ADVERTISEMENT

പോപ് താരം ലേഡി ഗാഗയുടെ മോഷണം പോയ രണ്ടു വളർത്തു നായ്ക്കളെ തിരിച്ചു കിട്ടി. ലോസ്ആഞ്ചൽസ് പൊലീസ് ആണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രദേശവാസിയായ ഒരു യുവതിയാണ് മോഷണം പോയ നായ്ക്കളെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. നായ്ക്കളെ കണ്ടെത്തുന്നവർക്കു പ്രതിഫലമായി ലേഡി ഗാഗ അഞ്ചു ലക്ഷം ഡോളർ (മൂന്നര കോടി രൂപ) വാഗ്ദാനം ചെയ്തിരുന്നു. ഈ തുക യുവതിയ്ക്കു നൽകുമെന്ന് പൊലീസ് അറിയിച്ചു. 

ലേഡി ഗാഗയുടെ ഫ്രഞ്ച്ബുൾഡോഗ് ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കളെയാണ് ഏതാനും ദിവസങ്ങൾക്കു മുൻപു കാണാതായത്. നായ്ക്കളെ പരിചരിക്കുന്ന റയാൻ ഫിഷർ എന്ന യുവാവ് കോജി, ഗുസ്താവ്, മിസ് ഏഷ്യ എന്നീ മൂന്ന് നായ്ക്കളുമായി നടക്കാനിറങ്ങിയപ്പോഴാണ് അജ്ഞാതസംഘം നായ്ക്കളെ തട്ടിക്കൊണ്ടുപോയത്. റയാനെ വെടിവച്ചിട്ട ശേഷം സംഘം മൂന്ന് നായ്ക്കളെയും തട്ടിയെടുക്കുകയായിരുന്നു. എന്നാൽ അതിൽ മിസ് ഏഷ്യ എന്ന നായ സംഘാംഗങ്ങളുടെ കയ്യിൽ നിന്നും രക്ഷപെട്ടു. അതിനെ പൊലീസ് പിന്നീട് കണ്ടെത്തി. 

മോഷണം നടക്കുന്ന സമയത്ത് പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട് ലേഡി ഗാഗ റോമിൽ ആയിരുന്നു. നായ്ക്കളെ നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടൻ ഗാഗ ദുഃഖം അറിയിച്ച് ട്വീറ്റ് െചയ്യുകയും കണ്ടെത്തുന്നവർക്ക് പാരിതോഷികമായി മൂന്നര കോടി രൂപ വാഗ്ദാനം ചെയ്യുകയുമായിരുന്നു. ജീവൻ പണയപ്പെടുത്തിയും തന്റെ നായ്ക്കളെ രക്ഷിക്കാന്‍ ശ്രമിച്ച റയാന് നന്ദി പറയുന്നുമുണ്ട് ലേഡി ഗാഗ. നെഞ്ചിനു വെടിയേറ്റ റയാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. 

ലേഡി ഗാഗയുടെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ ആരാധകർക്ക് ഏറെ സുപരിചിതമാണ് കോജി, ഗുസ്താവ്, മിസ് ഏഷ്യ എന്നീ നായ്ക്കൾ. ഇവയുടെ ചിത്രങ്ങൾ ഗായിക ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത ടോയ് ബുൾഡോഗുകളും പാരീസിലുള്ള പ്രാദേശിക വകഭേദങ്ങളും തമ്മിലുള്ള സങ്കരയിനമാണ് ഫ്രഞ്ച് ബുൾഡോഗുകൾ. ഏറെ സൗഹൃദവും സൗമ്യതയും ഉള്ള നായ്ക്കളാണിവ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com