ADVERTISEMENT

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിനു പിന്തുണയുമായെത്തിയ പോപ് താരം റിഹാനയെ കടന്നാക്രമിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. രാജ്യതലസ്ഥാനത്ത് തെരുവിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള റിഹാനയുടെ സമൂഹമാധ്യമ പോസ്റ്റിനു മറുപടിയുമായാണ് കങ്കണ രംഗത്തെത്തിയത്. രോഷാകുലയായി പ്രതികരിച്ച കങ്കണ റിഹാനയെ വിഡ്ഢി എന്നു വിളിച്ച് ആക്ഷേപിച്ചു.

കർഷകസമരഭൂമിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിന്റെ വാർത്ത പുറത്തു വന്നതിനു പിന്നാലെ കർഷക സമരത്തിന്റെ ചിത്രം ഉൾപ്പെടെയുള്ള ദേശീയമാധ്യമത്തിന്റെ വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു റിഹാനയുടെ പോസ്റ്റ്. എന്തുകൊണ്ടാണ് ആരും ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാത്തതെന്നായിരുന്നു കർഷകസമരം എന്ന ഹാഷ് ടാഗോടെ റിഹാന പോസ്റ്റ് ചെയ്ത്. ഇതിനു മറുപടിയുമായാണ് കങ്കണ രംഗത്തെത്തിയത്. 

‘അതെ, കർഷക സമരത്തെക്കുറിച്ച് ആരും ഒന്നും സംസാരിക്കുന്നില്ല. കാരണം, സമരം ചെയ്യുന്നവർ കർഷകരല്ല, ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ഭീകരർ ആണ് അവർ. അതോടെ ദുര്‍ബലമാകുന്ന വിഭജിത ഇന്ത്യയെ നിയന്ത്രണത്തിലാക്കാന്‍ ചൈനയ്ക്കു കഴിയുകയും ചെയ്യും. നിങ്ങളെ പോലെ രാജ്യത്തെ വില്‍ക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. വിഡ്ഢി താങ്കൾ മിണ്ടാതിരിക്കൂ’– കങ്കണ റണൗട്ട് കുറിച്ചു. 

റിഹാനയ്ക്കു നേരെയുള്ള കങ്കണയുടെ പരാമർശത്തിനെതിരെ വ്യാപകപ്രതിഷേധങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നുയരുന്നത്. പലരും നടിയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി. നിരവധി പേര്‍ റിഹാനയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ വിന്യസിച്ചും കിടങ്ങുകള്‍ കുഴിച്ചും റോഡുകളില്‍ ആണി വിതറിയും ഇന്റര്‍നെറ്റ് വിചേ്‌ഛേദിച്ചും കര്‍ഷകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് രാജ്യാന്തരതലത്തില്‍ പിന്തുണ ഏറുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com