ADVERTISEMENT

മകൻ ഗായകനാകണമെന്ന് ആഗ്രഹമില്ലെന്നും അഥവാ ആയാലും ഇന്ത്യയിൽ വേണ്ടെന്ന് തുറന്നു പറഞ്ഞതിനു പിന്നാലെ വിമർശിക്കപ്പെട്ട ഗായകൻ സോനു നിഗം പുതിയ വിശദീകരണവുമായി രംഗത്ത്. താൻ മകന്റെ ഭാവിയെക്കുറിച്ചു പറഞ്ഞ കാര്യം വളച്ചൊടിച്ചതാണെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വെളിപ്പെടുത്തിയാണ് സോനുവിന്റെ പ്രതികരണം. 

 

‘എന്റ മകൻ നീവൻ വളരെ കഴിവുള്ളവനും പോസിറ്റീവ് ചിന്താഗതിക്കാരനുമാണ്. അവന് സംഗീതത്തിൽ മാത്രമല്ല, പെയിന്റിങ്ങിലും ഗെയ്മിങ്ങിലും സംവിധാനത്തിലും എഡിറ്റിങ്ങിലുമെല്ലാം കഴിവുകളുണ്ട്. പക്ഷേ മന:പ്പൂർവം ഇൻഡസ്ട്രിയിൽ ഒരു നെപ്പോ കിഡിനു രൂപം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സിനിമാ–സംഗീത രംഗത്തെ മക്കൾ വാഴ്ചയുടെ തുടർച്ച എന്റെ മകനിലൂടെയാകരുതെന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് അവൻ ഗായകനാകണമെന്ന് ആഗ്രഹമില്ലെന്നും അഥവാ ആയാലും ഇന്ത്യയിൽ വേണ്ട എന്നും തുറന്നു പറഞ്ഞത്. 

 

സംഗീത ജീവിതം നയിക്കാൻ അവൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ആ ജീവിതം ഉൾക്കൊള്ളട്ടെ. എന്റെ ആഗ്രഹപ്രകാരം ആയിത്തീരണമെന്നും ജീവിക്കണമെന്നും എനിക്ക് അവനെ നിർബന്ധിക്കാൻ സാധിക്കില്ല. അവന് താത്പര്യമുള്ള ജീവിതമല്ലേ അവൻ തിരഞ്ഞെടുക്കേണ്ടത്. വളരെ പോസിറ്റീവ് രീതിയിലായിരുന്നു ഞാൻ അഭിമുഖത്തിൽ എന്റെ മകനെക്കുറിച്ചും അവന്റെ ഭാവിയെക്കുറിച്ചും സംസാരിച്ചത്. പക്ഷേ അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. 

 

എന്നെ സംഗീതജീവിതത്തിലേയ്ക്കു നയിച്ചത് എന്റെ മാതാപിതാക്കൾ അല്ല. സ്കൂളിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാൻ. സ്കൂളിലെ മറ്റ് എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു. മുതിർന്നപ്പോൾ സംഗീതത്തിലാണ് എന്റെ ഭാവി എന്നു ഞാൻ തിരിച്ചറിഞ്ഞു. അതറിഞ്ഞപ്പോൾ എല്ലാ പിന്തുണയും നൽകി എന്റെ മാതാപിതാക്കൾ എനിയ്ക്കൊപ്പം നിന്നു. അതുപോലെ എന്റെ മകന് എന്താണോ ആഗ്രഹം അതായിത്തീരാൻ ഞാൻ എല്ലാ പിന്തുണയും നൽകും. എന്റെ താത്പര്യം മകനിൽ അടിച്ചേൽപ്പിക്കുകയല്ല, പകരം അവന്റെ താത്പര്യത്തെ വളർത്താൻ പിന്തുണ നൽകുന്ന അച്ഛനാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതു തന്നെയാണ് ഇപ്പോൾ ചെയ്യുന്നതും’.

 

സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെത്തുടർന്ന് ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ ഉടലെടുത്തിരുന്നു. ഇന്ന് സിനിമാ രംഗത്തുണ്ടായതു പോലെ നാളെ സംഗീത മേഖലയിലും ഇത്തരം ആത്മഹത്യകൾ ഉണ്ടാകുമെന്ന് അന്ന് സോനു നിഗം മുന്നറിയിപ്പു നൽകിയിരുന്നു. ബോളിവുഡ് സംഗീതരംഗം ഭരിക്കുന്നത് രണ്ടു മാഫിയകളാണെന്നും അവർ തങ്ങളുടെ അധികാരമുപയോഗിച്ച് ആരു പാടണം പാടണ്ട എന്നു തീരുമാനിക്കുമെന്നും ഗായകൻ അന്ന് തുറന്നു പറഞ്ഞിരുന്നു. സോനുവിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരുൾപ്പെടെയുള്ളവർ രംഗത്തു വന്നു. 

 

സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചർച്ചകൾ കെട്ടടങ്ങിത്തുടങ്ങിയപ്പോഴാണ് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മകന്റെ സംഗീതഭാവിയെക്കുറിച്ച് സോനു നിഗം തുറന്നു പറഞ്ഞത്. ഗായകന്റെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി വച്ചിരുന്നു. മകൻ ഇന്ത്യയിൽ ഗായകനാകരുതെന്ന് പറഞ്ഞതാണ് പലരെയും ചൊടിപ്പിച്ചത്. തുടർന്ന് സോനു നിഗവും മകനും സമൂഹമാധ്യമങ്ങളിൽ തിരക്കേറിയ ചർച്ച വിഷയമായി മാറി. വിമർശനം പരിധി വിട്ടതോടെയാണ് ഇപ്പോൾ വിശദീകരണവുമായി ഗായകൻ രംഗത്തെത്തിയത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com