ADVERTISEMENT

മഥുരാപുരിയിലെ സ്വപ്നവാസവദത്ത, അവളെ മോഹിക്കാത്ത പുരുഷന്മാരുണ്ടായിരുന്നില്ല. വിദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ അവളെത്തേടി വന്നു. എന്നാൽ എല്ലാവരുടെയും മനംമയക്കിയ വാസവദത്ത പ്രണയിച്ചതും കാത്തിരുന്നതും ബുദ്ധഭിക്ഷുവായ ഉപഗുപ്തനെയാണ്. പ്രണയമെന്തെന്ന് അവൾ ആദ്യമറിഞ്ഞതും ഉപഗുപ്തനിലൂടെയാണ്. കുമാരനാശാന്റെ ‘കരുണ’ എന്ന പ്രണയ കാവ്യത്തെ ആസ്പദമാക്കി ഒരു മ്യൂസിക്കൽ വിഡിയോ ഒരുക്കുമ്പോൾ വാസവദത്ത പ്രണയിച്ച ഉപഗുപ്തനായി രാഖി കൃഷ്ണയുടെ മനസ്സിൽ ഒരാളേ ഉണ്ടായിരുന്നുള്ളൂ, വെള്ളാരം കണ്ണുകളും കുസൃതി നിറഞ്ഞ മുഖഭാവവുമുള്ള യുവതാരം റോഷൻ ബഷീർ. വേറിട്ട കാഴ്ചയായി പ്രണയദിനത്തിൽ പുറത്തിറങ്ങിയ ‘കാമിതം’ എന്ന മ്യൂസിക്കൽ ആൽബത്തിൽ ഉപഗുപ്തനായി വാസവദത്തയെ മോഹിപ്പിച്ച റോഷൻ ബഷീർ മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.

‘വളരെ നാളുകളായി സുഹൃത്ത് രാഖി കൃഷ്ണ ഇങ്ങനെയൊരു മ്യൂസിക് വിഡിയോയെക്കുറിച്ചു പറയുന്നു. എന്റെ മനസ്സിൽ ഉപഗുപ്തനായി റോഷൻ ആണ് ഉള്ളത് എന്ന് രാഖി പറഞ്ഞു. പക്ഷേ എന്തുകൊണ്ടോ ഞാൻ സമ്മതം മൂളിയില്ല. ഞാൻ സിനിമ മാത്രം പാഷൻ ആക്കി നടക്കുന്ന ആളാണ്. ആൽബം ഒന്നും അങ്ങനെ ചെയ്യാറില്ല. ഞാൻ ഓക്കേ പറയാത്തതുകൊണ്ട് രാഖി മറ്റാരെയോ തിരഞ്ഞിരുന്നു, വീണ്ടും കറങ്ങിത്തിരിഞ്ഞ് എന്റെയടുത്തു തന്നെ എത്തി.  അങ്ങനെയാണ് ഞാൻ ആ പാട്ടു കേൾക്കുന്നത്. കേട്ടപ്പോൾ എനിക്ക് ഇഷ്ടമായി, അങ്ങനെ അത് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഒരാൾ കഥ പറയുന്നതുപോലെയാണ് ഇത് ചെയ്തിരിക്കുന്നത്. ആദ്യം ഞാൻ വിമുഖത കാണിച്ചെങ്കിലും ആൽബം പുറത്തുവന്നപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. നിരവധി പേര്‍ വിളിച്ച് മികച്ച അഭിപ്രായം പറയുന്നുണ്ട്. രാഖി വളരെ കഴിവുള്ള ഒരാളാണ്. ആ കഴിവിന്റെ പൂർണ്ണത വിഡിയോയിൽ കാണാനുണ്ട്. സംവിധാനം, ഛായാഗ്രഹണം, മേക്കിങ് ഒക്കെ വളരെ നന്നായിട്ടുണ്ട്. രാഖി വരികൾ എഴുതി വിദ്യാധരൻ മാസ്റ്റർ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിമനോഹരമാണ് വരികൾ. അതുപോലെ തന്നെ ലിബിൻ സ്ക്കറിയയുടെ ഹൃദ്യമായ ആലാപനം കൊണ്ട് വളരെയേറെ ശ്രദ്ധേയമാണ് ഈ ഗാനം.

ക്ലാസിക് ആയ ഒരു കാവ്യം എടുത്തു വിഷ്വലൈസ് ചെയ്യാൻ ചെറിയ ധൈര്യമൊന്നും പോരാ. പക്ഷേ രാഖി അത് വളരെ മനോഹരമായി സാക്ഷാത്കരിച്ചു. വാസവദത്ത പ്രണയിച്ച ഉപഗുപ്തനായി വേഷമിട്ടതൊക്കെ എനിക്ക് പുതിയ അനുഭവമായിരുന്നു. ഞാൻ ഇതുവരെ ചെയ്യാത്ത മേക്ക്ഓവർ. ഒരു സന്യാസിയുടെ വേഷമൊക്കെ എനിക്ക് ഇണങ്ങുമോ എന്നുള്ള കൺഫ്യൂഷൻ ഉണ്ടായിരുന്നു. പക്ഷേ വിഡിയോ കണ്ടപ്പോൾ അതൊക്കെ മാറി. ചെയ്തിരുന്നില്ലെങ്കിൽ അതൊരു നഷ്ടമായിപ്പോയേനേ  എന്നാണ് ഇപ്പോൾ തോന്നുന്നത്. വളരെയധികം കമ്മിറ്റഡായ ജോലിയോട് കൂറുള്ള ആളാണ് രാഖി കൃഷ്ണ. അതിന്റെ ഫലം വിഡിയോയിൽ കാണാനുണ്ട്. സുദീപിന്റെ മനോഹരമായ ക്യാമറ വർക്ക് കൂടിയായപ്പോൾ കാഴ്ചക്കൊരു നല്ല വിരുന്നാണ് രാഖിയും കൂട്ടരും ഒരുക്കിയിരിക്കുന്നത്. ഇത്തരമൊരു ക്ലാസ്സിക്കൽ വർക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’, റോഷൻ പറഞ്ഞു.

‘കരുണ’ എന്ന , കുമാരനാശാന്റെ വിഖ്യാത പ്രണയകാവ്യത്തെ ആസ്പദമാക്കി രാഖി കൃഷ്ണ വരികള്‍ എഴുതി വിദ്യാധരൻ മാസ്റ്റർ ഈണം നൽകിയ ഈ മ്യൂസിക്കൽ വിഡിയോയിൽ വാസവദത്തയായി അഭിനയിച്ചത് ഗോപിക അനിൽ ആണ്. മോഹൻലാൽ, അപർണ ബാലമുരളി, സംഗീത സംവിധായകൻ ശരത് എന്നിവരുടെ ഫെയ്സ്ബുക് പേജിലൂടെയാണ് പ്രണയദിനത്തിൽ ‘കാമിതം’ പുറത്തിറക്കിയത്. ഏറെ ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com