വീണ്ടും കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയെന്ന് ശ്വേത മോഹൻ; ഹൃദയം തൊട്ട് ഡൊണാൾഡ് മാത്യുവിന്റെ ഈണം

donald-mathew
SHARE

അവളുടെ അലസമായ മുടിയിഴകൾ കാറ്റിൽ ആടിയുലയുകയായിരുന്നു. മൂകമായി അവനെ നോക്കി നിന്നപ്പോൾ അവൾ അറിയാതെ തന്നെ ആ കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാം അവസാനിപ്പിച്ചെന്ന ആത്മധൈര്യത്തിൽ തിരിച്ചു നടക്കുമ്പോഴും ഭൂതകാലത്തിലെ കയ്പേറിയ ഓർമകളും ദു:ഖഭാരവും ആ മനസ്സിൽ നിറയുന്നുണ്ടായിരുന്നു. ഒപ്പം പ്രാർഥനയുടെയും ഭക്തിയുടെയും തീക്ഷ്ണഭാവങ്ങളും. ഹൃദയസ്പർശിയായ ഈ രംഗത്തോടെയാണ് ‌‘അലിവായി നീ ആത്മാവിൽ നിറയുന്നുവോ’ എന്ന പുതിയ ഭക്തിഗാന വിഡിയോ ആരംഭിക്കുന്നത്. ക്രിസ്ത്യൻ ഭക്തിഗാനശാഖയിൽ ഏറെ ശ്രദ്ധേയനായ ഡോ.ഡൊണാൾഡ് മാത്യു വരികളൊരുക്കി സംഗീതം പകർന്ന ഗാനമാണിത്. മലയാളികളുടെ ഇഷ്ട ഗായിക ശ്വേത മോഹൻ ആലപിച്ചിരിക്കുന്നു. 

‌‘അലിവായി നീ ആത്മാവിൽ നിറയുന്നുവോ

വിമൂകമെൻ വിപഞ്ചിയിൽ

സ്വരരാഗമായ് നിറഞ്ഞുവോ

ഹൃയം നിന്നെ അറിയുന്നു എൻ ദൈവമേ...’

മികച്ച ആശയാവതരണവും ദൃശ്യഭംഗിയും വേറിട്ട ആസ്വാദന അനുഭവമാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. സ്വന്തം ഗാനം കേട്ട് വികാരാധീനയായിപ്പോയി എ​ന്നാണ് പാട്ട് റിലീസ് ചെയ്തതിനു ശേഷം ശ്വേത മോഹൻ അഭിപ്രായപ്പെട്ടത്. ഇനിയും ഇത്തരം വ്യത്യസ്തങ്ങളായ പാട്ടുകളുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഗായിക വ്യക്തമാക്കി. അരുൾദേവ് ആണ് പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചിരിക്കുന്നത്. അലൻ ജോസ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തു. ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

‘നാവിൽ എൻ ഈശോതൻ നാമം’ എന്ന മധുരഗീതം പ്രേക്ഷകർക്കരികിൽ എത്തിച്ച സംഗീതസംവിധായകനാണ് ഡൊണാൾഡ് മാത്യു. പിന്നണിഗാനരംഗത്തും സജീവമായ അദ്ദേഹം മലയാളം, തമിഴ്‌, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങളുടെ പിന്നണിയിൽ സ്വരമായിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ ‘മെല്ലെ’ എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങളൊരുക്കിയതും ഡൊണാൾഡ് മാത്യു ആണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA