ADVERTISEMENT

സാലി ഗ്രാമത്തിലെ പ്രസാദ് സ്റ്റുഡിയോയിലെ ഒന്നാം നമ്പർ റെക്കോർഡിങ് മുറിയിൽ നിന്നു ഇന്നലെ പുറത്തേക്കു പോയതു 2 കണ്ടയ്നർ ട്രക്കു നിറയെ വസ്തുക്കൾ. പത്മവിഭൂഷൺ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ, സംഗീത ഉപകരണങ്ങൾ, ഈണം കുറിച്ചുവച്ച നോട്ടുപുസ്തകങ്ങൾ. ആ മുറിയുമായി ബന്ധപ്പെട്ട ഓർമകളെ പക്ഷേ, ആർക്കും ഒഴിപ്പിക്കാനാവില്ല. മണ്ണിന്റെ മണമുള്ള ഈണങ്ങളായി തമിഴകത്തെ സംഗീത പ്രേമികളുടെ മനസ്സിൽ അതു പച്ച പിടിച്ചു കിടക്കുന്നുണ്ട്.

കോടതി വ്യവഹാരങ്ങളിലേക്കു നീണ്ട അപശ്രുതിക്കു ശേഷം, മൂന്നര പതിറ്റാണ്ടുകാലം സംഗീത സംവിധാനം നിർവഹിച്ചിരുന്ന പ്രസാദ് സ്റ്റുഡിയോയിലെ മുറിയോടു ഇശൈജ്ഞാനി ഇളയരാജ വിടചൊല്ലി.  ഒറ്റ പകൽ ധ്യാനമിരിക്കാൻ അനുവദിക്കണമെന്ന ഇളയരാജയുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇന്നലെയാണു സമയം നൽകിയിരുന്നത്. ദക്ഷിണേന്ത്യൻ ഭാഷകളിൽ പുതുമയുടെ ഈണങ്ങൾ പിറന്നുവീണ ആ മുറിയിലേക്കു പക്ഷേ,   അദ്ദേഹം വന്നില്ല. പകരം അഭിഭാഷകരെത്തി വസ്തുക്കൾ ഏറ്റുവാങ്ങി. 

1970കളുടെ അവസാനമാണു പ്രസാദ് സ്റ്റുഡിയോയിലെ ഒന്നാം നമ്പർ റെക്കോർഡിങ് തിയറ്ററും ഇളയരാജയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. പിന്നീട് ഇളയരാജ റെക്കോർഡിങ് തിയറ്റർ എന്നറിയപ്പെടുന്നതിലേക്കു ബന്ധം വളർന്നു. പ്രസാദ് സ്റ്റുഡിയോ സ്ഥാപകൻ എൽ.വി.പ്രസാദും ഇളയരാജയും തമ്മിലുള്ള ആത്മബന്ധമായിരുന്നു അതിന്റെ അടിത്തറ. പ്രസാദിന്റെ പേരമകൻ സായ് ചുമതല ഏറ്റെടുത്തതോടെ കല്ലുകടി തുടങ്ങി. ഇളയരാജയ്ക്കു പ്രവേശനാനുമതി  നിഷേധിക്കുന്നിടത്തുവരെ അതെത്തി. മാനസിക പീഡനത്തിനു 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചാണു ഇളയരാജ തിരിച്ചടിച്ചത്.

നീണ്ട വ്യവഹാരങ്ങൾക്കു ശേഷം, ഒറ്റ പകൽ ധ്യാനമിരിക്കാൻ അനുവദിച്ചാൽ കേസ് അവസാനിപ്പിക്കാമെന്നു ഇളയരാജ കോടതിയിൽ പറഞ്ഞു. അങ്ങനെയാണ്, ഇന്നലെ അതിനായി സമയം അനുവദിച്ചത്. എന്നാൽ, പത്മവിഭൂഷൺ പദവി ഉൾപ്പെടെ ഇളയരാജയുടെ പുരസ്കാരങ്ങളുടെ വിലമതിക്കാനാവാത്ത വസ്തുക്കളും തറയിൽ അലക്ഷ്യമായിവച്ച നിലയിലായിരുന്നുവെന്നു അഭിഭാഷകൻ പറഞ്ഞു. റെക്കോർഡിങ് തിയറ്റർ പൊളിച്ചു നീക്കിയ നിലയിലാണ്. ഇതു കാണാനുള്ള ശക്തിയില്ലാത്തതിനാലാണു ഇളയരാജ സന്ദർശനം വേണ്ടെന്നുവച്ചതെന്നു അഭിഭാഷകൻ അറിയിച്ചു. ഒടുവിൽ, 2 കണ്ടയ്നർ ട്രക്കുകൾ നിറയെ  ഇളയരാജയുമായി ബന്ധപ്പെട്ട വസ്തുക്കൾ അദ്ദേഹത്തിന്റെ വീട്ടിലേക്കു മാറ്റി. ദക്ഷിണേന്ത്യൻ സംഗീത ചരിത്രത്തിന്റെ ഭാഗമായ ഒരു റെക്കോർഡിങ് തിയറ്റർ ഇനിയില്ല. അവിടെ പിറന്ന ഈണങ്ങളെ പക്ഷേ കുടിയിറക്കാനാവില്ലല്ലോ ? കോടിക്കണക്കിനു സംഗീത പ്രേമികളുടെ മനസ്സിൽ അവ കുടിയിരിപ്പ് തുടങ്ങിയിട്ടു വർഷങ്ങൾ എത്രയായിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com