതൊരു ലൈഫ് അച്ചീവ്മെന്റ് പുരസ്കാരം അല്ലല്ലോ. ഒരു സിനിമ്ക്കു വേണ്ടി അദ്ദേഹം ഒരുക്കിയ പാട്ടുകള്‍ക്കല്ലേ പുരസ്കാരം ലഭിച്ചത്. തീര്‍ച്ചയായും അതു സ്പെഷലാണ്. മനസിനു വല്ലാത്ത സന്തോഷവും സമാധാനവും. അച്ഛന്റെ വലിയൊരു നേട്ടമായി ഞാന്‍ ഇതിനെ കരുതുന്നു," ഗോമതിശ്രീ പറഞ്ഞു.  

"ദക്ഷിണാമൂര്‍ത്തി സ്വാമി എനിക്ക് അച്ഛന്‍ മാത്രമല്ല, എന്റെ ഗുരുവും കൂടിയാണ്. തൊണ്ണൂറ്റിമൂന്നു വയസില്‍ ശ്യാമരാഗത്തിനായി പാട്ടുകള്‍ കംപോസ് ചെയ്യുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്. എല്ലാ പാട്ടുകളുടെയും റെക്കോര്‍ഡിങ്ങിനും ഞാനും അമ്മയും ഒപ്പമുണ്ടായിരുന്നു. ആ പ്രായത്തില്‍ അദ്ദേഹം ഫുള്‍ കപ്പാസിറ്റിയില്‍ ചെയ്ത പാട്ടുകളാണ് അവ. അത്രയും പ്രായത്തില്‍ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്തായാലും അദ്ദേഹത്തിന്റെ ആ പരിശ്രമത്തിന് അംഗീകാരം നല്‍കിയതില്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഒന്നാകെ നന്ദി അറിയിക്കുന്നു," ഗോമതിശ്രീയുടെ വാക്കുകളില്‍‍ സന്തോഷത്തിളക്കം. 

"ആദ്യം നന്ദി പറയേണ്ടത് ശ്യാമരാഗത്തിന്റെ സംവിധായകന്‍ സേതു ഇയ്യാലിനോടാണ്. അച്ഛന്‍ തന്നെ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ബന്ധം. ആ പ്രായത്തില്‍ അച്ഛന് അതു സാധിക്കുമോ എന്ന സംശയം ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അത്രയ്ക്കൊരു സ്നേഹമായിരുന്നു സേതു ഇയ്യാലിന് അച്ഛനോട്. ആ സ്നേഹം അച്ഛന്‍ തിരിച്ചറിഞ്ഞു. അതാണ് സമ്മതിച്ചത്. ഒരു കുട്ടിയെപ്പോലെ പ്രത്യേക കരുതലോടെയാണ് റെക്കോര്‍ഡിങ്ങിനും മറ്റും കൊണ്ടുപോയത്. അതൊന്നും മറക്കാന്‍ കഴിയില്ല. ഈ സിനിമയ്ക്ക് സ്വാമി തന്നെ ചെയ്യണമെന്ന സംവിധായകന്റെ സ്നേഹം നിറഞ്ഞ നിര്‍ബന്ധമാണ് അച്ഛനെ ഈ അപൂര്‍വനേട്ടത്തിന് അര്‍ഹനാക്കിയത്. കൂടാതെ, യേശുദാസിന്റെ കുടുംബത്തിലെ മൂന്നു തലമുറ പാട്ടുകള്‍ പാടി ചിത്രം കൂടിയാണ് ശ്യാമരാഗം. ചെന്നൈയില്‍ അതിന്റെ പ്രിവ്യൂ നടത്തിയപ്പോള്‍ ഒരുപാടു പ്രമുഖര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. അച്ഛന്റെ പാട്ടുകളെ കയ്യടികളോടെയാണ് അവര്‍ സ്വീകരിച്ചത്.  വൈകാതെ സിനിമ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു," ഗോമതിശ്രീ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA