ADVERTISEMENT

അനാവശ്യ മിഥ്യാധാരണകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗായിക ജ്യോത്സ്ന. എല്ലാം തികഞ്ഞ സ്ത്രീ അല്ലെങ്കിൽ പുരുഷന്‍ എന്നതെല്ലാം വെറും സങ്കല്‍പം മാത്രമാണെന്നും അതിലെല്ലാമുപരി സാധാരണ മനുഷ്യരാണ് എല്ലാവരുമെന്നും പറയുകയാണ് ജ്യോത്സ്‌ന. പൂർണതയുള്ളവർ ആയിരിക്കാനുള്ള സമ്മര്‍ദ്ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കരുതെന്ന് ഗായിക പറയുന്നു. എല്ലാം തികഞ്ഞവരായിരിക്കാന്‍ ആർക്കും കഴിയില്ല. എല്ലാം ചെയ്യാന്‍ സാധിച്ചില്ല എന്നു കരുതി ആരും കുറഞ്ഞവരുമല്ല എന്നും ഗായിക വിശദമാക്കി. സമൂഹമാധ്യമത്തിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് ജ്യോത്സ്ന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

ജ്യോത്സ്നയുടെ സമൂഹമാധ്യമ കുറുപ്പിന്റെ പൂർണ രൂപം:

പ്രിയപ്പെട്ട സ്ത്രീകളെ,

പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് വൃത്തിയായി കിടന്നില്ലെങ്കിലോ, ആഗ്രഹിക്കുന്ന കാലത്തോളം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ കുഴപ്പമില്ല. കുട്ടികള്‍ വേണ്ടെന്ന തീരുമാനമാണ് എടുക്കുന്നതെങ്കിലും കുഴപ്പമില്ല. ജോലിത്തിരക്കു കാരണം കുട്ടിയുടെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മിസ് ചെയ്താലും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ ഒരു ഭീകര സ്ത്രീയാക്കുന്നില്ല. നിങ്ങള്‍ മനുഷ്യര്‍ മാത്രമാണ്. എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്.       

പ്രിയപ്പെട്ട പുരുഷന്മാരേ,

നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. ആഹാരത്തിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ താത്പര്യപ്പെടുന്നതില്‍ തെറ്റില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് പറയുന്നതില്‍ കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷന്‍ എന്നത് ഒരു മിഥ്യയാണ്. 

നിങ്ങളുടെ ശരീരത്തിൽ ഒരു കിലോ കൂടുന്നതോ പ്രധാനപ്പെട്ട ഏതെങ്കിലും പദ്ധതികൾ മുടങ്ങുന്നതോ ഒന്നുമല്ല നിങ്ങൾ ആരാണെന്നു നിശ്ചയിക്കുന്ന ഘടകങ്ങൾ. നിങ്ങൾ സന്തോഷമായിരിക്കുന്നുണ്ടോ എന്നത് മാത്രമാണ് കണക്കിലെടുക്കേണ്ടത്. പരിപൂർണതയിലേയ്ക്ക് എത്തിപ്പെടാൻ നിങ്ങൾക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കരുത്. ഈ വാക്കുകൾ ഇന്ന് ആർക്കെങ്കിലും പ്രചോദനമാകുമെങ്കിൽ അങ്ങനെയാകട്ടെ. 

ജ്യോത്സ്നയുടെ കുറിപ്പ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. പിന്തുണയറിയിച്ച് പ്രമുഖരുൾപ്പെടെ നിരവധി പേർ പ്രതികരണങ്ങൾ രേഖപ്പെടുത്തി. എന്തുകൊണ്ടാണ് ഗായിക ഇപ്പോൾ ഇത്തരമൊരു കാര്യത്തെക്കുറിച്ച് ഇത്രയും വിശദമായി സംസാരിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com